“കക്കുകളി” നാടക പ്രദർശനങ്ങൾ തടയണം: കെസിബിസി ജാഗ്രത കമ്മീഷൻ

തെറ്റിദ്ധാരണാജനകമായ ഉള്ളടക്കത്തോടെ ക്രൈസ്തവ സന്യാസത്തെ അത്യന്തം ഹീനമായി അവഹേളിക്കുന്ന കക്കുകളി എന്ന നാടകത്തെ ഇടതുപക്ഷ ചായ്വുള്ള സംഘടനകളും രാഷ്ട്രീയ പ്രവർത്തകരും വേദികൾ നൽകി കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന സമീപനം അത്യന്തം പ്രതിഷേധാർഹമാണ്. തൃശൂരിൽ നടന്ന അന്തർദേശീയ നാടകോത്സവത്തിലും ഗുരുവായൂർ സർഗോത്സവത്തിലും പ്രസ്തുത നാടകം പ്രദർശിപ്പിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി ക്രൈസ്തവ സമൂഹം കടുത്ത പ്രതിഷേധം അറിയിക്കുകയും പരാതികൾ നൽകുകയും ചെയ്തിരുന്നതാണ്. കേരളകത്തോലിക്കാ മെത്രാൻ സമിതി നാടകാവതരണത്തെ അപലപിക്കുകയും സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്നു വിലയിരുത്തുകയും ചെയ്തിരുന്നു. ശക്തമായ പ്രതിഷേധം നിലനിൽക്കുന്ന പശ്ചാത്തലത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പ്രസ്തുത നാടകത്തെയും പിന്നണി പ്രവർത്തകരെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ചിലർ സ്വീകരിക്കുന്നതിന്റെ പിന്നിൽ ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുക എന്ന ലക്ഷ്യമാണുള്ളത് എന്നുള്ളതിൽ സംശയമില്ല. ഇത്തരത്തിൽ, കൂടുതൽ പ്രദർശനങ്ങളുമായി മുന്നോട്ടുപോകുന്ന പക്ഷം സംസ്ഥാനവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് ക്രൈസ്തവ സമൂഹം നിർബ്ബന്ധിതരായി തീരും. സാംസ്‌കാരിക കേരളത്തിന് കളങ്കമായ ഈ നാടകത്തിന്റെ പ്രദർശനം തടയുവാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണം. സ്വന്തം ജീവിതാന്തസിൽ അഭിമാനിക്കുകയും നിസ്വാർത്ഥമായി സമൂഹത്തിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന പതിനായിരക്കണക്കിന് കത്തോലിക്കാ സന്യാസിനിമാരെ അപമാനിക്കുന്ന ഇത്തരം സൃഷ്ടികൾ ആവിഷ്കാര സ്വാതന്ത്ര്യമല്ല, ഒരു വിഭാഗംപേരുടെ ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് നാടക പ്രവർത്തകരും സാംസ്‌കാരിക നായകന്മാരും തിരിച്ചറിയണം.

ഫാ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group