ജൂലൈ 21: ബ്രിന്റിസിലെ വിശുദ്ധ ലോറൻസ്

1559 ജൂലൈ 22-ാം തീയതി ഇറ്റലിയിലെ ബ്രിന്റിസി എന്ന സ്ഥലത്താണ് വി. ലോറൻസ് ജനിച്ചത്. ചെറുപ്പം മുതലേ ക്രൈസ്തവ വിശ്വാസത്തിൽ വളർന്നുവന്ന ലോറൻസ്, തന്റെ പതിനാറാമത്തെ വയസിലാണ് കപ്പൂച്ചിൻ സഭയിൽ ചേരുന്നത്. ക്രിസ്തീയപുണ്യങ്ങളുടെ വിളനിലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പാദുവാ സർവ്വകലാശാലയിൽ നിന്ന് തത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും പൂർത്തിയാക്കിയ ലോറൻസ് 1583-ൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.
വിശുദ്ധഗ്രന്ഥ പണ്ഡിതനായി അറിയപ്പെട്ടിരുന്ന ലോറൻസ് – ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമ്മൻ, സ്പാനിഷ്, ഫ്രഞ്ച്, ബൊഹീമിയൻ എന്നീ ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. ഹീബ്രൂ ഭാഷയിൽ അദ്ദേഹത്തിനുണ്ടായിരുന്ന അസാമാന്യ സാമർത്ഥ്യം മനസിലാക്കിയ ക്ലെമന്റ് എട്ടാമൻ പാപ്പാ, അദ്ദേഹത്തെ യൂദന്മാരുടെ ഇടയിൽ സുവിശേഷം പ്രചരിപ്പിക്കുന്നതിനായി നിയോഗിച്ചു. അവിടെ അനവധി ജനങ്ങളെ അദ്ദേഹം മാനസാന്തരത്തിലേയ്ക്ക് നയിച്ചു.
അനന്തരം അദ്ദേഹം ആസ്ത്രിയായിലേക്ക് പോയി. അവിടെ അദ്ദേഹത്തിന്റെ ദൗത്യം അത്ര എളുപ്പമായിരുന്നില്ല. കാരണം, ചക്രവർത്തിയുൾപ്പെടെ ഒരു പ്രബലവിഭാഗം ലോറൻസിന് എതിരായിരുന്നു. പക്ഷേ, അദ്ദേഹം തെല്ലും നിരാശനാകാതെ ദൈവത്തിൽ ശരണപ്പെട്ടുകൊണ്ട് തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. അധികം താമസിയാതെ തന്നെ ലോറൻസിന് ചക്രവർത്തിയെ സ്വാധീനിക്കാനായി. മാത്രമല്ല, ഛിന്നഭിന്നമായി കിടന്നിരുന്ന ക്രൈസ്തവസേനയെ ഒന്നിപ്പിക്കുക എന്ന ദൗത്യം ചക്രവർത്തി ലോറൻസിനെ ഏല്പിക്കുകയും ചെയ്തു.
ഏതാണ്ട് ഈ അവസരത്തിലാണ് തുർക്കികൾ ഹംഗറിയുടെ കുറേ ഭാഗം പിടിച്ചടക്കിയത്. ഏകദേശം 80,000-ഓളം വരുന്ന തുർക്കിപടയ്‌ക്കെതിരെ പതിനെണ്ണായിരത്തോളം ക്രിസ്ത്യൻ പോരാളികളുമായി ലോറൻസ് പടപൊരുതി. ഒരു ക്രൂശിതരൂപം കൈയിൽ പിടിച്ചുകൊണ്ട് കുതിരപ്പുറത്തിരുന്ന് അദ്ദേഹം ക്രൈസ്തവയോദ്ധാക്കളെ നയിച്ചു. അധികം താമസിയാതെ തന്നെ ക്രൈസ്തവസൈന്യം തുർക്കികളുടെ മേൽ സമ്പൂർണ്ണവിജയം നേടി. യുദ്ധവിജയത്തിനു ശേഷം അദ്ദേഹം സ്വന്തം ആശ്രമത്തിലേയ്ക്ക് തിരികെപ്പോയി.
കുറച്ചുനാളുകൾക്കു ശേഷം അദ്ദേഹം കപ്പൂച്ചിൻ സഭയുടെ പൊതുശ്രേഷ്ഠനായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് പല അവസരങ്ങളിലും മാർപാപ്പായുടെ പ്രതിനിധിയായി യൂറോപ്പിലെ പല രാജ്യങ്ങളിലും അദ്ദേഹം നിയോഗിക്കപ്പെട്ടു. 1619 ജൂലൈ 22-ാം തീയതി തന്റെ 60-ാമത്തെ വയസിൽ ലോറൻസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group