1430ലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. സഹാഗണിലെ പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിലെ സന്യാസിമാരാണ് വിശുദ്ധ ജോണിന് ആദ്യകാല വിദ്യഭ്യാസം നല്‍കിയത്. വിശുദ്ധന്റെ പിതാവായിരുന്ന ഡോണ്‍ ജുവാന്‍ ഗോണ്‍സാലെസ് ഡി കാസ്ട്രില്ലോ, ജോണിന് ഒരു മൂലധനമെന്നനിലയില്‍ സഭാസ്വത്തില്‍ നിന്നും വരുമാനം ലഭിക്കാവുന്ന ഒരു പദവി തരപ്പെടുത്തികൊടുത്തിരുന്നു. വിശുദ്ധന് 20 വയസ്സായപ്പോള്‍ ബുര്‍ഗോസിലെ മെത്രാനും, സഹാഗണിലെ ആശ്രമാധിപനും വിശുദ്ധന്റെ ആത്മീയ സേവനങ്ങള്‍ക്ക് പ്രതിഫലമായി നാലോളം സഭാസ്വത്തുക്കളുടെ വരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം കൂടി വിശുദ്ധന് നല്‍കി. അദ്ദേഹത്തിന്റെ കുടുംബം വളരെയേറെ സ്വാധീനമുള്ളതായിരുന്നുവെന്നതും, വിശുദ്ധ ജോണിന്റെ മഹാത്മ്യം അവര്‍ മനസ്സിലാക്കിയിരുന്നുവെന്നതുമായിരുന്നു അതിനുള്ള കാരണം. 1453-ല്‍ വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിക്കുന്ന സമയത്ത് ബുര്‍ഗോസില്‍ നിന്നുമായി അഞ്ചോളം സഭാസ്വത്തുക്കളില്‍ നിന്നുമുള്ള വരുമാനം സ്വീകരിക്കുന്നതിനുള്ള അവകാശം വിശുദ്ധന് ലഭിച്ചിരുന്നു. മെത്രാന്റെ വസതിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യസ്ഥനായിരുന്നു വിശുദ്ധന്‍.
മെത്രാന്റെ മരണത്തിന് ശേഷം വിശുദ്ധന്‍ നിത്യവും വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും, പാവങ്ങള്‍ക്ക് വേദോപദേശം പകര്‍ന്നുകൊടുക്കുകയും ചെയ്തു കൊണ്ടിരിന്നു. അദ്ദേഹം തന്റെ ജീവിതം സമൂല പരിവര്‍ത്തനത്തിനു വിധേയമാക്കി. തന്റെ കയ്യിലുള്ള ആ ഒരു വരുമാനം കൊണ്ട് വിശുദ്ധന്‍ സലമാങ്കായിലെ സര്‍വ്വകലാശാലയില്‍ ചേര്‍ന്ന് ദൈവശാസ്ത്ര പഠനം ആരംഭിച്ചു. ആ വിദ്യാഭ്യാസം വിശുദ്ധന് സെന്റ് ബര്‍ത്തലോമിയോ കോളേജില്‍ വൈദിക സേവനം ചെയ്യുന്നതിനും അടുത്തുള്ള സെന്റ് സെബാസ്റ്റ്യന്‍ ഇടവക വളരെ കാര്യപ്രാപ്തിയോട് കൂടി നോക്കിനടത്തുന്നതിനുള്ള ആത്മവിശ്വാസവും നല്‍കി.
വളരെയേറെ വിഭജനങ്ങളും, കുറ്റവാളികളും നിറഞ്ഞ ഒരു സ്ഥലമായിരുന്നു സലാമാങ്ക. ഈ സാഹചര്യം അവിടത്തെ ജനങ്ങള്‍ക്കിടയില്‍ അനുതാപത്തെകുറിച്ചും, മാനസാന്തരത്തെ കുറിച്ചും പ്രഘോഷിക്കുവാനുള്ള ധാരാളം അവസരം വിശുദ്ധന് നല്‍കി. വിശുദ്ധന്‍ തന്റെ സുവിശേഷപ്രഘോഷണങ്ങള്‍ക്ക് ശേഷം വിശ്വാസികൾക്ക് കുമ്പസാരത്തിലൂടെ വ്യക്തിപരമായ പല ഉപദേശങ്ങളും നല്‍കിവന്നു. മനുഷ്യരുടെ ഉള്ളിരിപ്പ് വായിക്കുന്നതിനുള്ള ഒരു സവിശേഷമായ കഴിവ് വിശുദ്ധനുണ്ടായിരുന്നു. ഇത് ആളുകളെ കുമ്പസാരിപ്പിക്കുമ്പോള്‍ വിശുദ്ധന് സഹായകമായി. പതിവായി പാപം ചെയ്യുന്ന ആളുകള്‍ക്ക് പാപവിമോചനം നല്‍കുന്ന കാര്യത്തില്‍ വിശുദ്ധന്‍ വളരെയേറെ കാര്‍ക്കശ്യം കാണിച്ചു.
