എല്‍പി-യുപി സ്‌കൂള്‍ അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ കെ- ടെറ്റ് (കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയുടെ ഫലം പുറത്തുവരാത്തതിനാല്‍ അപേക്ഷിക്കാന്‍ അവസരം നഷ്ടപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍.
കേരള പിഎസ്‌സി നടത്തുന്ന യുപി സ്‌കൂള്‍- എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇക്കഴിഞ്ഞ ജനുവരി 31 ന് അവസാനിച്ചിരിക്കെ ഇതുവരെ കെ- ടെറ്റ് ഫലം വരാത്തതില്‍ ആയിരക്കണക്കിന്‌ഉദ്യോഗാര്‍ത്ഥികളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. 2023 ഡിസം. 29, 30 തീയതികളിലാണ് വിവിധ ജില്ലകളില്‍ കെ-ടെറ്റ് പരീക്ഷ നടന്നത്.
ഈ വര്‍ഷത്തോടെ പ്രായപരിധി കഴിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ പ്രതിസന്ധി. കെ- ടെറ്റിന്റെ മൂല്യനിര്‍ണയം കരാര്‍പ്രകാരം കേരളത്തിന് പുറത്തുള്ള കമ്ബനിയാണ് നടത്തുന്നത്. ഉത്തരസൂചിക വെബ്‌സൈറ്റില്‍ ഇട്ടശേഷം 15 ദിവസമാണ് ആക്ഷേപമോ പരാതിയോ സമര്‍പ്പിക്കാനുള്ള സമയം. പരാതി പരിഹരിച്ച് വീണ്ടും സൈറ്റില്‍ ഉത്തരസൂചിക പ്രസിദ്ധീകരിച്ചാണ് അന്തിമ ഫലം പ്രസിദ്ധപ്പെടുത്തുക.
കെ- ടെറ്റ് വര്‍ഷത്തില്‍ രണ്ടു തവണയുണ്ടാകുമെങ്കിലും യുപി- എല്‍പി സ്‌കൂള്‍ അസിസ്റ്റന്റ് പരീക്ഷകള്‍ മൂന്ന് വര്‍ഷ ഇടവേളകളിലാണ് നടക്കാറുള്ളത്. യുപിഎസ്‌എ റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വര്‍ഷവും പരമാവധി മൂന്നു വര്‍ഷവുമാണ് കാലാവധി. 2023 ല്‍ വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് 2025ലായിരിക്കും.
ഇതോടെ പ്രായപരിധി കഴിയുന്നവരുടെ അവസരം അനിശ്ചിതത്വത്തിലാകും. സംവരണമില്ലാത്ത മുന്നാക്ക വിഭാഗത്തില്‍ കെ-ടെറ്റ് കടന്നുകൂടണമെങ്കില്‍ കുറഞ്ഞത് 90 മാര്‍ക്ക് വേണം, 60 ശതമാനം. ഈ മാനദണ്ഡം കാരണം മുന്നാക്കക്കാരിലെ ഉദ്യോഗാര്‍ഥികളില്‍ പലരും പല പ്രാവശ്യം പരീക്ഷ എഴുതേണ്ട അവസ്ഥയാണ്. നന്നായി പഠിച്ച് പരീക്ഷയെഴുതിയാലും സംവരണം കഴിഞ്ഞ് നിയമനം നേടുക വിഷമകരമാണ്. തിരുവനന്തപുരം പരീക്ഷാഭവനില്‍ നിന്ന് പരീക്ഷാ ഫലം സംബന്ധിച്ച് കൃത്യമായ ഒരറിയിപ്പും നല്‍കാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല.
എന്നാല്‍ കെ- ടെറ്റിന് കോച്ചിങ് നല്‍കുന്ന പ്രൈവറ്റ് സ്ഥാപനങ്ങള്‍ കെ- ടെറ്റ് റിസല്‍ട്ട് വൈകുന്നതില്‍ ഹൈക്കോടതില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് തന്നെ റിസല്‍ട്ട് പ്രസിദ്ധീകരിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ കെ- ടെറ്റിനുള്ള അപേക്ഷാ തീയതി നീട്ടണമെന്ന ഹര്‍ജി കോടതി ഫയലില്‍ പോലും സ്വീകരിച്ചില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group