കോതമംഗലം സെയ്ന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്ത:

94 വർഷം പിന്നിടുന്നതും എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി മികച്ച വിജയം കരസ്ഥമാക്കുന്നതുമായ കോതമംഗലം സെയ്ന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് ഈ ദിവസങ്ങളിൽ പ്രചരിക്കുന്നത് തികഞ്ഞ വ്യാജവാർത്തയാണെന്ന് അന്വേഷണങ്ങളിൽ നിന്ന് വ്യക്തമാകുന്നു. തീവ്ര ഹിന്ദു വർഗ്ഗീയതയുടെ പ്രചാരകരായ ചില ഓൺലൈൻ മാധ്യമങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വർഗ്ഗീയ പ്രചാരണങ്ങളുമായി സ്‌കൂളിനെതിരെ രംഗത്തെത്തിയിരുന്നു. “മതപഠനം നടത്തുന്നില്ല” എന്ന കാരണത്താൽ ഒരു പെൺകുട്ടിക്ക് അഡ്മിഷൻ നിഷേധിച്ചു എന്നാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വ്യാജപ്രചരണം അനേകരെ തെറ്റിദ്ധരിപ്പിക്കുന്നതായി കാണുന്നതിനാൽ ശരിയായ വിശദീകരണം നൽകേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.

സ്‌കൂളിനെക്കുറിച്ച്…

മികവിന്റെ പാതയിൽ പതിറ്റാണ്ടുകളായി മുന്നേറുന്ന ഈ വിദ്യാലയത്തിൽ കഴിഞ്ഞ അധ്യയന വർഷം 394 വിദ്യാർത്ഥികൾ SSLC പരീക്ഷ എഴുതിയതിൽ, 100 % വിജയവും 280 പേർക്കു എല്ലാ വിഷയങ്ങൾക്കും എ പ്ലസും ലഭിക്കുകയുണ്ടായി. കഴിഞ്ഞ 20 വർഷമായി ഹയർ സെക്കൻഡറി വിഭാഗവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവിന്റെ വഴിയിൽ നിലകൊള്ളുന്നു. ഇവിടെ ഒരു അഡ്മിഷൻ ലഭിച്ചാൽമതി, പിന്നെ കുട്ടികളെക്കുറിച്ച് ആശങ്ക വേണ്ട എന്ന് ജാതിമതഭേദമന്യേ മാതാപിതാക്കൾ ആശ്വസിക്കുന്നു. മതമോ ജാതിയോ നോക്കാതെ കുട്ടികളുടെ മാനസിക, വൈകാരിക, ബൗദ്ധിക തലങ്ങളുടെ സമഗ്ര വികാസത്തിനാണ് എക്കാലവും ഈ വിദ്യാലയം പ്രാധാന്യം നൽകിയിട്ടുള്ളത്. രണ്ട് സയൻസ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉൾപ്പെടെ ഹയർ സെക്കൻഡറിക്ക് ആകെ മൂന്ന് ബാച്ച് മാത്രമേ ഉള്ളൂ എന്നതിനാൽ ഇവിടെ SSLC പാസ്സായ ഫുൾ എ പ്ലസ് കാരിൽ പകുതി കുട്ടികൾക്ക് പോലും പ്ലസ് വണ്ണിൽ പ്രവേശനം നൽകാൻ പറ്റുന്നില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പ്ലസ്‌ടു അഡ്മിഷനോട് അനുബന്ധിച്ചുണ്ടായ വിവാദം

സെപ്റ്റംബർ 25 ആം തീയതി ഓപ്പൺ മെറിറ്റിൽ അഡ്മിഷൻ എടുത്ത ഒരു വിദ്യാർത്ഥിനിക്ക് പ്രവേശനം നിഷേധിച്ചു എന്ന് പറഞ്ഞാണ് ഇപ്പോൾ സ്കൂളിനെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്നത്. പ്രസ്തുത കുട്ടിക്ക് അഡ്മിഷൻ കൊടുത്തതിന് എല്ലാ തെളിവുകളുമുണ്ട്.

