പൊന്നമ്പിളിക്ക് കൂട്ടായി കുഞ്ഞമ്പിളിയെത്തി; മിനി മൂൺ പ്രതിഭാസത്തിന് തുടക്കം

തിരുവനന്തപുരം: അമ്പിളിക്ക് കൂട്ടായി എത്തിയ കുഞ്ഞമ്പിളിയെ ഇനി ആകാശത്ത് കാണാം. അർജുന എന്ന ഛിന്നഗ്രഹ കൂട്ടത്തിന്റെ ഭാഗമാണ് ഈ കുഞ്ഞ് ചന്ദ്രന്‍.

ഇനിയുള്ള രണ്ട് മാസക്കാലത്തെ ചുറ്റല്‍ കഴിഞ്ഞ് നവംബർ 25-ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് മടങ്ങുന്ന മിനി മൂണ്‍ 2055-ല്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

‘2024 PT5’എന്ന് പേരുള്ള ഛിന്നഗ്രഹത്തിനെയാണ് മിനി മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു സ്കൂള്‍ ബസിന്‍റെ വലിപ്പം മാത്രമുള്ള ഈ ഛിന്നഗ്രഹം 57 ദിവസത്തേക്ക് മാത്രമേ ഭൂമിയെ ചുറ്റുകയുള്ളൂ. കഴിഞ്ഞ ദിവസം അടുത്തുകൂടെ കടന്നുപോയ ഇതിനെ ഭൂമിയുടെ ഗുരുത്വാകർഷണം ബലമായി പിടിച്ചെടുക്കുകയായിരുന്നു. നവംബർ അവസാനത്തോടെ ഈ ഛിന്നഗ്രഹം ഭൂമിയുടെ ഗുരുത്വാകർഷണത്തില്‍ നിന്ന് അകലുകയും ബഹിരാകാശ വിദൂരതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യും.

വെറും 10 മീറ്റർ വ്യാസമുള്ള 2024 പിടി5 ഛിന്നഗ്രഹം ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രനുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തിരിക്കുഞ്ഞനാണ്. ഈ ഛിന്നഗ്രഹത്തെ പ്രത്യേക ഉപകരണങ്ങളില്ലാതെ നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താനാകില്ല. നവംബർ 25-ഓടെ മിനി മൂണായ ‘2024 PT5’ ഭൂമിയുമായി വേർപിരിഞ്ഞ് കോസ്മോസില്‍ അതിന്‍റെ ഏകപഥം തുടരും. ഇതിന് മുൻപും ഛിന്നഗ്രഹങ്ങള്‍ ഭൂമിയോടടുത്തെത്തിയ സമാനസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയെ ഭ്രമണം ചെയ്യുന്നത് അപൂര്‍വമാണ്. 1981ലും 2022ലുമാണ് സമാന മിനി മൂണ്‍ പ്രതിഭാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അർജുന ബെല്‍റ്റിലെ ചില ഛിന്നഗ്രഹങ്ങള്‍ക്ക് ഭൂമിയോട് താരതമ്യേന അടുത്ത്, ഏകദേശം 4.5 ദശലക്ഷം കിലോമീറ്റർ വരെ എത്താൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. നാസയുടെ ധനസഹായത്തോടെയുള്ള പദ്ധതി ആസ്റ്ററോയിഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേർട്ട് സിസ്റ്റം (അറ്റ്‌ലസ്) ഓഗസ്റ്റ് എഴിനാണ് 2024 പിടി5 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m