പോളണ്ട് ആഗോളസഭയ്ക്കു സമ്മാനിച്ച വിശുദ്ധ പുഷ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുനാള്‍ ദിനമാണ് ഇന്ന്.27 വര്‍ഷക്കാലം വിശുദ്ധ പത്രോസിന്റെ പിന്‍ഗാമായി ഇരുന്നു കൊണ്ട് ലോകത്തിന്റെ ധാര്‍മ്മിക കാവല്‍ക്കാരനായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെപ്പറ്റി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്‍ ജോര്‍ജ് വീഗല്‍ പറയുന്നത് ഇപ്രകാരം :’അവന്‍ നമ്മുടെ കാലത്തെ മഹാനായ ക്രിസ്തു സാക്ഷിയാണ്. യേശുക്രിസ്തുവിനും സുവിശേഷത്തിനുമായി പൂര്‍ണ്ണമായും സമര്‍പ്പിക്കപ്പെട്ട ഒരു ജീവിതമാണ് ഏറ്റവും ആവേശകരമായ മനുഷ്യജീവിതം എന്നതിന്റെ ഉദാഹരണമാണ് പാപ്പ, ‘
മാര്‍പാപ്പയുടെ ജീവിതത്തെ വീഗല്‍ വിശേഷിപ്പിക്കുന്നത് ‘ഒരു ഹോളിവുഡ് തിരക്കഥാകൃത്തും എഴുതാന്‍ ധൈര്യപ്പെടാത്ത അത്ര അസാധാരണമായ ഒരു ജീവിത കഥയാണ് ഈ മനുഷ്യന്റേത്. ഈ ജീവിത കഥ അടുത്ത 100- അല്ലെങ്കില്‍ അടുത്ത 1,000- വര്‍ഷങ്ങളള്‍ക്കുള്ള പാഠപുസ്തകമാണ്. ‘ എന്നാണ്
ഒരു വിശുദ്ധന്റെ ജീവിതം സുവിശേഷം പ്രകാശിപ്പിക്കുന്ന ഒന്നാണ്. ഈ രീതിയില്‍, വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനില്‍ സഭയ്ക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം ലഭിച്ചു. തന്റെ ജീവിതത്തിലൂടെ, മനുഷ്യരാശിക്കു ദൈവത്തിന്റെ പിതൃസ്‌നേഹത്തിന്റെ പ്രഭ കാണിച്ചു കൊടുത്തു അല്ലങ്കില്‍ അല്ലെങ്കില്‍ വിശുദ്ധ പൗലോസ് പറയുന്നതു പോലെ ‘ക്രിസ്തുവിലുള്ള ജീവിതത്തിന്റെ പുതുമ’ (റോമ. 6: 4) നമുക്കു കാണിച്ചു തന്നു.
ജീവിത രേഖ
1920 മെയ് 18 ന് പോളണ്ടിലെ വാഡോവീസില്‍ മൂന്ന് മക്കളില്‍ ഇളയവനായി കരോള്‍ ജുസെഫ് വോയ്റ്റില ജനിച്ചു. കരോള്‍ എന്നായിരുന്നു പിതാവിന്റെ പേര് അദ്ദേഹം പോളിഷ് ആര്‍മി ലെഫ്റ്റനന്റായിരുന്നു, അമ്മ എമിലിയ ഒരു സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. സ്‌നേഹനിധിയായ ഒരു കുടുംബത്തിലാണ് കരോള്‍ ജനിച്ചതെങ്കിലും, അവന്റെ ബാല്യകാലജീവിതം കഷ്ടപ്പാടുകളും നഷ്ടങ്ങളും നിറഞ്ഞതായിരുന്നു. മൂത്ത സഹോദരി ഓള്‍ഗ ശൈശവത്തില്‍ത്തന്നെ മരിച്ചു, കരോളിന് പന്ത്രണ്ട് വയസ്സായപ്പോള്‍, അമ്മ എമെലിയ വൃക്ക തകരാറിനെത്തുടര്‍ന്ന് മരിച്ചു. മൂത്ത സഹോദരന്‍ എഡ്മണ്ട് സ്‌കാര്‍ലറ്റ് പനി ബാധിച്ച് മരിച്ചു. സുഹൃത്തുക്കള്‍ക്കിടയില്‍ ലോലെക്ക് എന്നനാണ് കരോള്‍ അറിയപ്പെട്ടിരുന്നത്. 1929 മെയ് മാസം 25 നു പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു.
ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കരോള്‍ ക്രാക്കോവിലെ ജാഗിയോലോണിയന്‍ സര്‍വകലാശാലയിലും 1938 ല്‍ നാടകം പഠിപ്പിക്കുന്ന ഒരു സ്‌കൂളിലും ചേര്‍ന്നു. പോളണ്ടിലെ നാസി അധിനിവേശ സേന 1939 ല്‍ സര്‍വകലാശാല അടച്ചതിനാല്‍ കരോളിന് നാല് വര്‍ഷം ക്വാറിയില്‍ ജോലി ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ പിതാവ് 1941-ല്‍ അന്തരിച്ചു.
പൗരോഹിത്യത്തിലേക്കുള്ള തന്റെ വിളി അറിഞ്ഞ കരോള്‍ 1942-ല്‍ ക്രാക്കോവിലെ രഹസ്യ സെമിനാരിയില്‍ പഠനം ആരംഭിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ക്രാക്കോവിലെ പ്രധാന സെമിനാരി വീണ്ടും തുറന്നപ്പോള്‍ അവിടെ പഠനം തുടര്‍ന്നു. 1946 നവംബര്‍ 1 ന് പുരോഹിതനായി അഭിഷിക്തനായി 1964 ജനുവരി 13 ന് പോള്‍ ആറാമന്‍ മാര്‍പ്പാപ്പ അദ്ദേഹത്തെ ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പായും പിന്നീട് 1967 ജൂണ്‍ 26 ന് കര്‍ദിനാളായും ഉയര്‍ത്തി. 1978 ല്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട കരോള്‍ വോയ്റ്റില ഇറ്റലിക്കു പുറത്തുനിന്നു 455 വര്‍ഷത്തിനു ശേഷം നിയമിതനായ ആദ്യ മാര്‍പാപ്പയായി. 2005 ല്‍ അദ്ദേഹം അന്തരിച്ചു, ഫ്രാന്‍സിസ് മാര്‍പാപ്പ 2014 ല്‍ അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.
‘ഞാന്‍ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു ‘
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ കാലത്തു നാലു വര്‍ഷം സ്വിസ്സ് ഗാര്‍ഡായി സേവനം ചെയ്ത മാരിയോ എന്‍സ്ലര്‍ പാപ്പയുടെ ജന്മ ശതാബ്ദി പ്രമാണിച്ചു ഒരു പുസ്തം രചിക്കുകയുണ്ടായി ‘ഞാന്‍ ഒരു വിശുദ്ധനെ ശുശ്രൂഷിച്ചു ‘ I Served a Saint എന്നാണ് ആ ഗ്രന്ഥത്തിന്റെ പേര്. ഈ പുസ്തകത്തില്‍ പാപ്പയെ അഗാധമായ ദൈവ സ്‌നേഹവും വീരോചിതമായ മാതൃ ഭക്തിയും നിറഞ്ഞ വ്യക്തിയായി മാരിയോ ചിത്രീകരിക്കുന്നു. ജപമാല പാപ്പയുടെ പ്രിയപ്പെട്ട പ്രാര്‍ത്ഥനകളിലൊന്നായിരുന്നു, ജപമാലയുടെ പ്രകാശത്തിന്റെ രഹസ്യങ്ങള്‍ തിരുസഭയ്ക്കുള്ള അദ്ദേഹത്തിന്റെ സമ്മാനമാണ്.
