മദ്യക്കുപ്പി തകർത്തു, വെള്ളത്തിൽ ഒഴുക്കി; മദ്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻ വേറിട്ടൊരു യജ്ഞം

തൈക്കാട്ടുശ്ശേരി: മദ്യവിമുക്ത ഇടവകയാകാനുള്ള ആഹ്വാനവുമായി സ്വാതന്ത്ര്യദിനത്തില്‍ തൈക്കാട്ടുശ്ശേരി സെയ്ൻറ് പോള്‍സ് പള്ളിയില്‍ നടന്ന പരിപാടി ശ്രദ്ധേയമായി.

രാവിലെ ദിവ്യബലിക്കുശേഷം ഇടവകയിലെ പുരുഷന്മാർ മദ്യക്കുപ്പി തകർത്തും വെള്ളത്തില്‍ ഒഴുക്കിയുമാണ് പ്രതീകാത്മക പരിപാടിയില്‍ പ്രതിജ്ഞയെടുത്തത്.

ഇടവക വികാരി ഫാ.സ്റ്റാഴ്സണ്‍ കള്ളിക്കാടന് ഭവന സന്ദർശനം നടത്തുമ്ബോഴുണ്ടായ ഒരു തിക്താനുഭവമാണ് പ്രേരണ. അറിയപ്പെടുന്ന വചനപ്രഘോഷകൻകൂടിയായ വികാരിയച്ചൻ ഒരു വീട്ടില്‍ മദ്യപിച്ച്‌ ലക്കുകെട്ട് കിടക്കുന്ന ഗൃഹനാഥനെ കാണാനിടയായി. ആ കാഴ്ച കണ്ട് നൊമ്ബരം തോന്നി. മദ്യപാനംമൂലം അയാളുടെ ഭാര്യ അകന്നുകഴിയുകയായിരുന്നു. ഇയാളെ കാണാൻ പലപ്പോഴും വികാരിയച്ചനെത്തി. പതിവായ ഈ സന്ദർശനം അയാളില്‍ മാറ്റം വരുത്തി.

മദ്യപാനശീലം ഉപേക്ഷിക്കുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച ഇദ്ദേഹത്തെ വൈദികൻ അതിരൂപതയുടെ ചേറൂരിലെ ലഹരിവിമുക്തകേന്ദ്രത്തിലെത്തിച്ചു. കുറച്ചുദിവസം അവിടെ ചികിത്സയും ബോധവത്കരണവുമൊക്കെ നല്‍കി. പിന്നീട് ഇദ്ദേഹം മദ്യപിച്ചില്ല. തുടർന്ന് വീട്ടിലേക്കു മടങ്ങി. മുടങ്ങാതെ പള്ളിയില്‍ പോകും. മദ്യപാനം ഉപേക്ഷിച്ചതായി ബോധ്യപ്പെട്ടതോടെ ഭാര്യയും തിരിച്ച്‌ വീട്ടിലെത്തി. ഇപ്പോള്‍ അവർ സുഖമായി ജീവിക്കുന്നു. സ്വഭാവത്തിലും കാഴ്ചയിലും ആകപ്പാടെ മാറിപ്പോയ ഈ ഗൃഹനാഥന്റെ അനുഭവമാണ് പദ്ധതിക്കുള്ള പ്രചോദനം. നെസ്റ്റ് ഡയറക്ടർ ഫാ. ടിജോ മുള്ളക്കരയും ചടങ്ങിനെത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group