ദേവാലയങ്ങള്‍ പുനരുദ്ധരിക്കുവാനും, ആശ്രമങ്ങള്‍ സ്ഥാപിക്കുവാനുമായി തന്നെത്തന്നെ സമര്‍പ്പിച്ച ഒരു രാജാവായിരുന്നു ഹെന്രി രണ്ടാമന്‍. തന്റെ ജീവിതാവസാനം വരെ ഒരു മഹാനായ വിശുദ്ധന് വേണ്ട നന്മകള്‍ അദ്ദേഹം കാത്തു സൂക്ഷിച്ചു. തന്റെ ഭാര്യയായിരുന്ന കുനെഗുണ്ടായോടൊപ്പം വിശുദ്ധനാണ് ബാംബെര്‍ഗ് രൂപത സ്ഥാപിച്ചത്. 1024-ല്‍ വിശുദ്ധന്‍ മരിച്ചപ്പോള്‍ വിശുദ്ധനെ അവിടത്തെ കത്രീഡ്രലിലാണ് അടക്കം ചെയ്തത്. 15 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭക്തയായിരുന്ന ഭാര്യയേയും വിശുദ്ധന്റെ സമീപം തന്നെ അടക്കം ചെയ്തു.
ബാവരിയായിലെ നാടുവാഴിയും, ജെര്‍മ്മനിയിലെ രാജാവും, റോമന്‍ ചക്രവര്‍ത്തിയുമായിരുന്നു വിശുദ്ധന്‍. പക്ഷേ താല്‍ക്കാലികമായ ഈ അധികാരങ്ങളിലൊന്നും സംതൃപ്തിവരാതെ, അനശ്വരനായ രാജാവിനോടുള്ള പ്രാര്‍ത്ഥനവഴി നിത്യതയുടെ കിരീടം നേടുവാനാണ് വിശുദ്ധന്‍ ആഗ്രഹിച്ചത്. ഒരു ചക്രവര്‍ത്തി എന്ന നിലയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കുവാനായി വിശുദ്ധന്‍ വളരെയേറെ ഉത്സാഹത്തോട് കൂടി പരിശ്രമിച്ചു. അവിശ്വാസികളാല്‍ നശിപ്പിക്കപ്പെട്ട പല മഹാ ദേവാലയങ്ങളും വിശുദ്ധന്‍ പുനരുദ്ധരിക്കുകയും, അവക്ക് വേണ്ട സാമ്പത്തിക സഹായങ്ങളും ആവശ്യമായ ഭൂമിയും നല്‍കുകയും ചെയ്തു. ആശ്രമങ്ങളും മറ്റ് ഭക്ത സ്ഥാപനങ്ങളും വിശുദ്ധന്‍ സ്ഥാപിക്കുകയും, മറ്റുള്ളവയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. തന്റെ സ്വന്തം കുടുംബ സ്വത്തുകൊണ്ടാണ് വിശുദ്ധന്‍ ബാംബെര്‍ഗിലെ രൂപതാ ഭരണകാര്യാലയം നിര്‍മ്മിച്ചത്.
പാപ്പായോട് വളരെയേറെ വിധേയത്വമുള്ളവനായിരുന്നു വിശുദ്ധന്‍. ഹെന്രിയെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്ത ബെനഡിക്ട് എട്ടാമന്‍ വിശുദ്ധന്റെ പക്കല്‍ അഭയം തേടിയപ്പോള്‍ വിശുദ്ധന്‍ അദ്ദേഹത്തെ സംരക്ഷിക്കുകയും അദ്ദേഹത്തിന്റെ സഭാധികാരം തിരികെ കൊടുക്കുകയും ചെയ്തു. മോണ്ടെ കാസ്സിനോ ആശ്രമത്തില്‍ വെച്ച് വിശുദ്ധന് ഹെന്രിക്ക് കലശലായ രോഗം പിടിപ്പെട്ടപ്പോള്‍ വിശുദ്ധ ബെനഡിക്ടാണ് അദ്ദേഹത്തെ അത്ഭുതകരമായി സുഖപ്പെടുത്തിയത്. കത്തോലിക്കാ സഭയുടെ സംരക്ഷണാര്‍ത്ഥം വിശുദ്ധന്‍ ഗ്രീക്ക്കാര്‍ക്കെതിരെ യുദ്ധത്തിനു പോലും സന്നദ്ധനായി. അതേതുടര്‍ന്ന് അപുലിയ കീഴടക്കുകയും ചെയ്തു. എന്ത് കാര്യം ചെയ്യുന്നതിനും മുന്‍പ് പ്രാര്‍ത്ഥിക്കുന്ന പതിവ് വിശുദ്ധനുണ്ടായിരുന്നു.