കൂടാതെ തങ്ങളുടെ ദൈവനിയോഗത്തിനു ചേരാത്ത വിധം പ്രവര്‍ത്തിക്കുന്ന പുരോഹിതന്‍മാരുടെ കാര്യത്തിലും വിശുദ്ധന്‍ വളരെയേറെ കാര്‍ക്കശ്യമുള്ളവനായിരുന്നു. വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ വിശുദ്ധന്റെ ഭക്തിയും ആവേശവും വിശ്വാസികളെ ഏറെ സ്വാധീനിച്ചിരുന്നു. വാസ്തവത്തില്‍, വിശുദ്ധ കുര്‍ബാന മദ്ധ്യേ വിശുദ്ധന് യേശുവിന്റെ തിരുശരീരം കാണുവാന്‍ കഴിഞ്ഞിരുന്നതായി പറയപ്പെടുന്നു. തന്റെ പ്രാര്‍ത്ഥനകളും, മറ്റ് ഭക്തിപൂര്‍വ്വമായ പ്രവര്‍ത്തികളും കാരണം ദൈവം വിശുദ്ധന്റെ ആത്മാവില്‍ നിറച്ച അനുഗ്രഹങ്ങള്‍ അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണങ്ങളിലൂടെ പുറത്തേക്കൊഴുകി.
1463-ല്‍ വിശുദ്ധന് മാരകമായ രോഗം പിടിപ്പെട്ടതിനേതുടര്‍ന്ന് വിശുദ്ധന്‍ സലമാങ്കായിലെ ഓഗസ്റ്റീനിയന്‍ സെമിനാരിയില്‍ ചേരുവാനായി അപേക്ഷിക്കുകയും, തുടര്‍ന്ന് 1464 ഓഗസ്റ്റ് 28ന് സന്യാസവൃതം സ്വീകരിക്കുകയും ചെയ്തു. അധികം താമസിയാതെ വിശുദ്ധന്‍ അവിടത്തെ സന്യാസാര്‍ത്ഥികളുടെ അധ്യാപകനായി മാറി, അതോടൊപ്പം തന്നെ തന്റെ സുവിശേഷ പ്രഘോഷണം തുടരുകയും ചെയ്തു. അനുരജ്ഞനത്തിനു വേണ്ടിയുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. 1476-ല്‍ വിശുദ്ധന്റെ എതിര്‍ ചേരിക്കാര്‍ ഒരു സമാധാന കരാറില്‍ ഒപ്പുവച്ചു. ആ സമയമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ സന്യാസസമൂഹത്തിന്റെ പ്രിയോര്‍ ആയി നിയമിതനായിരുന്നു.
അല്‍ബാ ഡി ടോര്‍മെസില്‍ വെച്ച് അവിടത്തെ ഉന്നത പ്രഭു ഏര്‍പ്പാടു ചെയ്ത രണ്ട് തസ്കരന്‍മാരില്‍ നിന്നും വിശുദ്ധന്റെ ജീവന് ഭീഷണിയുണ്ടായി. മര്‍ദ്ദകരും, അടിച്ചമര്‍ത്തല്‍കാരുമായ പ്രഭുക്കന്മാരുടെ ചെയ്തികളെ വിശുദ്ധന്‍ വിമര്‍ശിച്ചതായിരുന്നു അതിനു കാരണം. എന്നാല്‍ വിശുദ്ധന്റെ സമീപത്തെത്തിയപ്പോള്‍ ആ തസ്കരന്‍മാര്‍ക്ക് പശ്ചാത്താപമുണ്ടാവുകയും, അവര്‍ തങ്ങളുടെ തെറ്റുകള്‍ ഏറ്റു പറഞ്ഞ് വിശുദ്ധനോട് മാപ്പപേക്ഷിക്കുകയും ചെയ്തു. വിശുദ്ധന്റെ ആഴമായ സഭപ്രബോധനങ്ങള്‍ മൂലം അദ്ദേഹത്തോട് മറ്റൊരാള്‍ക്കും പകയുണ്ടായി.
വിഷപ്രയോഗം കൊണ്ടാണ് വിശുദ്ധന്‍ മരണപ്പെട്ടതെന്നു പറയപ്പെടുന്നു. 1479-ല്‍ വിശുദ്ധ ജോണ്‍ തന്റെ സ്വന്തം മരണം മുന്‍കൂട്ടി പ്രവചിച്ചു, അതേ വര്‍ഷം തന്നെ അത് സംഭവിക്കുകയും ചെയ്തു. സലമാങ്കാ നിവാസിയായിരുന്ന ഒരു സ്ത്രീയുടെ രഹസ്യകാമുകന്‍ വിശുദ്ധന്റെ പ്രബോധനങ്ങള്‍ കേട്ട് മാനസാന്തരപ്പെട്ടിരിന്നു. അതിന്റെ പക തീര്‍ക്കുവാനായി ആ സ്ത്രീ വിശുദ്ധന് വിഷം നല്‍കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. 1601-ല്‍ വിശുദ്ധ പദവിക്കായി ജോണിനെ നാമകരണം ചെയ്യപ്പെടുകയും, 1690-ല്‍ വിശുദ്ധനായി പ്രഖ്യാപിക്കുകകയും ചെയ്തു.
വിശുദ്ധ ജോണിന്റെ നിര്‍ഭയപൂര്‍വ്വമുള്ള സുവിശേഷ പ്രഘോഷണം കാരണം സലമാങ്കായിലെ സാമൂഹ്യ ജീവിതത്തില്‍ എടുത്ത് പറയേണ്ട മാറ്റങ്ങള്‍ ഉണ്ടായി; ഇക്കാരണത്താല്‍ വിശുദ്ധന് ‘സലമാങ്കായിലെ അപ്പസ്തോലന്‍’ എന്ന പ്രസിദ്ധമായ വിശേഷണം ലഭിക്കുകയുണ്ടായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group