July 08: കന്യകയായിരുന്ന വിശുദ്ധ വിത്ത്ബര്‍ഗ്

രാജാവായിരുന്ന അന്നാസിന്റെ നാല് പെണ്‍മക്കളില്‍ ഏറ്റവും ഇളയവളായിരുന്നു വിത്ത്ബര്‍ഗ്. ചെറുപ്പത്തില്‍ തന്നെ ദൈവീകസേവനത്തോട് വിശുദ്ധക്ക് ഒരു പ്രത്യേക സ്നേഹം തന്നെയുണ്ടായിരുന്നു. നോര്‍ഫോക്കിലെ സമുദ്രതീരത്തിനടുത്തുള്ള ഹോള്‍ഖാമിലുള്ള തന്റെ പിതാവിന്റെ തോട്ടത്തില്‍ നിരവധി വര്‍ഷങ്ങളോളം വിശുദ്ധ കഠിനമായ ജീവിതരീതികളുമായി ഏകാന്തവാസം നയിച്ചിരുന്നു. പില്‍ക്കാലത്ത് ‘വിത്ത്ബര്‍ഗ്സ്റ്റോ’ എന്നറിയപ്പെട്ട പ്രസിദ്ധമായ ദേവാലയം ഇവിടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

തന്റെ പിതാവിന്റെ മരണത്തിനു ശേഷം വിശുദ്ധ തന്റെ താമസം ഡെറെഹാം എന്നറിയപ്പെടുന്ന മറ്റൊരു തോട്ടത്തിലേക്ക് മാറ്റി. ആ കാലത്ത് ഏതാണ്ട് വിജനമായി കിടന്നിരുന്ന ഈ സ്ഥലം ഇന്ന് നോര്‍ഫോക്കിലെ അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമാണ്. വിത്ത്ബര്‍ഗ് അവിടെ ദൈവഭക്തിയുള്ള കുറച്ച് കന്യകമാരെ ഒരുമിച്ച് കൂട്ടുകയും ഒരു ദേവാലയത്തിനും, കന്യകാമഠത്തിനും അടിത്തറയിടുകയും ചെയ്തു. എന്നാല്‍ അവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ വിശുദ്ധ ജീവിച്ചിരുന്നില്ല. 743 മാര്‍ച്ച് 17ന് വിശുദ്ധ മരണപ്പെട്ടു.

ഡെറെഹാമിലെ ദേവാലായാങ്കണത്തിലാണ് വിശുദ്ധയെ ആദ്യം അടക്കം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് 55 വര്‍ഷങ്ങള്‍ക്ക് ശേഷവും വിശുദ്ധയുടെ മൃതദേഹത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലായെന്ന് കണ്ടതിനാല്‍ അത്‌ ദേവാലയത്തിലേക്ക് മാറ്റി. ഈ സംഭവത്തിന് ശേഷം 176 വര്‍ഷങ്ങള്‍ കഴിഞ്ഞ് 974-ല്‍ ബ്രിത്ത്നോത്ത് എഡ്ഗാര്‍ രാജാവിന്റെ സമ്മതത്തോട് കൂടി അത് ഏലിയിലേക്ക് മാറ്റുകയും അവളുടെ രണ്ട് സഹോദരിമാരുടെ മൃതദേഹങ്ങള്‍ക്കരികിലായി അടക്കം ചെയ്യുകയും ചെയ്തു.

1106-ല്‍ ആ നാല് വിശുദ്ധകളുടേയും ഭൗതീകാവശിഷ്ടങ്ങള്‍ പുതിയൊരു ദേവാലയത്തിലേക്ക്‌ മാറ്റി. അവിടുത്തെ അള്‍ത്താരക്ക് സമീപം സ്ഥാപിച്ചു. വിശുദ്ധകളായ സെക്‌സ്ബുര്‍ഗായുടേയും, എര്‍മെനില്‍ഡായുടേയും മൃതദേഹങ്ങളുടെ അസ്ഥികള്‍ ഒഴികെ ബാക്കിയെല്ലാം പൊടിയായി മാറി. വിശുദ്ധ ഓഡ്രീയുടെ മൃതദേഹം പൂര്‍ണ്ണമായും യാതൊരു കുഴപ്പവും കൂടാതെ ഇരുന്നു; വിശുദ്ധ വിത്ത്ബര്‍ഗിന്റെ മൃതദേഹമാകട്ടെ യാതൊരു കുഴപ്പവും കൂടാതെ ഇരിക്കുക മാത്രമല്ല ഒട്ടും തന്നെ പഴക്കം തോന്നാത്ത അവസ്ഥയിലുമായിരുന്നു.

വെസ്റ്റ്‌മിനിസ്റ്ററിലെ ഒരു സന്യാസിയായിരുന്ന വാര്‍ണര്‍ വിശുദ്ധയുടെ മൃതദേഹത്തിന്റെ കൈകളും, കാലുകളും, പാദങ്ങളും വിവിധ ദിശകളില്‍ ചലിപ്പിച്ച് ജനങ്ങള്‍ക്ക് കാണിച്ചുകൊടുത്തു. 1094-ല്‍ തന്റെ സഭയെ നോര്‍വിച്ചിലേക്ക് മാറ്റിയ തെറ്റ്ഫോര്‍ഡിലെ മെത്രാനായിരുന്ന ഹെര്‍ബെര്‍ട്ട് ഉള്‍പ്പെടെ നിരവധി വിശിഷ്ട വ്യക്തികള്‍ ഇതിനു ദൃക്സാക്ഷികളായിരുന്നു. 1107-ല്‍ എഴുതിയ ഒരു പുസ്തകത്തിലൂടെ ഏലിയിലെ ഒരു സന്യാസിയായിരുന്ന തോമസ്‌ ആണ് ഇക്കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group