അട്ടപ്പാടി അഗളിയിലെ ‘ഡോക്ടര്‍’ കുടുംബത്തിന് അനുമോദനങ്ങളുംസഹായഹസ്തവുമായി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം..

പട്ടിണിയോടു പടവെട്ടി തങ്ങളുടെ മൂന്നൂ മക്കളെയും മെഡിക്കല്‍ വിദ്യാഭ്യാസത്തിനു യോഗ്യരാക്കിയ അട്ടപ്പാടി അഗളി മേട്ടുവഴി ഊരിലെ രാമചന്ദ്രന്‍ -കമല ദമ്പതികളുടെ ചെറുഭവനത്തില്‍ അനുമോദനങ്ങളും സഹായഹസ്തവുമായി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം. ജീവിത്തിലെ കഷ്ടപ്പാടുകള്‍ക്കിടയിലും മക്കളുടെ മെഡിക്കല്‍ വിദ്യാഭ്യാസം സ്വപ്നം കാണുകയും അതിനായി കഠിനാദ്ധ്വാനം ചെയ്യുകയും ചെയ്ത രാമചന്ദ്രന്‍ എന്ന രാമന്റെ മൂന്നാമത്തെ മകളും എന്‍ട്രന്‍സ് വിജയം നേടി കഴിഞ്ഞ ആഴ്ച മെഡിക്കല്‍ കോളേജില്‍ വിദ്യാഭ്യാസത്തിനായി ചേര്‍ന്നതറിഞ്ഞാണ് ഫോറം പ്രതിനിധികള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനായി വീട്ടിലെത്തിയത്.

പത്താംവയസ്സില്‍ കുടുംബഭാരം പേറിയ രാമചന്ദ്രന് അഞ്ചാം ക്ലാസ്സോടെ പഠനം ഉപേക്ഷിക്കേണ്ടിവന്നു. അഞ്ചാം ക്ലാസ്സുവരെ പഠിച്ച കമലയെ ജീവിതപങ്കാളിയായി രാമന്‍ സ്വീകരിച്ചു. തന്റെ മൂന്നു മക്കളെയും നല്ലനിലയില്‍ വിദ്യാഭ്യാസം ചെയ്യിക്കണമെന്ന രാമന്റെ അടിയുറച്ച ലക്ഷ്യബോധം മക്കള്‍ക്ക് പിന്തുണയായി. പഠനത്തില്‍ അതിസമര്‍ത്ഥരായിരുന്ന ഇന്ദ്രജിത്ത്, ഇന്ദ്രജ, ഇന്ദുജ എന്നീ മൂന്നുമക്കള്‍ക്കും കോഴിക്കോട് മലബാര്‍ മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ എം.ബി.ബി.എസ് പ്രവേശനം ലഭിച്ചു. ഇന്ദ്രജിത്ത് എം.ബി.ബി.എസ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയും ഇന്ദ്രജ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയും ഇന്ദുജ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമാണ്.
ഒഴിവു സമയങ്ങളിലെല്ലാം പുസ്തക വായനയ്ക്കായി സമയം കണ്ടെത്തിയിരുന്ന മക്കളുടെ പുസ്തകങ്ങള്‍കൊണ്ടും പത്രമാസികകള്‍ കൊണ്ടും നിറഞ്ഞ കൊച്ചുവീട്ടിലാണ് രാമന്‍-കമല ദമ്പതികളുടെ താമസം. മക്കളെ ഫോണില്‍ ബന്ധപ്പെട്ട ഫോറം പ്രതിനിധികള്‍ അവരുടെ പഠനകാലത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു. ഇന്ദ്രജിത്തും ഇന്ദ്രജയും ഷോളയൂര്‍ പഞ്ചായത്തിലെ കോട്ടമല സര്‍ക്കാര്‍ സ്‌കൂളില്‍ എല്‍.പി.സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. വിജനവും പാറക്കെട്ടുകള്‍ നിറഞ്ഞതുമായ ദുര്‍ഘടപാതയിലൂടെ അഞ്ചു കിലോമീറ്ററോളം കാല്‍നടയായാണു അവര്‍ സ്‌കൂളില്‍ എത്തിയിരുന്നത്. തുടര്‍ന്ന് അവര്‍ മലമ്പുഴ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പത്തുവരെ പഠിച്ചു. അഗളി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഉയര്‍ന്ന മാര്‍ക്കോട് പ്ലസ്ടു പഠനം പൂര്‍ത്തിയാക്കി. ഇളയമകള്‍ ഇന്ദുജ അഞ്ചാം ക്ലാസ്സുമുതല്‍ പ്ലസ്ടുവരെ അട്ടപ്പാടിയില്‍ ആയിരുന്നു പഠിച്ചത്. മാതാപിതാക്കളുടെ സ്വസ്ഥവും സാമാധാനപരവുമായ വിശ്രമജീവിതമാണ് തങ്ങളുടെ ലക്ഷ്യമെന്ന് മൂവരും പറയുന്നു. ആരോഗ്യരംഗത്ത് ഏറെ പിന്നിലായ അട്ടപ്പാടിയില്‍ തന്നെ തങ്ങളുടെ സേവനങ്ങള്‍ നല്‍കാനാണ് മൂവരും താല്പര്യപ്പെടുന്നത്. അട്ടപ്പാടി പ്രദേശത്തിന്റെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ മൂന്നുമക്കളും ഭാവിയില്‍ പ്രവര്‍ത്തിക്കണമെന്ന് ഈ ദമ്പതികള്‍ ആഗ്രഹിച്ചു സ്വപ്നം കാണുന്നു.
നല്ല കര്‍ഷകരായ രാമന്‍-കല ദമ്പതികളെ കേരള കത്തോലിക്കാ സഭ മെത്രാന്‍ സമിതിയുടെ ജസ്റ്റീസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴില്‍ കോട്ടയം അടിച്ചിറ ആമോസ് സെന്റര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന നര്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി മലയോര മേഖലയില്‍ നടത്തുന്ന സ്ട്രിപ്പ് ക്രോപ്പിംഗ് വിളകളുടെ പരിപോഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മക്കളുടെ പഠനത്തിനായി പ്രാഥമിക സഹായം ലഭ്യമാക്കിയതോടൊപ്പം തുടര്‍ സഹായവും സന്ദര്‍ശക സംഘം വാഗ്ദാനം ചെയ്തു.
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കലിന്റെ നേതൃത്വത്തില്‍ കെ.സി.ബി.സി ഡിസാസ്റ്റര്‍ കണ്‍സള്‍ട്ടേഷന്‍ ടീം അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫോറം മുന്‍ ഡയറക്ടര്‍മാരായ ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവരടങ്ങിയ സംഘമാണ് അഗളി ഫാത്തിമ മാതാ ചര്‍ച്ച് വികാരി ഫാ. ബിജു കല്ലിങ്കലിനോടൊപ്പം രാമന്റെ ഭവനത്തില്‍ എത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group