അയര്‍ലണ്ടില്‍ ദരിദ്രമായ ചുറ്റുപാടുകളില്‍ ജനിച്ചു വീണിട്ടും ആയിരക്കണക്കിന് മനുഷ്യരെ ജപമാല ഭക്തരാക്കുകയും അതുവഴി യേശു ക്രിസ്തുവിലേക്ക് അടുപ്പിക്കുകയും ചെയ്ത വൈദികനാണ് പാട്രിക്ക് പെയ്റ്റണ്‍. ഒന്‍പത് മക്കളുടെയും വയര്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന്റെ അപ്പന്‍ പകലന്തിയോളം കഷ്ടപ്പെടുമായിരുന്നു. രാത്രിയാകുമ്പോള്‍ ആ ഒന്‍പത് പേരെയും അയാള്‍ അടുത്തേക്ക് വിളിപ്പിക്കും. തുടര്‍ന്ന് ഒരേസ്വരത്തില്‍ ജപമാല മണികള്‍ ആ കൂരയില്‍ നിന്നുയരും. തന്റെ അപ്പന്‍ ഏറ്റുചെല്ലാന്‍ പഠിപ്പിച്ച ജപമാല അദ്ദേഹത്തിന്റെ നൊമ്പരങ്ങളെ മാധുര്യമാക്കി, കണ്ണീരിനെ ആനന്ദമാക്കി.
പാട്രിക്കിന് ലഭിച്ച വിദ്യാഭ്യാസ വഴികളിലും ഞെരുക്കങ്ങളായിരുന്നു. രണ്ടു മുറികള്‍ മാത്രമുള്ളൊരു സ്‌കൂളിലാണ് അദ്ദേഹം കുട്ടിക്കാലത്ത് പഠിച്ചിരുന്നത്. എല്ലാ ദിവസവും വി. കുര്‍ബാനയില്‍ സംബന്ധിച്ചതിനു ശേഷമാണ് സ്‌കൂളിലേയ്ക്ക് പോകുന്നത്. മൂന്ന് മൈല്‍ ദൂരത്തിലധികം സ്‌കൂളും പള്ളിയുമായിരുന്നിട്ടും ‘എനിക്ക് ലഭിച്ചത് അനുഗ്രഹമാണ്’ എന്ന് അദ്ദേഹം വിശ്വസിക്കുകയും കരുതുകയും ചെയ്തു. മുതിര്‍ന്നപ്പോള്‍ വൈദികനാകാന്‍ പാട്രിക്ക് ആഗ്രഹിച്ചു. എന്നാല്‍ ഒരു സന്യാസസമൂഹവും ആദ്ദേഹത്തിനെ സ്വീകരിക്കാന്‍ കൂട്ടാക്കിയില്ല. മാസം തോറുമുള്ള വിദ്യാഭ്യാസ ചിലവുകള്‍ തന്നെയായിരുന്നു കാരണം. അതുകൊണ്ട് പാട്രിക്ക് തന്റെ വൈദികമോഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു.
നാളുകള്‍ക്ക് ശേഷം തന്റെ സഹോദരനായ ടോമിനൊപ്പം അമേരിക്കയിലേക്ക് പോകാന്‍ പാട്രിക്ക് തയ്യാറെടുത്തു. പണക്കൊഴുപ്പും തൊഴിലും വാഗ്ദാനം ചെയ്തുകൊണ്ട് അമേരിക്കന്‍ സാമ്രാജ്യത്വം ലോകമെമ്പാടുമുള്ളവരെ ആകര്‍ഷിച്ചടുപ്പിക്കുന്ന കാലഘട്ടമായിരുന്നത്. ‘ദൈവത്തിലുള്ള വിശ്വാസത്തെ എവിടെയായാലും കൈവെടിയാതെ നോക്കുകയെന്നേ എനിക്ക് പറയാനുള്ളു’, പാട്രിക്കും സഹോദരനും അപ്പന്റെ ആ വാക്കുകള്‍ മൂളികേട്ടു. നിറകണ്ണുകളോടെ തന്റെ കുടുംബത്തിനോട് യാത്ര ചോദിച്ച്‌കൊണ്ട് അവര്‍ ഇരുവരും അമേരിക്കയിലേക്ക് കപ്പല്‍കയറി. പെന്‍സില്വാനിയില്‍ വന്നിറങ്ങിയതിനു ശേഷം ടോമിനൊരു കല്‍ക്കരിഫാക്ടറിയില്‍ ജോലി ലഭിച്ചു.