ഫസ്റ്റ് അലോട്മെന്റിന്റെ അഡ്മിഷൻ നടന്ന ദിവസം പ്രിൻസിപ്പൽ സിസ്റ്റർ സന്യാസ സമൂഹത്തിന്റെ ഒഫീഷ്യൽ മീറ്റിംഗിൽ (സിനാക്സിസ്) ആയിരുന്നതിനാൽ അടുത്തയാളെ ചാർജ് ഏൽപ്പിച്ചിരുന്നു. ഹയർ സെക്കൻഡറി അധ്യാപികയും, കോതമംഗലം കത്തീഡ്രൽ ഇടവകയുടെ സൺഡേ സ്കൂൾ പ്രധാനാധ്യാപികയുമായിരുന്നു ആ സിസ്റ്റർ. രാവിലെ ആരംഭിച്ച അഡ്മിഷൻ നടപടികളുടെ ഭാഗമായി അതിനായുള്ള റൂമിൽ പല ടീച്ചർമാരും ഒരുമിച്ചുണ്ടായിരുന്നു. നാല് മണി സമയം ആയപ്പോൾ ഒരമ്മ തനിയെ വരികയും, ‘കുട്ടി എവിടെ’ എന്ന് ചോദിച്ചപ്പോൾ ‘വീട്ടിലുണ്ട്’ എന്ന് അവർ മറുപടി പറയുകയുമുണ്ടായി. കുട്ടിയില്ലാതെ അഡ്മിഷൻ നടത്താൻ പറ്റില്ല എന്നതിനാൽ, വീട് അടുത്ത് തന്നെ എന്നറിഞ്ഞപ്പോൾ കൂട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെടുകയും, ഏതാനും മിനിറ്റുകൾക്കകം കുട്ടിയെ കൊണ്ടുവരികയും ചെയ്തു. കുട്ടിയെയും അമ്മയെയും ഇരുത്തി അഡ്മിഷനുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്നതിന് ഇടയിൽ, കാസ്റ്റിന്റെ കോളത്തിൽ ക്രിസ്ത്യൻ RCSC എന്ന് എഴുതിയിരുന്നതിനാലും ആ ഇടവക പരിധിയിൽ പെട്ട കുടുംബവും ആയിരുന്നതിനാലും ‘മോൾ വേദപാഠം പഠിക്കുന്നത് ഏതു ക്ലാസ്സിലാണ്’ എന്ന് അഡ്മിഷൻ നടപടികൾക്ക് നേതൃത്വം നൽകിയ സിസ്റ്റർ സ്നേഹത്തോടെ ചോദിക്കുകയുണ്ടായി. എന്നാൽ, ‘ഞാൻ പഠിക്കുന്നില്ല, എനിക്കോ എന്റെ മാതാപിതാക്കൾക്കോ വിശ്വാസം ഇല്ല’ എന്നായിരുന്നു കുട്ടിയുടെ ഉത്തരം. ‘ഏത് ക്ലാസ്സ്‌ മുതലാണ് പഠിക്കാത്തത്’ എന്ന് ചോദിച്ചപ്പോൾ ‘നാലാം ക്ലാസ്സ്‌ മുതൽ’ എന്നും പറയുകയുണ്ടായി. വളരെ ശാന്തമായ ചോദ്യവും ഉത്തരവും ആയിരുന്നു എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാവരും പറയുകയുണ്ടായി. എന്നാൽ, വളരെ പെട്ടെന്ന് അവളുടെ അമ്മ ദേഷ്യഭാവത്തിൽ ചാടി വീണ് വലിയ ബഹളം ഉണ്ടാക്കി. ‘ഏകജാലകത്തിൽ അഡ്മിഷൻ കിട്ടിയ കുട്ടിയോട് ഇതൊക്കെ ചോദിക്കാൻ എന്താണ് അവകാശം’ എന്ന് ചോദിക്കുകയും, തുടർന്ന് വളരെ മോശമായ പദപ്രയോഗങ്ങൾ നടത്തി ചോദിച്ച സിസ്റ്ററിനെ ശകാരിക്കുകയും ചെയ്തു. വിശദീകരണത്തിന് മുതിർന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും എന്ന് മനസിലാക്കിയതിനാൽ സിസ്റ്റർ അതിനൊന്നും മറുപടി പറഞ്ഞതുമില്ല.

