കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങളിലെ അതിരുവിട്ട അഭ്യാസ പ്രകടനങ്ങൾ അനുവദിക്കരുതെന്ന കർശന നിർദേശവുമായി ഹൈക്കോടതി.
ഇതുസംബന്ധിച്ച് പൊലിസ് മേധാവിയും ഗതാഗത കമ്മിഷണറും നടപടി ഉറപ്പ് വരുത്തണമെന്നും നിർദേശത്തിൽ കോടതി വ്യക്തമാക്കി. കോഴിക്കോട് ഫാറൂഖ് കോളജിലേയും കണ്ണൂര് കോളജിലെയും അതിരുവിട്ട ഓണാഘോഷത്തിനെതിരേ പ്രോസിക്യൂഷൻ നടപടികൾ വേണമെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് ഉത്തരവിട്ടു.
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോളജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹന അഭ്യാസത്തിൽ ഹൈക്കോടതി ഇടപെട്ടത്. കോഴിക്കോട്, കണ്ണൂർ കോളജുകളിൽ ഉപയോഗിച്ച മുഴുവൻ വാഹനങ്ങളും കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താൻ കോടതി നിർദേശം നൽകി. വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. വാഹനത്തിൽ അഭ്യാസം നടത്തിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോടതിക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചു.
സംഭവത്തിൽ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളുടെ ഫോട്ടോയും കോടതിക്ക് കൈമാറി. വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കണമെന്നാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. ഗതാഗത കമ്മിഷണർ വിശദമായ റിപ്പോർട്ട് നല്കണമെന്ന് നിർദേശിച്ച കോടതി ഹർജി 27ന് പരിഗണിക്കാൻ മാറ്റി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അഭ്യാസം അനുവദിക്കരുതെന്ന് കോടതി ഉത്തരവിട്ടു. കറുത്ത വസ്ത്രങ്ങളണിഞ്ഞ് ബഹളത്തോടെ ഓഡി അടക്കമുള്ള ആഡംബര വാഹനങ്ങളിലായിരുന്നു ഫാറൂഖ് കോളജ് വിദ്യാർത്ഥികൾ റോഡ് ഷോ നടത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group