പല അവസരങ്ങളിലും, കര്‍ത്താവിന്റെ മാലാഖമാരും, രക്തസാക്ഷികളും, തന്റെ മാദ്ധ്യസ്ഥരും തനിക്ക് വേണ്ടി സൈന്യത്തിന്റെ മുന്‍പില്‍ നിന്ന് യുദ്ധം ചെയ്യുന്നതായി വിശുദ്ധന്‍ കണ്ടിട്ടുണ്ടെന്ന് പറയുന്നു. ഇത്തരത്തിലുള്ള ദൈവീക സഹായത്തോടെ അവിശ്വാസികളുടെ രാജ്യങ്ങളെ വിശുദ്ധന്‍ ആയുധത്തേക്കാളുപരിയായി പ്രാര്‍ത്ഥന കൊണ്ട് കീഴടക്കി. ഹംഗറിയും ആ സമയത്ത് അവിശ്വാസികളുടെ രാജ്യമായിരുന്നു. പക്ഷേ ഹെന്രി തന്റെ സഹോദരിയെ അവിടത്തെ രാജാവായിരുന്ന സ്റ്റീഫന് വിവാഹം ചെയ്തതോടെ അദ്ദേഹവും ജ്ഞാനസ്നാനം സ്വീകരിക്കുകയും, അതേതുടര്‍ന്ന് ആ രാജ്യം മുഴുവനും ക്രിസ്തീയ വിശ്വാസത്തിലേക്ക് വരികയും ചെയ്തു. വിവാഹിതനായിരുന്നുവെങ്കില്‍ പോലും ഹെന്രിയുടെ വിശുദ്ധിക്ക് യാതൊരു കളങ്കവും സംഭവിച്ചിരുന്നില്ല. വിശുദ്ധന്റെ മരണത്തോടെ അദ്ദേഹത്തിന്റെ പത്നിയും കന്യകയുമായിരുന്ന വിശുദ്ധ കുനിഗുണ്ടാ സ്വന്തം ഭവനത്തിലേക്ക് പോയി.
തന്റെ സാമ്രാജ്യത്തിന്റെ നേട്ടത്തിനും, മഹത്വത്തിനും വേണ്ട എല്ലാക്കാര്യങ്ങളും വളരെയേറെ ദീര്‍ഘവീഷണത്തോട് കൂടിതന്നെ വിശുദ്ധന്‍ ചെയ്തു. ഗൗള്‍, ഇറ്റലി, ജെര്‍മനി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ക്രിസ്തുമതത്തോടുള്ള തന്റെ ഉദാരതയുടെ അടയാളങ്ങള്‍ അവശേഷിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വീരോചിതമായ നന്മയുടെ പരിമളം പരക്കെ പ്രചരിച്ചു, തന്റെ രാജകീയ പദവിയേക്കാള്‍ കൂടുതലായി തന്റെ വിശുദ്ധിയാലാണ് ഹെന്രി അറിയപ്പെടുന്നത്. അവസാനം വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി, സ്വര്‍ഗ്ഗീയ രാജ്യമാകുന്ന സമ്മാനം നല്‍കുന്നതിനായി ദൈവം വിശുദ്ധനെ തിരികെ വിളിച്ചു. 1024-ലാണ് വിശുദ്ധന്‍ മരണപ്പെട്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group