അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: “മാനസാന്തരപ്പെടുവിൻ; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു’’(മത്താ 4,17).
അനുതാപത്തിനു പ്രത്യേക ഊന്നൽ നൽകുന്ന കാലമാണ് നോന്പുകാലം. നോന്പുകാലത്തു മാത്രമല്ല അനുദിന പ്രാർത്ഥനകളിലും വിശുദ്ധ ബലിയിലും എല്ലാം അനുതാപത്തിനു വലിയ പ്രാധാന്യം നൽകുന്നുണ്ട്. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം, അതുളവാക്കുന്ന ദുഃഖം അഥവാ പശ്ചാത്താപം, പാപങ്ങൾ ഏറ്റുപറയാനും പ്രായശ്ചിത്തം അനുഷ്ഠിക്കാനുമുള്ള സന്നദ്ധത ഇതൊക്കെയാണ് അനുതാപം എന്നതുകൊണ്ട് പൊതുവേ അർത്ഥമാക്കുന്നത്. എന്നാൽ ഇതുമാത്രം പോരാ. ഇവയേക്കാളെല്ലാം പ്രധാനമാണ് മാനസാന്തരം.
അനുതപിക്കുക, മാനസാന്തരപ്പെടുക എന്നീ രണ്ടു വാക്കുകൾ പലപ്പോഴും ഒരേ അർത്ഥത്തിൽ ഉപയോഗിക്കാറുണ്ട്. അതിനാലാണ് മർക്കോ1,15ൽ യേശുവിന്റെ ആഹ്വാനത്തെ “അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ’’എന്നു പിഒസി ബൈബിളിൽ വിവർത്തനം ചെയ്തത്. എന്നാൽ മൂലഭാഷയായ ഗ്രീക്കിൽ ഉപയോഗിച്ചിരിക്കുന്ന “മെത്താനോയിയ’’ എന്ന വാക്കിന് മനസ് മാറുക എന്നാണർത്ഥം. പുതിയൊരു മനസ്, പുതിയൊരു മനോഭാവം ഉണ്ടാകണം. പാപബോധവും പശ്ചാത്താപവും പരിഹാരപ്രവൃത്തികളുമെല്ലാം യഥാർത്ഥ മാനസാന്തരത്തിന്റെ അടയാളങ്ങളായിരിക്കണം.
തെറ്റ് മനസിലായിക്കഴിയുന്പോൾ തിരുത്താൻ തയാറാകണം. വഴിതെറ്റിയാണ് യാത്രചെയ്യുന്നതെന്നു ബോധ്യപ്പെട്ടാൽ വഴി മാറണം, ശരിയായ വഴി തെരഞ്ഞെടുക്കണം. അതു ചെയ്യാതെ എത്ര വിലപിച്ചാലും പ്രായശ്ചിത്തം അനുഷ്ഠിച്ചാലും ഫലമുണ്ടാകില്ല. “നായ ഛർദിച്ചതുതന്നെ വീണ്ടും ഭക്ഷിക്കുന്നു, കുളിച്ച പന്നി ചെളിക്കുളത്തിൽ വീണ്ടും ഉരുളുന്നു’’ (2 പത്രോ 2,22) എന്നു വിശുദ്ധ പത്രോസ് അനുസ്മരിപ്പിക്കുന്നത്, മാനസാന്തരം ഉണ്ടാകാത്ത അനുതാപ പ്രകടനങ്ങളെക്കുറിച്ചാണ്.
യഥാർത്ഥ മാനസാന്തരം ഉണ്ടാകണമെങ്കിൽ എന്റെ സ്വത്വത്തെയും ലക്ഷ്യത്തെയും ആ ലക്ഷ്യം പ്രാപിക്കാൻ ആവശ്യമായ മാർഗത്തെയുംകുറിച്ച് വ്യക്തമായ അവബോധമുണ്ടാകണം. ദൈവത്തിന്റെ മുഖം വഹിക്കുന്ന, അവിടുത്തെ സ്നേഹത്തിനു പാത്രമായ മകൻ/മകൾ ആണ് ഞാൻ, എന്നേക്കും ദൈവത്തോടൊന്നിച്ചായിരിക്കാൻ വേണ്ടിയാണ് ഞാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, ദൈവം നൽകിയിരിക്കുന്ന ജീവിതനിയമങ്ങൾ അനുസരിച്ചുള്ള ജീവിതമാണ് എന്നും ലക്ഷ്യത്തിലേക്ക് നയിക്കുക. ഈ അവബോധം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ വീണ്ടെടുക്കണം. അതായിരിക്കണം നോന്പാചരണത്തിന്റെ മുഖ്യലക്ഷ്യം…
കടപ്പാട് :.ഫാ.മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group