ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സംബന്ധിച്ച തുടർനടപടികൾ; കാലതാമസം വഞ്ചനാപരം : കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കവസ്ഥയെക്കുറിച്ച് വിശദമായ പഠനം നടത്തിയ ജസ്റ്റിസ് (റിട്ട.) ജെ.ബി. കോശി കമ്മീഷൻ മുഖ്യമന്ത്രിക്ക് മുന്നിൽ റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷത്തോളമാകുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പരിഗണിക്കുന്ന കാര്യത്തിൽ അസാധാരണമായ വിധത്തിലുള്ള കാലതാമസമാണ് ആരംഭം മുതൽ കണ്ടുവരുന്നത്. പ്രതിഷേധ സ്വരങ്ങൾ ഉയരുന്ന ഘട്ടത്തിൽ സമാശ്വാസമെന്നോണം ചില പ്രസ്താവനകൾ അധികാരികൾ നടത്തുന്നു എന്നതിനപ്പുറം ആത്മാർത്ഥമായ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പഠിച്ച്, മന്ത്രിസഭയ്ക്ക് പരിഗണിക്കാൻ കഴിയുന്ന വിധത്തിലുള്ള പ്രാഥമിക റിപ്പോർട്ട് ഒരു മാസത്തിനുള്ളിൽ നൽകണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചീഫ് സെക്രട്ടറി അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചിട്ട് ഏഴു മാസങ്ങൾ പിന്നിട്ടിരിക്കുന്നു. കമ്മിറ്റിയുടെ പഠനം പുരോഗമിക്കുകയാണെന്ന അവകാശവാദമാണ്, ചാലക്കുടി എംഎൽഎ ശ്രീ സനീഷ് കുമാർ ജോസഫിന്റെ സബ്മിഷന് മറുപടിയായി ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ശ്രീ അബ്ദുറഹിമാൻ ഒക്ടോബർ ഒമ്പതിനും നിയമസഭയിൽ ഉന്നയിച്ചത്. അത്യന്തം ഗുരുതരമായ അലംഭാവം തുടർച്ചയായി സംഭവിച്ചിട്ടും പൊള്ളയായ വാദഗതികൾ ആവർത്തിക്കുക മാത്രമാണ് ബഹു. മന്ത്രി ഉൾപ്പെടെ ചെയ്തു വരുന്നത്.

കമ്മീഷൻ റിപ്പോർട്ട് പൂർണ്ണമായ രൂപത്തിൽ പുറത്തുവിടണമെന്ന ആവശ്യം ആരംഭം മുതൽ വിവിധ കോണുകളിൽ നിന്ന് ഉയർന്നിട്ടും സർക്കാർ അതിനും തയ്യാറായിട്ടില്ല. ഈ വിഷയത്തിൽ സർക്കാർ സുതാര്യവും സത്യസന്ധവുമായ നിലപാടുകൾ സ്വീകരിക്കുകയും അടിയന്തിരമായ നടപടികൾക്ക് തയ്യാറാവുകയും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയും വേണം.

Fr. Michael Pulickal CMI Secretary, KCBC Commission for Social Harmony and Vigilance


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group