കോട്ടയം :സിസ്റ്റർ മേരി കൊളേത്തയെ ദൈവദാസിയായി പ്രഖ്യാപിച്ചു.
ഇന്നലെ പൂ ഞ്ഞാർ മണിയംകുന്ന് തിരുഹൃദയ ദേവാലയത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന സമൂഹബലി മധ്യേ സിസ്റ്റർ മേരി കോളേത്തയുടെ നാമകരണ നടപടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചുത്.
സിസ്റ്റർ മേരി കൊളേത്തയെ ദൈവദാസിയായി ഉയർത്തുന്നതിനു മാർപാപ്പയുടെ അനുമതി ലഭിച്ചതായുള്ള ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ അറിയിപ്പും രൂപതാധ്യക്ഷന്റെ നാമകരണ നടപടി വിജ്ഞാപനവും വായിച്ചു. രൂപത ചാൻസലർ റവ.ഡോ. ജോസ് കാക്കല്ലിലാണ് ഇരു കത്തുകളും വായിച്ചത്. കൊളേത്താമ്മയുടെ സന്യാസിനിസഭയായ ഫ്രാൻസിസ്കൻ സന്യാസിനിസഭയിലെ സന്യസിനികളും വിശ്വാസികളും പ്രാർഥനയോടെയും കൈഅടിച്ചും പ്രഖ്യാപനത്തെ സ്വീകരിച്ചു.
സഭയുടെ തിളങ്ങുന്ന മാണിക്യമാണ് ദൈവദാസി സിസ്റ്റർ മേരി കൊളേത്തയെന്ന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശത്തിൽ പറഞ്ഞു. പാലാ രൂപതയ്ക്കും സീറോ മലബാർ സഭയ്ക്കും അഭിമാനത്തിന്റെ നിമിഷമാണ്. പറുദീസയിലെ നദികൾ സമീപമുള്ള തോട്ടങ്ങളെ ഫലപുഷ്ടിയാക്കിയപോലെ സിസ്റ്റർ കൊളേത്ത താമസിച്ച മണിയംകുന്നിലെ നാലുവീടുകൾ വിശുദ്ധയിലേക്കുള്ള വഴി തുറക്കുകയാണു ചെയ്തത്.
തന്റെ സമർപ്പണ ജീവിതത്തിൽ ഫ്രാൻസീസ് അസീസിയോടും ക്ലാര പുണ്യവതിയോടും ചേർന്നു ദൈവനിയോഗത്താൽ നേരിടേണ്ടി വന്ന കഠിനമായ ഏകാന്തതയുടെയും രോഗത്തിന്റെയും ഭയവും വേദനയും തിക്തതയുമെല്ലാം യാതൊരു വിഷമവുമില്ലാതെ സുകൃതങ്ങളുടെ പുണ്യപുഷ്പമാക്കി മാറ്റിയ പുണ്യവതിയായിരുന്നു കൊളേത്താമ്മയെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.
രൂപത വികാരി ജനറാൾ മോണ്. ജോസഫ് മലേപ്പറന്പിൽ, ചാൻസലർ റവ.ഡോ. ജോസ് കാക്കല്ലിൽ, കൊളേത്താമ്മയുടെ സഹോദരപുത്രൻ റവ.ഡോ. ജയിംസ് ആരംപുളിക്കൽ, മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയിൽ, ഫാ. കുര്യാക്കോസ് വട്ടമുകളേൽ എന്നിവർ സഹകാർമികരായിരുന്നു. സമൂഹബലിക്കുശേഷം പള്ളിയുടെ സെമിത്തേരിയിലുള്ള കൊളേത്താമ്മയുടെ കബറിടത്തിൽ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനാ ശുശ്രൂഷകളും നടന്നു. എഫ്സിസി പ്രൊവിൻഷ്യാൾ സിസ്റ്റർ ആനി കല്ലറങ്ങാട്ട് കൃതജ്ഞത പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group