രക്തം ആവശ്യമായി വരുന്നവര്‍ക്ക് താങ്ങായി കേരള പൊലീസിന്റെ ‘പോല്‍ ബ്ളഡ്’

രക്തദാനത്തിനും രക്തം സ്വീകരിക്കുന്നതിനും കേരള പൊലീസ് ആരംഭിച്ച സംരംഭമാണ് ‘പോല്‍ ബ്ളഡ്’. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈൻ സേവനം ഇനി പൊതുജനങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.

കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചുനല്‍കാനായി ആരംഭിച്ച കേരള പൊലീസിന്റെ സംരംഭമാണ് പോല്‍ ബ്ലഡ്. അടിയന്തരഘട്ടങ്ങളില്‍ രക്തത്തിനായി കേരള പൊലീസിന്റെ പോല്‍ ബ്ലഡ് എന്ന ഓണ്‍ലൈൻ സേവനം നിങ്ങള്‍ക്കും പ്രയോജനപ്പെടുത്താം.

കേരള പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷൻ ആയ പോല്‍ ആപ്പിന്റെ സഹായത്തോടെയാണ് പ്രവർത്തനം. കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോല്‍ ബ്ലഡില്‍ ആർക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറില്‍ നിന്ന് പോല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പില്‍ പോല്‍ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നല്‍കാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നു നിങ്ങളെ ബന്ധപ്പെടും.

രക്തം അടിയന്തരഘട്ടങ്ങളില്‍ സ്വീകരിക്കാൻ മാത്രമുള്ളതല്ല, രക്തദാനത്തിനും നാം തയ്യാറാകണം. ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചു നല്‍കാൻ കേരള പൊലീസിന് കഴിഞ്ഞിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group