July 22: വിശുദ്ധ മഗ്ദലന മറിയം

മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്.

എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും വരികയും പാപ പങ്കിലമായ ജീവിതം നയിച്ചതിനു ശേഷം യേശുവിന്റെ ശിഷ്യയുമായി തീര്‍ന്ന മഗ്ദലന മറിയം ഒന്ന്‍ തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ഐതിഹ്യം തലമുറകളായി മഗ്ദലന മറിയത്തെ “അനുതാപത്തിന്റെ മാതൃക”യായി ആദരിക്കുന്നതെന്ന കാര്യം വിശദീകരിക്കുന്നു.

യേശുവിന്റെ പുനരുത്ഥാനത്തിന് ശേഷം അവിടുത്തെ ദര്‍ശനം ലഭിച്ച ആദ്യത്തെ സാക്ഷിയാണ് മഗ്ദലന മറിയം, അവള്‍ യേശുവിന്റെ ഏറ്റവും പ്രിയപ്പെട്ട ശിക്ഷ്യയായിരുന്നു. ദുഃഖവെള്ളിയാഴ്ച ദിവസം ഉച്ചകഴിഞ്ഞ് പരിശുദ്ധ മാതാവിനോടൊപ്പം മഗ്ദലന മറിയവും യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ നില്‍പ്പുണ്ടായിരുന്നു. ആ കഠിനമായ മണിക്കൂറുകളില്‍ പോലും അവള്‍ മാതാവിന്റെ പാര്‍ശ്വത്തില്‍ നിലകൊണ്ടു. ഉത്ഥാന ദിവസം രാവിലെ, മറ്റുള്ള സ്ത്രീകള്‍ക്കൊപ്പം മഗ്ദലന മറിയവും യേശുവിന്റെ കല്ലറയില്‍ പോയി. കല്ലറക്ക് സമീപം പൂന്തോട്ടത്തില്‍ വെച്ച് യേശു അവള്‍ക്ക് പ്രത്യക്ഷപ്പെട്ടു.

യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന കാര്യം അപ്പസ്തോലന്‍മാരെ അറിയിച്ചത് മഗ്ദലന മറിയമാണ്. തുടര്‍ന്നാണ് പത്രോസും, യോഹന്നാനും എന്താണ് സംഭവിച്ചതെന്നറിയുവാന്‍ കല്ലറയിലേക്കോടുന്നത്. കഫര്‍ണാമിനും, തിബേരിയാസിനും ഇടയില്‍ ഗലീലി കടല്‍ തീരത്തുള്ള ഒരു മുക്കുവ ഗ്രാമമായ മഗ്ദലനയില്‍ നിന്നുമാണ് അവള്‍ വരുന്നത്. “മഹാ പാപിനി” എന്ന നിലയിലാണ് അവള്‍ അറിയപ്പെട്ടിരുന്നത്. തെരുവുകളിലൂടെ അലഞ്ഞ അവള്‍ ദൈവത്തിന്റെ കാരുണ്യത്തേക്കുറിച്ചും, പാപ മോചനത്തേക്കുറിച്ചും യേശു പ്രസംഗിക്കുന്നത് കേട്ടതിനു ശേഷം തന്റെ ജീവിതം നവീകരിച്ചു.

വിശുദ്ധ മഗ്ദലന മറിയം മഹത്തായ സ്നേഹത്തിന്റേയും, ക്ഷമയുടേയും ഒരുത്തമ ഉദാഹരണമായിരുന്നു. യേശുവിനോടു ചേര്‍ന്നിരുന്നുകൊണ്ട്, മനുഷ്യരോടുള്ള ദൈവത്തിന്റെ സ്നേഹത്തിന്റെ സത്യത്തെ ഗ്രഹിക്കുകയും, ആ സ്നേഹത്തിനു സാക്ഷ്യം വഹിക്കുവാന്‍ തന്റെ ജീവിതം മുഴുവനും ചിലവഴിച്ചവളുമാണ് വിശുദ്ധ മഗ്ദലന മറിയം. വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ഏറ്റവും നിഗൂഡമായ ഒരു തിരുനാളായിട്ടാണ് പരിഗണിച്ചു വരുന്നത്. മഗ്ദലന മറിയത്തെ എവിടെയാണ് അടക്കം ചെയ്തിരിക്കുന്നത് എന്ന് ആര്‍ക്കും അറിവില്ല. ഐതീഹ്യമനുസരിച്ച്, അവള്‍ തന്റെ ജീവിതത്തിലെ അവസാന നാളുകള്‍ ചിലവഴിച്ച ഫ്രാന്‍സിലെ പ്രോവെന്‍സിലെ ഗുഹയില്‍ വെച്ചാണ് വിശുദ്ധ മരണപ്പെട്ടതെന്നാണ് ഐതിഹ്യം.

മാരിടൈം ആല്‍പ്സിലെ വിശുദ്ധ മാക്സിമിന്‍ ദേവാലയത്തിലാണ് അവളുടെ ഭൗതീക ശരീരം ഉള്ളതെന്നൊരഭിപ്രായമുണ്ട്. മറ്റൊരഭിപ്രായമനുസരിച്ച്, യേശുവിന്റെ ഉയിര്‍പ്പിന് ശേഷം വിശുദ്ധ യോഹന്നാന്റെ കൂടെ അവള്‍ എഫേസൂസിലേക്ക് പോയെന്നും അവളെ അവിടെത്തന്നെയാണ്‌ അടക്കം ചെയ്തിരിക്കുന്നതെന്നുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group