ചൂടില്‍ ഉരുകി കേരളം; വൈദ്യുതി ഉപഭോഗം 84 ദശലക്ഷം യൂണിറ്റിലേക്ക്

വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 ദശലക്ഷത്തോളം യൂണിറ്റിന്റെ വര്‍ദ്ധനവാണ് നിലവിലുള്ളത്.

കഴിഞ്ഞവാരം 80 ദശലക്ഷം യൂണിറ്റിലെത്തിയ ഉപഭോഗം പിന്നീട് ദിവസവും കൂടി കൂടി വരുന്നതായാണ് കാണുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിനിടെ 83.9147 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതില്‍ 65.2176 ദശലക്ഷം യൂണിറ്റ് വൈദ്യുതിയും പുറത്ത് നിന്ന് എത്തിച്ചതാണ്. പീക്ക് സമയങ്ങളില്‍(വൈകിട്ട്) നിലവില്‍ 4250 മെഗാവാട്ട് വരെയാണ് ഉപഭോഗം. രാത്രി തണുപ്പ് കൂടുന്നതിനാല്‍ ഉപഭോഗം കുറയുന്നുണ്ട്.

കെഎസ്‌ഇബിയുടെ കണക്ക് കൂട്ടലുകള്‍ പോലും തെറ്റിച്ചാണ് വേനല്‍ക്കാലം എത്തുന്നതിന് മുന്നേ ഉപഭോഗം ഇത്രകണ്ട് ഉയര്‍ന്നത്. വേനല്‍ക്കാലത്ത് ഇത്തവണ 100 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം എത്തുമെന്നാണ് കണക്ക് കൂട്ടല്‍.

തിങ്കള്‍- 81.8009, ചൊവ്വ- 82.0504, ബുധന്‍- 82.3275, വ്യാഴം- 82.2379 ദശലക്ഷം യൂണിറ്റ് വീതമായിരുന്നു സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം. രാത്രിയില്‍ ഹൈറേഞ്ച് മേഖലയിലടക്കം തണുപ്പ് തുടരുകയാണെങ്കിലും പകല്‍ സമയത്തെ കൂടിയ താപനില വൈദ്യുതി ഉപഭോഗം ഉയര്‍ത്തി നിര്‍ത്തുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി താപനില വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

രാജ്യത്തെ തന്നെ ഏറ്റവും കൂടിയ താപനില കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കേരളത്തിലാണ് രേഖപ്പെടുത്തുന്നത്. എല്‍ നിനോ പ്രതിഭാസവും അറബിക്കടല്‍ ചൂട് പിടിച്ച്‌ കിടക്കുന്നതുമാണ് സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അടുത്തമാസത്തോടെ വേനല്‍ കൂടുതല്‍ കടുക്കുമെന്നതിനാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ വരികയാണ് കെഎസ്‌ഇബി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group