എറണാകുളം: ഇന്റർ ചർച്ച് കൗൺസിൽ വിദ്യാഭ്യാസ കമ്മീഷന്റെ നേത്ര്ത്വത്തിൽ വിവിധ ഉത്തരവുകളിലൂടെ ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ അധ്യാപക നിയമനത്തിനും കുട്ടികളുടെ പ്രവേശനത്തിനും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു ഭരണഘടന അനുവദിച്ച അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വളർച്ചക്കും ഗുണമേന്മക്കും മൂല്യാധിഷ്ഠിത പ്രവർത്തനങ്ങളിലൂടെ നിർണായക പങ്കുവഹിക്കുന്ന സഭാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെയും നിലനിൽപ്പിനെയും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സർക്കാരിന്റെ ഈ നടപടികൾ അപകടത്തിലാക്കിയിരിക്കുന്നത് കേരള വിദ്യാഭ്യാസത്തിന്റെ നട്ടെലിനെയാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തികച്ചും ആശങ്കാജനകമാണെന്നും വിദ്യാഭ്യാസ മേഖലയിൽ നിരവധിയായ നേട്ടം കൊണ്ടുവരാൻ സഭാസ്ഥാപനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും ചർച്ച് കൗൺസിൽ വ്യക്തമാക്കി. സർക്കാർ ഏർപ്പെടുത്തിയ ഏകജാലക സംവിധാനത്തിലെ അശാസ്ത്രീയത മൂലം ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാനുള്ള അവകാശം നിഷേധിക്കപെടുന്നതും, 2016-17 വർഷങ്ങളിൽ നടത്തിയിട്ടുള്ള അധ്യാപക നിയമനങ്ങൾ അംഗീകരിക്കപ്പെടാത്തതും
സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ താളപ്പിഴകളാണെന്നു ആരോപിച്ചു.
സ്വകാര്യ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളോടു കാണിക്കുന്ന അവഗണന പ്രധാന വെല്ലുവിളിയാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കുവാന്‍ സര്‍ക്കാര്‍ നിഷേധാത്മകവും വിവേചനപരവുമായ സമീപനം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട യോഗം ഈ വിഷയങ്ങളിൽ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന സമരത്തിന് പിന്തുണ അറിയിക്കുകയും ചെയ്തു. 2013-14 വര്‍ഷം കോളജുകളില്‍ അനുവദിച്ച വിവിധ കോഴ്സുകളില്‍ അധ്യാപക നിയമനത്തിന് ഉത്തരവുകള്‍ നൽകാത്തതും 2014-15 വര്‍ഷം അനുവദിച്ച ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും പുതിയ ബാച്ചുകളിലും അധ്യാപക തസ്തികകള്‍ സൃഷ്ട്ടിക്കാത്തതും ചർച്ച് കൗൺസിൽ തുറന്നുകാട്ടി. കമ്മീഷന് നേത്ര്ത്വത്തിൽ സംഘടിപ്പിച്ച വെബിനാര്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്മാന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കമ്മീഷന് ചെയര്മാന് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനായിരുന്നു.