ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ രക്തസാക്ഷിത്വ മകുടം ചൂടിയ വിശുദ്ധ വിന്‍സെന്റ് സറഗോസ്സയിലെ ഒരു ഡീക്കന്‍ ആയിരുന്നു. 275ലെ മതപ്രഭാഷണത്തില്‍ വിശുദ്ധ അഗസ്റ്റിന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് പോലെ നാലാം നൂറ്റാണ്ടിന്റെ അവസാനംവരെ ആഫ്രിക്കയിലെ ദേവാലയങ്ങളില്‍ ഈ വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ വായിച്ചിരുന്നു. ഇപ്പോള്‍ അറിവായിട്ടുള്ളവ വിവരങ്ങള്‍ 8, 9 നൂറ്റാണ്ടുകളിലെ പാരമ്പര്യങ്ങളില്‍ നിന്ന് ശേഖരിച്ചവയാണ്.
വിശുദ്ധന്റെ രക്തസാക്ഷിത്വത്തെ കുറിച്ചുള്ള പ്രൂഡെന്റിയൂസിന്റെ ലേഖനപ്രകാരം സ്പെയിനിലെ സറഗോസയിലാണ് വിശുദ്ധന്‍ ജനിച്ചത്. യൂത്തിസിയൂസ്-എനോല എന്നായിരുന്നു വിശുദ്ധന്റെ മാതാപിതാക്കളുടെ പേര്. സറഗോസയിലെ മെത്രാനായിരുന്ന വലേരിയൂസിന്റെ കീഴില്‍ വിശുദ്ധന്‍ ഉന്നത വിദ്യാഭ്യാസം നേടി. അധികം താമസിയാതെ അദ്ദേഹം ശേമ്മാച്ചനായി (Deacon) നിയമിതനായി. സംസാര തടസ്സം ഉണ്ടായിരുന്ന മെത്രാന്‍ വിശുദ്ധനെ തന്റെ രൂപതയില്‍ പ്രഘോഷണത്തിനായി നിയമിച്ചു.
ഗവര്‍ണര്‍ ആയിരുന്ന ഡാസിയാന്റെ ഉത്തരവിന്‍മേല്‍ വിശുദ്ധനേയും അദ്ദേഹത്തിന്റെ മെത്രാനെയും ചങ്ങലകളാല്‍ ബന്ധനസ്ഥരാക്കി വലെന്‍സിയായിലെക്ക് വലിച്ചിഴച്ചു കൊണ്ടുവരികയും നീണ്ട കാലത്തേക്ക് തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. വിശുദ്ധ വിന്‍സെന്റ് ചമ്മട്ടി ഉള്‍പ്പെടെയുള്ള മാരകമായ മര്‍ദ്ദന ഉപകരണങ്ങള്‍ കൊണ്ടുള്ള പലവിധ മര്‍ദ്ദനങ്ങള്‍ക്കും വിധേയനായി. അതിനു ശേഷം കൂര്‍ത്ത ഇരുമ്പ് കഷണങ്ങള്‍ വിതറിയ അറയില്‍ അദ്ദേഹത്തെ വീണ്ടും തടവിലാക്കി. പിന്നീട് അദ്ദേഹത്തെ മൃദുവായ മെത്തയില്‍ കിടത്തി അദ്ദേഹത്തിന്റെ സ്ഥിരത നഷ്ടപ്പെടുത്തുവാന്‍ വേണ്ടി മെത്ത നിരന്തരം കുലുക്കി കൊണ്ടിരുന്നു, ഇവിടെ വെച്ചു അദ്ദേഹം ദൈവസന്നിധിയില്‍ യാത്രയായി. വിശുദ്ധന്റെ മൃതദേഹം കഴുകന്‍മാര്‍ക്ക് ഭക്ഷണമാകുവാന്‍ എറിഞ്ഞുകൊടുത്തെങ്കിലും ഒരു കാക്ക അതിനു ചുറ്റും സംരക്ഷകനായി നിലകൊണ്ടു, പിന്നീട് ഗവര്‍ണറായ ഡാസിയന്‍, വിശുദ്ധന്റെ മൃതദേഹം കടലില്‍ ഏറിഞ്ഞെങ്കിലും അത് തീരത്തടിയുകയും, ഭക്തയായ ഒരു വിധവ അത് വേണ്ടും വിധം സംസ്കരിക്കുകയും ചെയ്തു.
പില്‍ക്കാലത്ത് സഭയില്‍ സമാധാനം നിലവില്‍ വന്നതിനു ശേഷം വലെന്‍സിയായുടെ പുറത്ത് ഒരു ദേവാലയം പണികഴിപ്പിച്ചു. 1175-ല്‍ വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ലിസ്ബണില്‍ കൊണ്ടുവന്നുവെന്ന് പറയപ്പെടുന്നു. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തില്‍, തിരുശേഷിപ്പ് കാസ്ട്രെസിലേക്ക് കൊണ്ടുവന്നു എന്നാണ് പറയുന്നത്. ക്രെമോണ, ബാരി എന്നിവിടങ്ങളിലും വിശുദ്ധന്റെ തിരുശേഷിപ്പുകള്‍ ഉള്ളതായി അവകാശപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group