ഗർഭച്ഛിദ്രത്തിന് കൂട്ടു നിൽക്കാത്തതിൽ ജോലി നഷ്ടപ്പെട്ട നേഴ്സിന് അനുകൂലവിധി

ഗർഭച്ഛിദ്രത്തിന് കൂട്ടു നിൽക്കാത്തതിൽ ജോലിയിൽനിന്ന് മാറ്റി നിറുത്തുകയും പിന്നീട് ജോലിയിൽനിന്ന് പുറത്തുപോകേണ്ടിയും വന്ന നഴ്‌സിന് പ്രാദേശിക ഭരണകൂടം 3.74 ലക്ഷം (374,000) ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് യു.എസിലെ കോടതി. പരാതിക്കാരിയായ സാന്ദ്രാ മെൻഡോസ റോജസിന്റെ മനസാക്ഷി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്നു ചൂണ്ടിക്കാട്ടി ഇല്ലിനോയിസിലെ വിചാരണ കോടതി ഇക്കഴിഞ്ഞ ദിവസമാണ് വിൻബാഗോ കൗണ്ടിക്കെതിരെ വിധി പ്രഖ്യാപിച്ചത്. കേസുമൂലം ഉണ്ടായ നഷ്ടങ്ങൾക്കും അഭിഭാഷകരുടെ ഫീസിനുമായാണ് തുക നൽകുക. കൂടാതെ റോജസിനുള്ള നഷ്ടപരിഹാരമായി 2,500 ഡോളർ നൽകാൻ 2021 ഒക്‌ടോബറിൽ ഇതേ കോടതി ഉത്തരവിട്ടിരുന്നു.

ഗർഭച്ഛിദ്രത്തിന് റഫർ ചെയ്യാൻ വിസമ്മതിച്ചിരുന്ന റോജസിനോട്‌ ഗർഭച്ഛിദ്രത്തെ സഹായിക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങളിൽ പരിശീലനം നേടാൻ 2015ൽ വിൻബാഗോ കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് നിർദേശിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇത് തന്റെ മതവിശ്വാസത്തെയും മനഃസാക്ഷി സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കത്തോലിക്കാ വിശ്വാസിയായ റോജസ് നിർദേശത്തെ എതിർത്തതോടെ ഏതാണ്ട് മൂന്നാഴ്ചക്കാലം അവളെ ജോലിയിൽനിന്ന് മാറ്റിനിറുത്തി. പിന്നീട് നഴ്‌സിംഗ് ഇതര ജോലിയിലേക്ക് തരംതാഴുത്തി. ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ സമ്മർദത്തെ തുടർന്ന്, 18 വർഷത്തോളം പീഡിയാട്രിക് നഴ്‌സായിരുന്ന റോജസ് ജോലിയിൽനിന്ന് പിരിഞ്ഞുപോരാൻ നിർബന്ധിതയായി.

നിയമപരമായി തനിക്ക് നൽകേണ്ട സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ‘അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം’ (എ.ഡി.എഫ്) എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ റോജസ് കോടതിയെ സമീപിക്കുകയായിരുന്നു. നിയമപരമായി സംരക്ഷിക്കേണ്ട റോജസിന്റെ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടെന്നും ജോലിയിൽനിന്ന് നീക്കം ചെയ്യാതെ ആരോഗ്യവകുപ്പിന് റോജസിന്റെ എതിർപ്പുകൾ ന്യായമായും ഉൾക്കൊള്ളാമായിരുന്നുവെന്നും അസന്നിഗ്ദ്ധമായി വിലയിരുത്തിക്കൊണ്ടാണ് കോടതി അനുകൂല വിധി പ്രഖ്യാപിച്ചത്. പ്രസ്തുത വിധി ഇല്ലിനോയിസിലെ എല്ലാ ആരോഗ്യപരിപാലന വിദഗ്ധരുടെയും വിജയമാണെന്ന് ‘എ.ഡി.എഫ് ഇന്റർനാഷണൽ’ സീനിയർ അറ്റോർണി കെവിൻ തെരിയോട്ട് പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group