മാരിയോ എന്‍സ്ലര്‍ 1989 ലാണ് ജോണ്‍ പോള്‍ രണ്ടാമനെ ആദ്യമായി കണ്ടുമുട്ടിയ രംഗം വിവരിക്കുന്നു. അപ്പോസ്‌തോലിക കൊട്ടാരത്തിന്റെ മൂന്നാം നിലയില്‍ ആയിരുന്നു അവന്റെ ആദ്യ നിയമനം. സ്റ്റേറ്റ് സെക്രട്ടറിയുടെ ഓഫീസിലേക്ക് പോകാന്‍ പരിശുദ്ധ പിതാവ് തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പുറപ്പെടുകയാണെന്ന് മാരിയോക്ക് ഒരു കോള്‍ ലഭിച്ചു. പാപ്പ പോകുമ്പോള്‍ സ്വിസ് ഗാര്‍ഡ് കോറിഡോറില്‍ ശ്രദ്ധയോടെ നില്‍ക്കണം, ഇടനാഴിയില്‍ ആരും ചുറ്റിക്കറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തണം അതാണ് പ്രോട്ടോക്കോള്‍. ചിലപ്പോള്‍ മാര്‍പ്പാപ്പ കാവല്‍ക്കാരോട് സംസാരിക്കാനായി നില്‍ക്കും. ഇത്തവണ മാരിയോയെ കണ്ടു പാപ്പ നിന്നു. ‘താങ്കള്‍ പുതിയ ആളാണല്ലേ’ എന്നു കുശലം ചോദിച്ചു. സ്വയം പരിചയപ്പെടുത്താന്‍ സമയം അനുവദിച്ചു . അവസാനം കൈ പിടിച്ചു ‘ശുശ്രൂഷകനെ സേവിക്കുന്ന മാരിയോ നന്ദി’ എന്നു പറഞ്ഞു അദേഹം പോയി. ശുശ്രൂഷ നേതൃത്വം എന്ന ആശയം തന്റെ ആത്മാവില്‍ പച്ചകുത്തിയ സന്ദര്‍ഭമായിരുന്നു അത് എന്നു മാരിയോ ഓര്‍ക്കുന്നു.
‘ജോണ്‍ പോള്‍ പാപ്പ ഒരു പ്രതിഭയായിരുന്നു, പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു… എന്നാല്‍ ആരെയും ആനന്ദിപ്പിക്കാന്‍ അദ്ദേഹത്തിനു നല്ല കഴിവുണ്ടായിരുന്നു. അതു ഒരു നൊബേല്‍ സമ്മാന ജേതാവോ അല്ലെങ്കില്‍ ഭവനരഹിതനായ ഒരു വ്യക്തിയോ, ഒരു രാജ്യത്തിന്റെ പ്രസിഡന്റോ മുതല്‍ ഒരു കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ അധ്യാപകനോ ആകട്ടെ പാപ്പ അതു നല്ലതുപോലെ ചെയ്തിരുന്നു.’ മാരിയോ തന്റെ പുസ്തകത്തില്‍ കുറിക്കുന്നു.
‘എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു… അത് ഒരു ആംഗ്യത്തിലോടെയോ, ഒരു വാക്കിലൂടെയോ , അല്ലെങ്കില്‍ ഒരു ആലിംഗനത്തിലൂടെയോ അതുമല്ലെങ്കില്‍ വെറുതെ ഒരു നോട്ടത്തിലൂടെയോ . അദ്ദേഹം സാധിച്ചിരുന്നു. അടുത്ത 1,000 വര്‍ഷങ്ങള്‍ ലാളിത്യം കൊണ്ടു മാത്രം പാപ്പ അറിയപ്പെടും. ‘ മാരിയോ കൂട്ടിച്ചേര്‍ത്തു.