തുടർന്ന് അഡ്മിഷൻ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടി ഒപ്പിടേണ്ട കോളത്തിൽ അമ്മ ഒപ്പിട്ടിരിക്കുന്നത് കണ്ട് അതൊന്നു വെട്ടി കുട്ടിയോട് ഒപ്പിടാൻ സിസ്റ്റർ പറയുകയും കുട്ടി അങ്ങനെ ചെയ്യുകയുമുണ്ടായി. ഇത്രയും സംഭവിച്ചതിനെയാണ് കുട്ടിയുടെ അമ്മ ക്രൈസ്തവ സമൂഹത്തെ ശത്രുതയോടെ കാണുന്ന ചില ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സഹായത്തോടെ വളച്ചൊടിച്ച്, സത്യത്തെ മൂടിവച്ച് വ്യാജ പ്രസ്താവനകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

വാസ്തവം മനസിലാക്കി ജന പ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, പിടിഎ പ്രസിഡന്റ്‌ തുടങ്ങി പലരും ആ സ്ത്രീയോട് സംസാരിക്കുകയും സത്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുകയുണ്ടായെങ്കിലും അതൊന്നും അവർ കൂട്ടാക്കിയില്ലെന്ന് മാത്രമല്ല അവരെയും പ്രതിസ്ഥാനത്ത് നിർത്തുകയാണ് ഉണ്ടായിട്ടുള്ളത്. പ്രസ്തുത ഇടവകയിലെ വേദപാഠ പ്രധാനാധ്യാപിക ആയിരുന്നതിനാൽ നിഷ്കളങ്കമായി തന്റെ ഇടവകക്കാരി ആണെന്ന് കണ്ട കുട്ടിയോട് അക്കാര്യം തിരക്കി എന്ന വളരെ നിസാരമായ ഒരു കാര്യമാണ് വളരെ ശത്രുതാപരമായി കത്തോലിക്കാ സഭയെ ശത്രുതയോടു കൂടി കാണുന്നവരോട് കൂടെ ചേർന്ന് വിവാദമാക്കി മാറ്റിയിരിക്കുന്നത്. ഏതുമതത്തിൽ വിശ്വസിക്കണമെന്നുള്ളതും, അവിശ്വാസിയായി ജീവിക്കണമോ എന്നുള്ളതും ഓരോരുത്തരുടെയും വ്യക്തി സ്വാതന്ത്ര്യമാണ്. പക്ഷെ, എസ്എസ്എൽസി പരീക്ഷയ്ക്ക് മുമ്പ് തന്റെ ജാതി തിരുത്താൻ അവസരം ഉണ്ടായിരുന്നിട്ടും ആ കുട്ടിയോ രക്ഷിതാക്കളോ അതിന് മുതിർന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്. വിശ്വാസജീവിതത്തെ കുറിച്ച് ഒരു ചോദ്യം വന്നപ്പോൾ ഉണ്ടായതിനേക്കാൾ കൂടുതൽ അസ്വസ്ഥത അവർക്കുണ്ടായിരിക്കേണ്ടത്, സീറോമലബാർ കത്തോലിക്കാ സമൂഹത്തിൽ അംഗമാണ് ആ കുട്ടി എന്ന സർട്ടിഫിക്കറ്റിലെ സാക്ഷ്യപ്പെടുത്തലിനെക്കുറിച്ചാണ്.

എല്ലാ മതസ്ഥരും ഒരേ മനസോടെ സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുന്ന ഈ സ്ഥാപനത്തെ മോശമായി ചിത്രീകരിക്കുക എന്ന ഗൂഢ ലക്ഷ്യമാണോ ആണോ ഇതിനു പിന്നിൽ എന്ന് സംശയിക്കേണ്ടതുണ്ട്. വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ വർഗ്ഗീയമായി ദുരാരോപണങ്ങൾ ചുമത്തി ഈ പൊതുസമൂഹമധ്യത്തിൽ തരംതാഴ്ത്തി ചിത്രീകരിക്കുന്നതും അവഹേളിക്കുന്നതും ഇതാദ്യമല്ലാത്തതിനാൽ അത്തരമൊരു സംശയം അടിസ്ഥാന രഹിതമല്ല. ഇത്തരം ലക്ഷ്യങ്ങളോടെ നമുക്കിടയിൽ പ്രവർത്തിക്കുന്ന ഗൂഢ ശക്തികളെ തിരിച്ചറിയാനും ഒറ്റപ്പെടുത്താനും നാം തയ്യാറാകണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group