മക്കയും മദീനയും പോലെ തന്നെ അയോധ്യയും മധുരയും ജെറുസലെമും വത്തിക്കാനും പഠനവിഷയമാക്കണം :മാർ ജോസഫ് കല്ലറങ്ങാട്ട്

മക്കയും മദീനയും പോലെ തന്നെ അയോധ്യയും മധുരയും ജെറുസലെമും വത്തിക്കാനും പഠന വിഷയമാകണമെന്ന് സീറോ മലബാര്‍ സിനഡല്‍ എഡ്യുക്കേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്.മതേതര കാഴ്ചപ്പാടുകള്‍ പാടേ അവഗണിച്ചുള്ള ചരിത്ര രചനകളാണ് പാഠപുസ്തകങ്ങളിലെന്നുo കല്ലറങ്ങാട്ട് പറഞ്ഞു.

ചരിത്ര പഠനങ്ങളില്‍ വിള്ളല്‍ വീഴുമ്പോള്‍ എന്ന പേരില്‍ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ബിഷപ് ജോസഫ് കല്ലറങ്ങാട്ട് ചരിത്ര പാഠപുസ്തകങ്ങളിലെ കൈകടത്തലുകളെ കുറിച്ച് വിശദീകരിച്ചത്.

പാഠപുസ്തകങ്ങളിലെ ചരിത്രപാഠങ്ങള്‍ മാറ്റിയെഴുതി വൈജ്ഞാനികമണ്ഡലത്തെ സ്വാധീനിക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇന്ന് അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതു അജണ്ടയെന്ന് ബിഷപ്പ് ലേഖനത്തില്‍ ചൂണ്ടികാട്ടുന്നു. പാഠപുസ്തക കമ്മിറ്റികളുടെ രൂപീകരണത്തില്‍ ഇത് ആരംഭിക്കുന്നു. കേരളത്തിന്റെ നാളത്തെ തലമുറയുടെ വൈജ്ഞാനികമണ്ഡലത്തെയാണ് വികലമായ പാഠപുസ്തകള്‍ ആക്രമിക്കുന്നത്. മാപ്പര്‍ഹിക്കാത്ത ഒരു തെറ്റാണ് തങ്ങള്‍ ചെയ്തുവയ്ക്കുന്നതെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരു കാലത്തും തിരിച്ചറിയാനും പോകുന്നില്ല. വളര്‍ന്നു വരുന്ന പുതുതലമുറയെ ബാധിക്കുന്നതും അബദ്ധജഡിലവുമായ അനേകം കാര്യങ്ങള്‍ കുത്തിനിറച്ചതുമായ പാഠപുസ്തകങ്ങളെ കേരളത്തിലെ ക്രൈസ്തവ സമൂഹം ഇന്ന് ഏറെ ആശങ്കയോടെയാണ് വീക്ഷിക്കുന്നതും, അതിനെതിരേ പ്രതികരിക്കുന്നതും. മതേതര കാഴ്ചപ്പാടുകള്‍ പാടേ അവഗണിച്ചുള്ള ചരിത്രരചനകളാണ് ഏഴാം സ്റ്റാന്‍ഡേര്‍ഡിലെയും പ്ലസ് വണ്ണിലെയും ചരിത്രപുസ്തകങ്ങളില്‍ കാണാന്‍ കഴിയുന്നത്.

എല്ലാ മതങ്ങളുടെയും ഉയര്‍ച്ച, വിശ്വാസം, സമുദായം, രാഷ്ട്രീയം ഇവയൊക്കെ തുല്യമായി വിശദീകരിക്കാതെ ഇസ്ലാമിനെക്കുറിച്ചു മാത്രം ഈ പാഠപുസ്തകം വാചാലമാകുന്നതു നിഷ്പക്ഷ ചിന്തകരുടെ മനസില്‍ സംശയങ്ങള്‍ ജനിപ്പിച്ചില്ലെങ്കിലേ അദ്ഭുതമുള്ളൂ. ഹൈന്ദവ, ക്രൈസ്തവ മതങ്ങളുടെ ലോകചരിത്രത്തിലെ സംഭാവനകളും പുതുതലമുറ പഠിക്കേണ്ടതില്ലേ? മക്കയും മദീനയും പോലെ തന്നെ അയോധ്യയും മധുരയും ജെറുസലെമും വത്തിക്കാനും പഠനവിഷയമാകണം. ഖലീഫാമാരെയും ഉമവിയ്യകളെയും കുറിച്ചു വര്‍ണ്ണിക്കുന്ന ചരിത്രപുസ്തകം മറ്റു മതശ്രേഷ്ഠരെക്കുറിച്ചു മൗനം അവലംബിക്കരുത്. ചരിത്രപാഠങ്ങള്‍ സത്യസന്ധമായ വിശദീകരണം അടങ്ങുന്നവയായിരിക്കണം. ആനുപാതികമായ തോതില്‍ വിശദീകരണങ്ങള്‍ നല്കുന്നില്ലെങ്കില്‍ ചരിത്രഗ്രന്ഥവും ചരിത്രകാരനും പക്ഷംപിടിച്ചു എന്നുതന്നെ പറയേണ്ടി വരും. ബൈബിളിലെ പഴയനിയമം ചരിത്രപരമല്ലെന്നു പറയാന്‍ ഗ്രന്ഥകാരന്‍ കാണിക്കുന്ന തിടുക്കം അപകടകരമാണ്. അതു പ്ലസ് വൺ ക്ലാസിലെ കുട്ടികള്‍ക്കാവുമ്പോള്‍ അപകടം വലുതാണ്.

‘എഴുത്തും നഗരജീവിതവും’ എന്ന അധ്യായത്തില്‍ മെസൊപ്പൊട്ടേമിയയില്‍ അറമായ ഭാഷ പ്രചരിച്ചതിനെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഒരു സെമിറ്റിക് ഭാഷയാണ് ആരാമെയ്ക്. അശോകന്റെ ശിലാശാസനങ്ങളില്‍ ഇതുപയോഗിച്ചിട്ടുണ്ട്. കോടിക്കണക്കിന് ക്രൈസ്തവ വിശ്വാസികളുടെ ആരാധ്യനായ ഈശോമിശിഹായുടെ സംസാര ഭാഷയാണ് അറമായ എന്നുകൂടി എഴുതാന്‍ ഗ്രന്ഥകാരന്‍ മറന്നുവെന്നും ബിഷപ്പ് ലേഖനത്തില്‍ വ്യക്തമാക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group