വിവാഹധൂർത്തും ആർഭാടവും നിരോധന ബിൽ നിയമസഭ പാസാക്കണം : വനിതാ കമ്മിഷൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വിവാഹസംബന്ധമായ ആർഭാടവും ധൂർത്തും നിരോധിക്കുന്നത് ലക്ഷ്യമിടുന്ന കേരള വിവാഹധൂർത്തും ആർഭാടവും നിരോധനം കരട് ബില്‍ നിയമസഭ ചർച്ച ചെയ്യുകയും ആവശ്യമായ മാറ്റങ്ങളോടെ പാസാക്കുകയും വേണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി ആവശ്യപ്പെട്ടു. കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷൻ സംഘടിപ്പിച്ച ‘സ്ത്രീധന വിമുക്ത കേരളം’ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

വിവാഹധൂർത്തും ആർഭാടവും ഗുരുതരമായ സാമ്ബത്തിക സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. വധൂവരൻമാരുടെ, പ്രത്യേകിച്ച്‌ വധുവിന്റെ രക്ഷിതാക്കള്‍ക്ക് താങ്ങാൻ കഴിയാത്ത ബാധ്യതകള്‍ സൃഷ്ടിക്കപ്പെടുന്നു. വിവാഹശേഷം സ്ത്രീകള്‍ ഇതിന്റെ പേരില്‍ കൊലചെയ്യപ്പെടുന്നതോ, ആത്മഹത്യചെയ്യാൻ നിർബന്ധിതരാകുകയോ ചെയ്യുന്ന സാഹചര്യവുമുണ്ട്. വിവാഹത്തിന് മുമ്ബ് ഇരു വീട്ടുകാരും ചെലവുകള്‍ സംബന്ധിച്ച സ്റ്റേറ്റ്മെന്റ് അതത് ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്കു നല്‍കണം. ഈ സ്റ്റേറ്റ്മെന്റ് അനുസരിച്ചാണോ വിവാഹചടങ്ങുകള്‍ നടക്കുന്നതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പരിശോധിച്ച്‌ ഏഴ് ദിവസത്തിനകം റിപ്പോർട്ട് നല്‍കണം. സ്റ്റേറ്റ്മെന്റില്‍ പറഞ്ഞതിന് വിരുദ്ധമായാണ് നടക്കുന്നതെങ്കില്‍ പിഴയടക്കമുള്ള ശിഷാ നടപടികള്‍ സ്വീകരിക്കണമെന്ന വിവ്യസ്ഥ ഈ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ സ്ത്രീധന നിരോധന ഓഫീസർമാർക്ക് കൂടുതല്‍ അധികാരം നല്‍കുന്നതും കരട് ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ടെന്നും വനിതാ കമ്മിഷൻ അധ്യക്ഷ ചൂണ്ടിക്കാട്ടി.

നിയമംകൊണ്ട് എല്ലാമാകും എന്ന് കരുതുന്നില്ല. എന്നാല്‍ ചില കേസുകളിലെങ്കിലും പോലീസ് അടക്കമുള്ള നിയമ സംവിധാനങ്ങള്‍ക്ക് മുൻകൂറായി ഇടപെടാനാവും. സ്ത്രീധന പീഡനത്തിന്റെ പേരിലുള്ള ആത്മഹത്യകള്‍ കുറയ്ക്കാൻ അത് സഹായകമാവും. ഇത്തരം നടപടികളിലൂടെ സ്ത്രീധന വിമുക്ത സംസ്ഥാനാമാവാൻ സാധിക്കും. ഇതിന്റെ ഭാഗമായാണ് സ്ത്രീധന വിരുദ്ധ കാമ്ബയിന് കേരള വനിതാ കമ്മിഷൻ തുടക്കം കുറിക്കുന്നത്. സാക്ഷരത, ആരോഗ്യം, സാമൂഹികം തുടങ്ങി എല്ലാ മേഖലകളിലും കേരളം മുന്നിലാണ്. എന്നാല്‍ ആ പെരുമയ്ക്ക് കോട്ടംതട്ടിക്കുന്നതാണ് സ്ത്രീധനമെന്ന ദുരാചാരം. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് സ്ത്രീധനമെന്ന ദുഷ്പ്രവണത ഏറ്റവും കൂടുതല്‍ കാണുന്നത്. എന്നാല്‍ പരാതികള്‍ ഒന്നുംതന്നെ ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നില്ലെന്നും കമ്മിഷൻ അധ്യക്ഷ ഓർമ്മിപ്പിച്ചു.

വിവാഹത്തോടെയാണ് ജീവിതം സഫലമാകുന്നതെന്ന് പെണ്‍കുട്ടികള്‍ തെറ്റിദ്ധരിക്കരുത്. സ്ത്രീധനം ചോദിക്കുന്നവനെ വിവാഹം കഴിക്കില്ലെന്ന് തല ഉയർത്തിപിടിച്ച്‌ പറയുന്ന ഉശിരുള്ള പെണ്‍കുട്ടികളാണ് ഉണ്ടാവേണ്ടത്. നിർഭാഗ്യവശാല്‍ രക്ഷിതാക്കള്‍ ഇതിന് പരിശ്രമിക്കുന്നില്ല. വിവാഹം കഴിച്ച്‌ അയച്ചതോടെ ഉത്തരവാദിത്തം തീർന്നുവെന്നാണ് ഇവർ കരുതുന്നത്. പിന്നീട് മകള്‍ വീട്ടില്‍ വന്നുനിന്നാല്‍ സമൂഹത്തിന് മുന്നില്‍ തങ്ങളുടെ അഭിമാനം നഷ്ടമാകുമെന്നും അവർ ഭയപ്പെടുന്നു. ഈ ചിന്തയും നിരവധി കുട്ടികളുടെ മരണത്തിന് കാരണമാകുന്നു. മറിച്ച്‌ എപ്പോള്‍ വേണമെങ്കിലും വന്ന് നില്‍ക്കാനൊരിടം തന്റെ വീട്ടിലുണ്ടെന്ന ധൈര്യം മകള്‍ക്ക് പകർന്നു നല്‍കുന്ന മനസ്ഥിതിയിലേക്ക് രക്ഷിതാക്കള്‍ മറേണ്ടതുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പി.ജി. ഡോക്ടർ സ്ത്രീധനം വാങ്ങില്ലെന്ന് സത്യപ്രസ്താവന എഴുതി നല്‍കിയിരുന്നയാളാണ്. എന്നിട്ടാണ് അമിതമായ സ്ത്രീധനം ലഭിക്കാത്തതിനാല്‍ പ്രണയബന്ധത്തില്‍ നിന്നും പിൻമാറിയത്. സ്ത്രീധനം വാങ്ങില്ലെന്ന് ആണ്‍കുട്ടികളും ആത്മാഭിമാനത്തോടെ വിളിച്ചു പറയേണ്ടതുണ്ട്. എല്ലാംകണ്ട് നിസംഗമായി മാറിനില്‍ക്കുന്ന തലമുറയല്ല, പ്രതികരണ ശേഷിയുള്ള ഒരു തലമുറവേണം വളർന്നുവരുവാനെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ: പി. സതീദേവി പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group