2267 കിലോമീറ്റർ, അറുപതു ദിവസം,. അവർ നടന്നു മുന്നേറിയത് സുകൃതഗന്ധമുള്ള തീർഥാടനവഴികളിലേക്കു മാത്രമല്ല, അതുല്യമായൊരു ചരിത്രത്താളിലേക്കു കൂടിയാണ്. നടന്നുനടന്ന് ഒടുവിൽ യാത്രയുടെ 62-ാം ദിവസമായ ഇന്നലെ രാവിലെ അവർ ലക്ഷ്യം കണ്ടു. കേരളത്തിലെ കൈപ്പറൻ പ് ഗ്രാമത്തിൽ നിന്നുള്ള കാൽനടയാത്ര ഇന്നലെ കൊൽക്കത്തയിലെത്തി.
തൃശൂർ പറപ്പൂരിനടുത്ത് കൈപ്പറന്പിൽ നിന്നു പി.ഡി. വിൻസന്റ്, എം.പി. സ്റ്റീഫൻ, സി.കെ. ജോയി എന്നിവർ അത്യപൂർവമായ കാൽനട തീർഥാടനം ആരംഭിച്ചത് കഴിഞ്ഞ ഓഗസ്റ്റ് 14നാണ്. തൃശൂർ അതിരൂപതയിൽ വിശുദ്ധ മദർ തെരേസയുടെ നാമധേയത്തിലുള്ള പ്രഥമ ദേവാലയത്തിന്റെ നിർമാണം പുരോഗമിക്കുന്ന സ്ഥലമാണു കൈപ്പറന്പ് രണ്ടു മാസം പിന്നിട്ട് ഇന്നലെ കൊൽക്കത്തയിലെ മദർ തെരേസ സ്ഥാപിച്ച നിർമല ശിശുഭവനിലും മദർ ഹൗസിലെ വിശുദ്ധയുടെ കബറിടത്തിലും എത്തിയപ്പോൾ അതു മൂന്നുപേരുടെ സ്വപ്നസാഫല്യം കൂടിയായി.
ഇതിനു മുന്പും ദീർഘദൂരം കാൽനട തീർഥാടനം നടത്തിയിട്ടുള്ള മൂവരും ആദ്യമായാണ് രണ്ടായിരത്തിലധികം കിലോമീറ്റർ നടന്നത്. കേരളം പിന്നിട്ട്, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാൾ സംസ്ഥാനങ്ങളിലൂടെയായിരുന്നു യാത്ര. ആന്ധ്രയിൽ മാത്രം ഒരു മാസത്തോളമെടുത്ത് 1,100 കിലോമീറ്റർ നടന്നു.
എന്നും പുലർച്ചെ മൂന്നു മുതൽ 10 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി 11 വരെയായിരുന്നു നടത്തം. പ്രതിദിനം ശരാശരി 40 കിലോമീറ്റർ നടക്കും. മുൻകൂട്ടി നിശ്ചയിച്ച വിശ്രമകേന്ദ്രങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നു പി.ഡി. വിൻസന്റ് പറഞ്ഞു. പള്ളികളിലും വിവിധ മഠങ്ങളിലുമായി 20 ദിവസം വിശ്രമിക്കാൻ ഇടം കിട്ടി. മറ്റു ദിവസങ്ങളിൽ കടത്തിണ്ണകളിലും മേൽപ്പാലങ്ങളുടെ താഴെയും പെട്രോൾ പന്പുകളിലുമായിരുന്നു ഉറക്കം.
റിട്ടയേഡ് സ്കൂൾ പ്രധാനാധ്യാപകനായ വിൻസന്റ് പറപ്പൂർ സ്വദേശിയാണ്. വടക്കാഞ്ചേരി പാർളിക്കാട് സ്വദേശി ജോയി കെട്ടിട നിർമാണ തൊഴിലാളിയാണ്. രണ്ടുമാസത്തെ തൊഴിൽ ഒഴിവാക്കിയാണ് തീർഥാടനത്തിന്റെ ഭാഗമായത്. വടക്കാഞ്ചേരി കുണ്ടന്നൂർ സ്വദേശി സ്റ്റീഫനു ബേക്കറി സാധനങ്ങൾ നിർമിക്കുന്ന യൂണിറ്റുണ്ട്.
മൂവരും 2010 മുതൽ വേളാങ്കണ്ണി, മൈലാപ്പൂർ , ഭരണങ്ങാനം, ഗോവ, നാഗർകോവിലിലെ കാറ്റാടിമല, മാന്നാനം, കുഴിക്കാട്ടുശേരി എന്നിവിടങ്ങളിലേക്കു കാൽനട തീർഥാടനം നടത്തിയിട്ടുണ്ട്. ഡോ. ഡെയ്സൺ പാണേങ്ങാടൻ, ബിജോ വർഗീസ് തുടങ്ങിയവരാണ് യാത്രയ്ക്കുള്ള മാർഗനിർദേശങ്ങളും സഹായങ്ങളും നൽകിയത്.
മിഷണറീസ് ഓഫ് ചാരിറ്റി മദർ ഹൗസിൽ സുപ്പീരിയർ ജനറൽ സിസ്റ്റർ ജോസഫ് തീർഥാടകസംഘത്തെ സ്വീകരിച്ചു. കൊൽക്കത്തയിൽ നിന്നു നാളെ ട്രെയിനിൽ മൂവരും കേരളത്തിലേക്കു മടങ്ങും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group