സ്ഥലത്തെ ഇടവക ദേവാലയത്തില്‍ കപ്യാര്‍ ജോലിയായിരുന്നു പാട്രിക്കിന്. വി. കുര്‍ബാനയില്‍ സദാ ഭാഗമാകാന്‍ കഴിഞ്ഞതോടെ അദ്ദേഹത്തിന്റെയുള്ളില്‍ വീണ്ടും വൈദികമോഹം ഉടലെടുത്തു. അങ്ങനെ സഹോദരനായ ടോമിനോടൊപ്പം പാട്രിക്ക് നോത്രെ ദാമിലെ സെമിനാരിയില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. വിശുദ്ധ കുരിശിന്റെ വൈദികരാകാന്‍ അവര്‍ ഇരുവരും അതിയായി ആഗ്രഹിച്ചു. ദൈവശാസ്ത്ര പഠനത്തില്‍ പാട്രിക്കിന് അസാമാന്യ മികവുണ്ടായിരുന്നു. വാഷിംഗ്ടണ്‍ ഡി.സിയില്‍ പഠനം പുരോഗമിക്കുന്ന കാലഘട്ടത്താണ് പാട്രിക്കിന് ക്ഷയരോഗം പിടിപെടുന്നത്. എല്ലാ ദിവസവും രക്തം ചര്‍ദ്ദിക്കുകയെന്ന നിലയിലേക്കത് അദ്ദേഹത്തെ കൊണ്ടെത്തിച്ചു. അവശനായ അദേഹത്തെ തിരിച്ച് നോത്രെ ദാമിലെ ആതുരശാലയിലേക്ക് അധികൃതര്‍ പറഞ്ഞയച്ചു. ഒരു വര്‍ഷം കഴിഞ്ഞിട്ടും രോഗത്തില്‍ കാര്യമായ മാറ്റമൊന്നുമില്ലാത്തിനാല്‍ വൈകാതെ തന്നെ അദ്ദേഹം മരിച്ചുപോകുമെന്ന് എല്ലാവരും കരുതി.
ഒരിക്കല്‍ അദ്ദേഹത്തിന്റെ സഹപാഠിയായിരുന്ന ഒരു സുഹൃത്ത് കടന്നുവന്നു. ‘നൂറു ശതമാനവും നിനക്ക് സൗഖ്യം തരാന്‍ ഒരാള്‍ വഴി കഴിയും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം. വിശ്വാസമുണ്ടോ നിനക്ക്?’. സുഹൃത്തിന്റെ ആ ചോദ്യം മരണകിടക്ക യിലിരുന്നുകൊണ്ട് പാട്രിക്ക് മനസ്സിലാവര്‍ത്തിച്ചു. എനിക്ക് വിശ്വാസമുണ്ടോ? മുമ്പുണ്ടായിരുന്നതിലും അധികവിശ്വാ സത്തോടെ അദ്ദേഹം ജപമാലമണികള്‍ കൈയിലെടുത്തു. നിരന്തരം ജപമാല ഉരുവിട്ടുകൊണ്ടിരുന്ന പാട്രിക്ക്, ഒരുനാള്‍ വൈകുന്നേരം താന്‍ സുഖമാക്കപ്പെട്ടിരിക്കുന്നുവെന്ന് മറ്റുള്ളവരെ അറിയിച്ചു.
1939 ഡിസംബര്‍ 8, മാതാവിന്റെ ജനനതിരുനാള്‍ ദിനത്തില്‍ പാട്രിക്ക് സുഖപ്പെട്ടിരിക്കുന്നുവെന്ന വിവരം എല്ലാവരെയും അത്ഭുതസ്തബ്ധരാക്കി. തുടര്‍പഠനത്തിനായി വീണ്ടും ഉത്സാഹപൂര്‍വ്വം ഒരുങ്ങവെ, തന്റെ വൈദിക ജീവിതം പരി. അമ്മയ്ക്കുള്ള സമര്‍പ്പണമായിരിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
അമേരിക്കയില്‍ ജപമാല പ്രചരിപ്പിക്കുകയെന്ന ദൗത്യം പിന്നീട് അദ്ദേഹം തിരഞ്ഞെടുത്തു. വൈദികപട്ടം ലഭിച്ചയുടന്‍ തന്നെ നിരവധി ഇടവകളില്‍ ചെന്ന് തന്റെ അനുഭവസാക്ഷ്യം പ്രചരിപ്പിക്കുന്നതിലും മാതാവിന്റെ ശക്തിയെ ബോധ്യപെടുത്തുന്നതിലുമായിരുന്നു പാട്രിക്കിന്റെ ശ്രദ്ധ. ആല്‍ബനിയിലെ റേഡിയോ സ്‌റ്റേഷനിലൂടെ ജപമാല രഹസ്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിലായി പാട്രിക്കിന്റെ അടുത്ത ശ്രമം.