കോവിഡ് പകര്‍ച്ച വ്യാധിയുടെ കാലത്തു എതു പ്രതിസന്ധി കാലഘട്ടങ്ങളിലും സഭയ്ക്കു അതിന്റെ നേതാക്കള്‍ക്കുമുള്ള ഉപദേശം മൂന്നു വാക്കുകളില്‍ മാരിയോ സംഗ്രഹിക്കുന്നു. മനുഷ്യനാവുക സ്ഥിരതയുള്ളവരാവുക, സൃഷ്ടിപരതയുള്ളവരാവുക (be human, be persistent, be creative) .മാരിയോയുടെ അഭിപ്രായത്തില്‍ ഈ മൂന്നു ഗുണങ്ങളും വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയില്‍ സംഗമിച്ചിരുന്നു.
വിശുദ്ധരുടെ കൂട്ടുകാരന്‍
ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വിശുദ്ധരുടെ കൂട്ടുകാരനായിരുന്നു. വിശുദ്ധ പദവി പ്രഖ്യാപനത്തില്‍ മാത്രമല്ല അവരോടു വ്യക്തിപരമായ സുഹൃദ് ബന്ധവും പാപ്പയ്ക്കു ഉണ്ടായിരുന്നു. മാര്‍പാപ്പയായുള്ള 27 വര്‍ഷത്തില്‍ 1,338 വ്യക്തികളെ വാഴ്ത്തപ്പെട്ടവരായും 482 പേരെ വിശുദ്ധരായും പാപ്പ പ്രഖ്യാപിച്ചു. കൊല്‍ക്കത്തയിലെ വി. മദര്‍ തെരേസ ജോണ്‍ പോള്‍ രണ്ടാമന്റെ പാപ്പയുടെ സുഹൃത്തും സമകാലികയും ആയിരുന്നു. 1990 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യപിച്ച പിയര്‍ ജോര്‍ജിയോ ഫ്രസതി, മാര്‍പ്പാപ്പയുടെ മറ്റൊരു സുഹൃത്തായിരുന്നു. ഫാത്തിമ ദര്‍ശനങ്ങളിലെ മൂന്നാമത്തെ കുട്ടി സി. ലൂസിയുമായി അടുത്ത ചങ്ങാത്തം ജോണ്‍ പോള്‍ രണ്ടാമനുണ്ടായിരുന്നു.
ദൈവകാരുണ്യത്തിന്റെ അപ്പസ്‌തോലയായ വിശുദ്ധ ഫൗസറ്റീനാ പാപ്പയുടെ പ്രിയപ്പെട്ട മറ്റൊരു വിശുദ്ധ ആയിരുന്നു. ദൈവകരുണയുടെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ മഹാനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ ശ്രമങ്ങള്‍ പ്രസിദ്ധമാണ് .രണ്ടാമായിരമാണ്ടില്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കുര്‍ബാന മധ്യേ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന ഞായര്‍ ദൈവകരുണയുടെ ഞായറാഴ്ചയായി പ്രഖ്യാപിച്ചു. എല്ലാ സൃഷ്ടികള്‍ക്കും ദൈവത്തിന്റെ അളവറ്റ കാരുണ്യവും സ്‌നേഹവും സംലഭ്യമാണന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്താനാണ് ദൈവകരുണയുടെ ഞായര്‍ സഭയില്‍ ആലോഷിക്കാന്‍ ആരംഭിച്ചത്. പാപ്പയുടെ മാതാപിതാക്കളും വിശുദ്ധപദവിയിലേക്കുള്ള നാമകരണ പ്രക്രിയിലാണ്. 2020 മാര്‍ച്ചില്‍ ക്രാക്കോവിലെ ആര്‍ച്ച് ബിഷപ്പ് മാരെക് ജാദ്രാസ്വെസ്‌കി അതിരൂപത ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടികള്‍ ഔദ്യോഗികമായി ആരംഭിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group