മാർപാപ്പയെ സ്വീകരിക്കാൻ ഒരുങ്ങി കസാഖിസ്ഥാൻ;പേപ്പൽ സന്ദർശനത്തിന് ഇനി മണിക്കൂറുകൾ മാത്രം

ഫ്രാൻസിസ് പാപ്പയുടെ കസാഖിസ്ഥാൻ പര്യടനത്തിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കേ പരിശുദ്ധ പിതാവിനെ സ്വീകരിക്കുവാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി കസാക്കിസ്ഥാൻ ജനത. ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ കസാഖിസ്ഥാൻ ഇതാദ്യമായാണ് പേപ്പൽ സന്ദർശനത്തിന് വേദിയാകുന്നത്. ‘സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതർ’ എന്നതാണ് സെപ്തംബർ 13 മുതൽ 15 വരെ നടക്കുന്ന പര്യടനത്തിന്റെ ആപ്തവാക്യം. കസാഖ് തലസ്ഥാനമായ നൂർ സുൽത്താൻ നഗരം ആതിഥേയത്വം വഹിക്കുന്ന സർവമത സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പാപ്പയുടെ പര്യടനം.

സെപ്റ്റംബർ 13ന് നൂർ സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 5.45ന് എത്തിച്ചേരുന്ന പാപ്പയ്ക്ക് 6.30ന് പ്രസിഡൻഷ്യൽ പാലസിൽ സ്വീകരണം നൽകും. തുടർന്ന് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം രാഷ്ട്ര നേതാക്കാൾ, പൗര പ്രമുഖർ, നയതന്ത്രജ്ഞർ എന്നിവരെ അഭിസംബോധന ചെയ്യും. സെപ്തംബർ 14 രാവിലെ 10.00നാണ് മതനേതാക്കളുടെ സമ്മേളന വേദിയിലേക്ക് പാപ്പ ആഗതനാകുന്നത്. ഉദ്ഘാടന കർമ്മത്തിനു ശേഷം മതനേതാക്കളുമായി നിശബ്ദമായി പ്രാർത്ഥിക്കും. തുടർന്ന് വിവിധ മതനേതാക്കളുമായുള്ള കാഴ്ചകൾ നടക്കും. വൈകിട്ട് 4.45നാണ് എക്‌സ്‌പോ ഗ്രൗണ്ടിലെ അൾത്താരയിൽ ദിവ്യബലി അർപ്പണം ക്രമീകരിച്ചിരിക്കുന്നത്.

സെപ്റ്റംബർ 15 രാവിലെ 09.00ന് അപ്പസ്‌തോലിക് ന്യൂൺഷ്യേച്ചറിൽ ഈശോ സഭാംഗങ്ങളുമായുള്ള സ്വകാര്യ കൂടികാഴ്ച. 10.30ന് നിത്യസഹായ മാതാവിന്റെ കത്തീഡ്രലിൽ ബിഷപ്പുമാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അൽമായ ശുശ്രൂഷകർ എന്നിവരുമായുള്ള കൂടിക്കാഴ്ച നടക്കും. ഉച്ചതിരിഞ്ഞ് 03.00ന് ലോക മതനേതാക്കളുടെ സമാപന സമ്മേളത്തിലും പാപ്പ പങ്കെടുക്കും. വൈകിട്ട് 04.15ന് നൂർ സുൽത്താൻ വിമാനത്താവളത്തിൽനിന്ന് യാത്രതിരിക്കുന്ന പാപ്പ വത്തിക്കാൻ സമയം 08.15ന് റോമിലെ ഫ്യുമിചീനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും.

മതാന്തര സംവാദം, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കാൻ വിശുദ്ധ ജോൺ പോൾ രണ്ടാമൻ 1986ൽ വിളിച്ചുചേർത്ത അസീസിയിലെ സമാധാന പ്രാർത്ഥനാ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 2003ൽ കസാഖ് മുൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർ ബബേവ് തുടക്കം കുറിച്ചതാണ് മൂന്നു വർഷത്തിൽ ഒരിക്കലുള്ള കസാഖിലെ സർവമത സമ്മേളനം. ‘മഹാമാരിക്കു ശേഷം മാനവികതയുടെ സാമൂഹിക, ആത്മീയ വികസനത്തിൽ ലോക നേതാക്കളുടെയും പരമ്പരാഗത വിശ്വാസങ്ങളുടെയും നേതാക്കളുടെയും പങ്ക്’ എന്നതാണ് ഇത്തവണത്തെ പ്രമേയം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group