ഏറെ വൈകാതെ തന്നെ ദേശീയ റേഡിയോയിലേക്ക് അദ്ദേഹത്തിന് ക്ഷണം വന്നു. അമേരിക്ക മുഴുവന്‍ ജപമാല ശ്രവിക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയാല്‍ പാട്രിക്ക് ഏറെ സന്തോഷവാനായി. അദ്ദേഹത്തോടൊപ്പം സഹായവുമായി വൈദികരും മറ്റുള്ളവരും കടന്നുചെന്നു. എന്നാല്‍ അവ തുടക്കം മാത്രമായിരുന്നു. 1948 ല്‍ അദ്ദേഹം ‘ഫാമിലി റോസരി ക്രൂസേയ്ഡ്‌സ്’ എന്ന പേരില്‍ വലിയ ജപമാല റാലി സംഘടിപ്പിച്ചു. നിരവധി രാജ്യങ്ങളിലെ മെത്രാന്മാര്‍ അദ്ദേഹത്തെ നേരിട്ട് ക്ഷണിക്കാനായി വന്നു. അതേ സമയം ജപാല റാലി പലയിടത്തും പടര്‍ന്നു കയറുകയായിരുന്നു. ലക്ഷകണക്കിന് ജനങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി, ജപമാലയുടെ ഭാഗമായി. 1985 വരെ പല രാജ്യങ്ങളിലും സഞ്ചരിച്ച് അദ്ദേഹം റാലികള്‍ നടത്തിയിരുന്നു. ജപമാല റാലികള്‍ക്ക് പുറമെ, ക്രിസ്തുവിന്റെ ജീവിതത്തെ ആധാരമാക്കി മൂന്നു സിനിമകള്‍ ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ അദ്ദേഹം സ്‌പെയിനില്‍വെച്ച് നിര്‍മ്മിച്ചു. അതോടൊപ്പം ഹോളിവുഡ് താരങ്ങളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ടെലിവിഷന്‍ പരിപാടികള്‍, ഡോക്യുമെന്ററികള്‍, നാടകങ്ങള്‍ എന്നിവയ്‌ക്കൊക്കെ നേതൃത്വം നല്‍കുകയും ചെയ്തു..
അന്നത്തെ മാര്‍പാപ്പ, ബിഷപ്പുമാര്‍ എന്നിവര്‍ പാട്രിക്കിന്റെ അതുല്യസേവനത്തെയും പ്രതിഭയെയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു. ലോകത്തിലെ ഏകദേശം 28 ദശലക്ഷം ജനങ്ങളുടെ അടുത്തെത്തി, അവര്‍ക്ക് വിശ്വാസബോധ്യവും ജപമാലയെന്ന പ്രാര്‍ത്ഥനയും നല്‍കിയ ആ മനുഷ്യന്റെ യാത്രകള്‍ അവസാനിക്കുന്നത് 1992 ജൂണ്‍ മാസം, മൂന്നാം തീയതി ആയിരുന്നു. ഫാ. പാട്രിക്ക് പെയ്റ്റണ്‍ എന്ന വ്യക്തിയുടെ പ്രഭ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊണ്ടായിരുന്നു ആ മടക്കം. അദ്ദേഹം തുടക്കമിട്ട പല സംരഭങ്ങളും, സ്ഥാപനങ്ങളും, പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കാന്‍ പിന്‍ഗാമികള്‍ വന്നുകഴിഞ്ഞിരുന്നു. ‘ഒന്നിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമയോടെ നിലനില്‍ക്കും, ലോകസമാധാനം പ്രാര്‍ത്ഥനയിലൂടെ എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ വാക്കുകളാണിത്. 2001 ല്‍ കത്തോലിക്കാ സഭയിലെ ദൈവദാസന്മാരുടെ നിരയിലേക്ക് ഫാ. പാട്രിക്കിനെ ഉയര്‍ത്തുകയും, വിശുദ്ധ നടപടികള്‍ വത്തിക്കാനില്‍ ആരംഭിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group