യുവജനസംഗമത്തിന് തയ്യാറെടുത്ത് ലിസ്ബൺ Lisbon is ready………


ലിസ്ബൺ :ലോക യുവജന സംഗമം 2023-ൽ  നടത്തുന്നതിന്റെ ഭാഗമായി പുതിയ ലോഗോ തയ്യാർ. 2023-ൽ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിന്റെ ആതിഥേയത്വത്തിലാണ് യുവജന സംഗമം നടത്താൻ തീരുമായിരിക്കുന്നത്. ലോക യുവജന സംഗമത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ വലിയ ഇടയനായി തിരഞ്ഞെടുത്തഗിന്റെ വാർഷികമായ ഒക്ടോബർ 16-നായിരുന്നു ലോഗോ പ്രകാശനം നടത്തിയത്. ലോഗോയിൽ നാല് നിറത്തിൽ ആറ് പ്രതീകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജപമാല, കുരിശടയാളം, പരിശുദ്ധാത്മാവിന്റെ  പ്രതീകമായ വെള്ളരി പ്രാവ്, ദൈവ സാന്നിധിയിലേക്കുള്ള പാത, പോർച്ചുഗലിന്റെ ദേശീയ പതാക എന്നിവയാണ് ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആറ് പ്രതീകങ്ങൾ.

പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ സംഗമം നടത്തുന്നതിനാൽ പോർച്ചുഗൽ പതാകയെ പ്രതിനിധീകരിക്കുന്ന പച്ച, മഞ്ഞ, ചുവപ്പ്, നിറങ്ങൾ ലോഗോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. “മറിയം തിടുക്കത്തിൽ പുറപ്പെട്ടു” എന്ന തിരുവചനമാണ് ഇത്തവണ ആപ്തവാക്യമായി തിരഞ്ഞെടുത്തിരിക്കുന്നത്. ലോഗോയുടെ മുഖ്യ ആശയമായി തിരഞ്ഞെടുത്തിരിക്കുന്നത് പരിശുദ്ധ മാറിയത്തെയുമാണ്. വിശുദ്ധ കുരിശിനോട് ചേർന്ന് നിൽക്കുന്ന ദൈവ മാതാവ്, കുരിശിന്റെ മുകൾ ഭാഗത്തേക്ക് നീളുന്ന പാതയും ജപമാലയും, പാതയിൽ ദൃശ്യമാകുന്ന എന്നിവ പോർച്ചുഗൽ പതാകയെ പ്രതിനിധീകരിക്കുന്ന മൂന്ന് നിറങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. വെള്ളയാണ് ലോഗോയിൽ കാണുന്ന നാലാമത്തെ നിറം. മാതാവിനോടുള്ള പോർച്ചുഗൽ ജനതയുടെ ഭക്തിയും ആത്മീയതയുമാണ് ഈ ലോഗോയുടെ അടിസ്ഥാന ഘടകം.

കുരിശിന് മുകളിലേക്കുള്ള പാത സൂചിപ്പിക്കുന്നത് അലസതയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഊർജ്ജസ്വലതയോടെ കർമ്മ നിരതരാവാൻ യുവജനങ്ങൾക്കുള്ള വിളിയായിട്ടാണ്. പരിശുദ്ധ അമ്മ തിരഞ്ഞെടുത്ത എളിമയുടെയും ദൈവഭയത്തിന്റെയും മാർഗ്ഗം യുവജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്നതാണ്. കുരിശിന് മുകളിൽ തെളിയുന്ന പാത ലോക നിർമ്മിതിയിൽ ക്രിസ്തുവിനൊപ്പം ഐക്യപ്പെട്ട് ജീവിതം നയിക്കാൻ യുവജനങ്ങൾക്കുള്ള ക്ഷണമാണ് കുരിശിന്റെ മുകളിലുള്ള ദൈവസന്നിധിലേക്കുള്ള പാത.

ദൈവത്തിന്റെ കുഞ്ഞാടായി ലോകത്തിലേക്ക് വന്ന യേശുക്രിസ്തുവിന് ഭൂമിയിൽ പിറവികൊള്ളാൻ യുവതിയായ മറിയത്തിന്റെ ഉദരം തിരഞ്ഞെടുത്തതും, അതോടൊപ്പം മാതാവിന്റെ രൂപവും  ലോഗോയിൽ  ഉൾക്കൊള്ളിച്ചിട്ടുണ്ട്. പോർച്ചുഗൽ സ്വദേശിയായ 24 വയസ്സുകാരി ബിയാട്രിക്‌സ് റോക്ക് ആന്റെനെസ്സ് ആണ് ലോഗോയുടെ ശില്പി. ലണ്ടനിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ പഠനം പൂർത്തിയാക്കിയ ബിയാട്രിക്‌സ്,  ലിസ്ബണിലെ ഒരു കമ്മ്യൂണിക്കേഷൻ ഏജൻസിയിലാണ് ജോലിചെയ്യുന്നത്.

മുപ്പതോളം രാജ്യങ്ങളിൽനിന്ന് സമർപ്പിക്കപ്പെട്ട ആയിരക്കണക്കിന് എൻട്രികളിൽ നിന്നാണ് ബിയാട്രിക്സിന്റെ ലോഗോ തിരഞ്ഞെടുത്തത്. നിഷ്ക്രിയരാവാതെ, ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ യുവജനങ്ങളെ പ്രേരിപ്പിക്കാനും ഒപ്പം ലോകത്തെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമാകുവാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലോഗോയ്ക്ക് കഴിയുമെന്നാണ് ബിയാട്രീസിന്റെ കണ്ടെത്തൽ.

ദക്ഷിണ അമേരിക്കൻ രാജ്യമായ പനാമയായിരുന്നു 2019-ലെ യുവജന സംഗമവേദി. 2022ൽ നടക്കേണ്ടിയിരുന്ന ലോക യുവജനസംഗമം കോവിഡ് മഹാമാരിയുടെ  പശ്ചാത്തലത്തിൽ 2023ലേക്ക് നീട്ടിവെക്കുകയാണുണ്ടായത്. യുവജനങ്ങളാണ് സഭയുടെ ഭാവിയെന്ന ആശയം ഉൾകൊണ്ട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തുടക്കം കുറിച്ച ലോക യുവജന സംഗമം തുടക്കത്തിൽ തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. രണ്ടോ മൂന്നോ വർഷത്തിന്റെ ഇടവേളയിലാണ് യുവജനസംഗമം നടത്തപ്പെട്ടിരുന്നത്.