ജര്‍മ്മനിയിലെ സ്വാബിയായില്‍ മിസെല്‍ ബാച്ച് കുടുംബത്തിലായിരുന്നു ഓട്ടോയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വൈദികനായി. തുടര്‍ന്ന് ഹെന്‍ട്രി നാലാമന്‍ ചക്രവര്‍ത്തിയുടെ ചാന്‍സലറായി നിയമിക്കപ്പെട്ടു. അക്കാലത്ത് ചക്രവര്‍ത്തിയും റോമായിലെ ശ്ലൈഹിക സിംഹാസനവും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന സമയമാണ്. ഈ വിഷമഘട്ടത്തില്‍ ചക്രവര്‍ത്തിയെ തെറ്റായ നീക്കങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ അദ്ദേഹം ബോധപൂര്‍വ്വം യത്‌നിച്ചു. 1102-ല്‍ ചക്രവര്‍ത്തി ഓട്ടോയെ ബാംബെര്‍ഗ്ഗിലെ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തുവെങ്കിലും അന്നത്തെ മാര്‍പാപ്പാ ആയിരുന്ന പാസ്‌ക്കല്‍ രണ്ടാമന്റെ അംഗീകാരം നേടിയതിനു ശേഷമാണ് സ്ഥാനാഭിഷിക്തനായത്. ഹെന്‍ട്രി നാലാമന്റെ കാലംകഴിഞ്ഞ് സ്ഥാനാരോഹണം ചെയ്ത പുത്രന്‍ ഹെന്‍ട്രി അഞ്ചാമനും അനുരഞ്ജനത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുകയുണ്ടായില്ല. ചക്രവര്‍ത്തി കുടുംബവും ശ്ലൈഹികസിംഹാസനവും തമ്മില്‍ നൂറ്റാണ്ടുകളായി നിലനിന്നു പോന്ന ബന്ധശൃംഖലയിലെ അറ്റുപോയ കണ്ണികളെ കൂട്ടിയിണക്കുവാന്‍ ഓട്ടോ അപ്പോഴും പണിപ്പെടുകയായിരുന്നു. വ്യക്തിപരമായ ഗുണവിശേഷങ്ങളും ജീവിതവിശുദ്ധിയും മൂലം ഓട്ടോ തന്റെ ഉദ്യമങ്ങളിലെല്ലാം ഒരു പരിധിവരെ വിജയം നേടി. അതിനിടയില്‍ അജപാലനപരമായ തന്റെ കര്‍ത്തവ്യങ്ങളെല്ലാം പരമാവധി വിശ്വസ്തതയോടു കൂടി നിറവേറ്റി. നാട്ടില്‍ ധാരാളം സന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയും സന്യാസിമാരുടെ സഹകരണത്തോടു കൂടി ദൈവജനത്തിന്റെ ആധ്യാത്മികനവീകരണത്തിന് ഉപകരിക്കുന്ന ഫലപ്രദമായ നൂതനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുകയും ചെയ്തു.1124-ല്‍ ഓട്ടോ, വിഗ്രഹാരാധകരുടെയിടയില്‍ സുവിശേഷം പ്രസംഗിക്കുവാന്‍ ഒരു സംഘം വൈദികരെയും പ്രേഷിതപ്രവര്‍ത്തകരെയും കൂട്ടിക്കൊണ്ട് പൊമറാനിയായിലേയ്ക്കു പോയി. അവിടത്തെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 20,000-ലധികം ആളുകള്‍ ജ്ഞാനസ്‌നാനം സ്വീകരിച്ചു. അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് അവിടെ വൈദികരെ നിയോഗിച്ചതിനു ശേഷം ഓട്ടോ, ബാംബെര്‍ഗ്ഗിലേക്കു മടങ്ങി. വിശ്രമമില്ലാതെ ജോലി ചെയ്ത ഓട്ടെ 1139-ല്‍ നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group