ക്രൂശിതനോടൊപ്പം കുരിശിന്റെ സഹനങ്ങൾ ഏറ്റെടുക്കാം….

ദുഃഖവെള്ളിയാണ് ….. ഒറ്റിക്കൊടുക്കാതിരിക്കാം
ദുഃഖവെള്ളിയുടെ ഓർമ്മകൾ ഒരിക്കൽ കൂടി നമ്മെ തേടി എത്തുന്നു. നല്ലവൻ ക്രൂശിക്കപ്പെട്ടു. കുറ്റമില്ലാത്തവൻ കുറ്റക്കാരനായി. ഒരു നിരപരാധിയും സ്വയം കുരിശിലെത്തുന്നില്ല. കുരിശ് ആരെങ്കിലും അവനിലേക്ക് എത്തിക്കുന്നതാണ്. കുരിശിലെത്തിയാൽ പക്ഷേ അവൻ വഴുതി മാറുന്നില്ല.
കുരിശ് അവനിലേക്ക് എത്തിക്കുന്നത് ഒറ്റുകാരാണ്. ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കുന്നവർ … സത്യം തങ്ങളുടെ മുഖത്തെ വികൃതമാക്കും എന്ന് ഭയപ്പെടുന്നവർ … നന്മയുടെ സാന്നിദ്ധ്യത്തിലും സാമീപ്യത്തിലും അസ്വസ്ഥപ്പെടുന്നവർ .. ഒരു നിരപരാധിക്കും സ്വയം സാക്ഷിയാകാൻ പറ്റില്ല … അവനായി സാക്ഷി പറയാൻ ആളുകളും അധികമെത്താറില്ല. ഈശോയെ കുരിശിലെത്തിച്ചത് കള്ളസാക്ഷ്യം നൽകിയവരാണ്. ചുംബിച്ചുകൊണ്ട് ഒറ്റിക്കൊടുത്തവനാണ്…. സ്നേഹത്തെ ഒറ്റിക്കൊടുത്തവൻ … വഞ്ചന സ്നേഹം കൊണ്ട് പൊതിഞ്ഞാലും അത് വഞ്ചനയാകാതിരിക്കില്ല.
ഒഴുക്കിനെതിരെ നീന്താൻ ധൈര്യം വേണം … ഒഴുക്കിനൊത്തുപോകാൻ വളരെ എളുപ്പം …. പക്ഷെ അതല്ല എന്റെ വിളി… അത് സത്യത്തെ പുൽകാനാണ്. നന്മയെ ആശ്ലേഷിക്കാനാണ്. അതാണ് ക്രൈസ്തവ ധർമ്മം…. അതാണ് ശരിയായ ക്രിസ്തുസാക്ഷ്യം.
അതിനു പറ്റിയില്ലെങ്കിലും സത്യത്തെ ഒറ്റിക്കൊടുക്കാതിരിക്കാം. നന്മയെ തള്ളിപ്പറയാതിരിക്കാം. പിത്രുഹിതം അനുസരിക്കുകയായിരുന്നു ക്രിസ്തുനാഥൻ. അനുസരണം കുരിശുവരെ എത്തിച്ചെങ്കിലും അവിടുന്ന് പിന്മാറിയില്ല. മരണത്തെയും സന്തോഷത്തോടെ വരിച്ച അനുസരണം… പിതൃഹിതം അനുസരിക്കുക പുത്രധർമ്മം. അത് സാധിക്കാതെ വരുന്നത് പരാജയം.
അർഹിക്കാത്തത് വേണമെന്നുള്ള അമിതമായ ആഗ്രഹമാണ് നമ്മെ ഒറ്റുകാരാക്കുന്നത്. യൂദാസിന് പറ്റിയത് അതാണ്. നമുക്ക് യൂദാസുമാരാകാതിരിക്കാം. ഒറ്റുകാരൻ എന്ന ലേബലിനേക്കാൾ നല്ലത് ഒറ്റിക്കൊടുക്കപ്പെട്ടവൻ എന്ന ലേബലാണ്. ഒറ്റുകാരന്റെ അന്ത്യം ഭയാനകമായിരുന്നു. ഒറ്റിക്കൊടുക്കപ്പെട്ടവന് പിതാവിന്റെ സമാശ്വാസം ലഭിച്ചു. ഉയിർപ്പ് ഒറ്റിക്കൊടുക്കപ്പെട്ടവന് അവകാശപ്പെട്ടത്. ആ ഉയിർപ്പിനായ് നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group