June 30: വിശുദ്ധ പീറ്റർ ക്രിസോലോഗസ്

400-ൽ ഇമോളയിലാണ് വിശുദ്ധൻ ജനിച്ചത്. ആ നഗരത്തിലെ മെത്രാനായിരുന്ന കോർണേലിയൂസിന്റെ കീഴിൽ ശിക്ഷണം ലഭിച്ച പീറ്ററിനെ കോർണേലിയൂസ് ഡീക്കണായി ഉയർത്തി. 433-ൽ റാവെന്നായിലെ മെത്രാപ്പോലീത്തായുടെ നിര്യാണത്തെ തുടർന്ന് അവിടത്തെ പുരോഹിത വൃന്ദവും, ജനങ്ങളും മെത്രാപ്പോലീത്തായുടെ പിൻഗാമിയെ തിരഞ്ഞെടുത്തതിന് ശേഷം, സിക്സ്റ്റസ് മൂന്നാമൻ പാപ്പായിൽ നിന്നും തങ്ങളുടെ തിരഞ്ഞെടുപ്പിന്റെ ആധികാരികത നേടിതരുവാൻ കോർണേലിയൂസിനോടാവശ്യപ്പെട്ടു. അതിനായി റോമിലെക്കുള്ള യാത്രയിൽ കോർണേലിയൂസ് തന്റെ ഡീക്കണായ പീറ്ററിനേയും കൂടെ കൂട്ടി. പീറ്ററിനെ കണ്ടപ്പോൾ, പുരോഹിതൻമാർ തിരഞ്ഞെടുത്ത മെത്രാപ്പോലീത്തക്ക് പകരമായി പാപ്പാ അദ്ദേഹത്തെ റാവെന്നായിലെ മെത്രാപ്പോലീത്തയായി തിരഞ്ഞെടുത്തു. അപ്രകാരം പീറ്റർ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ആദ്യമൊക്കെ മനസ്സില്ലാ മനസ്സോടെയായിരുന്നു പുരോഹിതരും, ജനങ്ങളും പീറ്ററിനെ അംഗീകരിച്ചത്‌. എന്നാൽ അധികം താമസിയാതെ തന്നെ പീറ്റർ വലന്റൈൻ മൂന്നാമൻ ചക്രവർത്തിയുടെ അടുത്തയാളായി മാറുകയും വിശ്വാസികളുടെ ഇടയിൽ പ്രസിദ്ധിയാർജിക്കുകയും ചെയ്തു. പീറ്ററിന്റെ രൂപതയിൽ അപ്പോഴും വിഗ്രഹാരാധനയുടെ അവശേഷിപ്പുകൾ നിലനിൽക്കുന്നുണ്ടായിരുന്നു. എല്ലായിടത്തും കത്തോലിക്കാ വിശ്വാസം സ്ഥാപിക്കുവാനായിരുന്നു വിശുദ്ധന്റെ ആദ്യത്തെ പരിശ്രമം. വിശുദ്ധൻ ഒരു പ്രഭാഷണ പരമ്പര തന്നെ നടപ്പിലാക്കി. നിലവിലുണ്ടായിരുന്ന വിഗ്രഹാരാധനയുടെ അവശേഷിപ്പുകളും, സഭയിൽ തന്നെ നിലനിന്നിരുന്ന അനാചാരങ്ങളും പൂർണ്ണമായും അദ്ദേഹം തുടച്ചു നീക്കി. തന്റെ പ്രഭാഷണങ്ങളിലൂടെ വിശുദ്ധൻ നിരന്തരമായി ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. “സാത്താനൊപ്പം ചിരിക്കുവാൻ ആഗ്രഹിക്കുന്നവന് ക്രിസ്തുവിനൊപ്പം ആനന്ദിക്കുവാൻ കഴിയുകയില്ല” എന്ന പ്രസിദ്ധമായ വാക്യം വിശുദ്ധൻ പറഞ്ഞിട്ടുള്ളതായി കണക്കാക്കപ്പെടുന്നു. അഞ്ചാം നൂറ്റാണ്ടിൽ റോമിനു പകരം റാവെന്നയായിരുന്നു റോമൻ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ആ സഭയിലെ പ്രമുഖരായ മെത്രാപ്പോലീത്തമാരിൽ ഒരാളായിരുന്നു വിശുദ്ധൻ. ‘സ്വർണ്ണ വാക്കുകളുടെ മനുഷ്യൻ’ എന്നറിയപ്പെട്ട വിശുദ്ധ പീറ്റർ ക്രിസോലോഗസ് തന്റെ മഹത്തായ പ്രഭാഷണങ്ങൾ വഴിയാണ് സഭയുടെ വേദപാരംഗതൻ എന്ന വിശേഷണത്തിനു അർഹനായത്. വർഷങ്ങൾക്ക് ശേഷം തന്റെ മരണം അടുത്തുവെന്ന് മനസ്സിലാക്കിയ വിശുദ്ധൻ തന്റെ സ്വദേശമായ ഇമോളയിലേക്ക്‌ തിരിച്ചു പോന്നു. തന്റെ പിൻഗാമിയെ വളരെ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കണമെന്ന്‌ നിർദ്ദേശിച്ചതിന് ശേഷം ഏതാണ്ട് 450-ൽ ഇമോളയിൽ വെച്ച് അദ്ദേഹം മരണമടഞ്ഞു,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group