ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്?’’(ഏശയ്യ 58:6-7).
വലിയ പ്രതീക്ഷകളോടെ ബാബിലോണ് പ്രവാസത്തിൽനിന്നു മടങ്ങിവന്ന ജനത്തിന് പ്രവാചകന്മാർ വാഗ്ദാനം ചെയ്ത സന്പത്തും സമൃദ്ധിയും സന്തോഷവും ഒന്നും ലഭിച്ചില്ല. മറിച്ച്, ദാരിദ്ര്യവും പട്ടിണിയും അവരെ ഞെരുക്കി (നെഹെ 5:1-5). സ്വന്തം നാട്ടിൽത്തന്നെ അനേകർ ആഹാരത്തിനുവേണ്ടി അടിമകളായി സ്വയം വില്ക്കാൻ നിർബന്ധിതരായി. അവരുടെ പ്രാർഥനകളും ഉപവാസവും ഒന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല. അവരുടെ ചോദ്യങ്ങൾ പ്രവാചകൻ എടുത്തുപറയുന്നു. “ഞങ്ങൾ എന്തിന് ഉപവസിച്ചു? അങ്ങ് അതു കാണുന്നില്ലല്ലോ! ഞങ്ങൾ എന്തിന് ഞങ്ങളെത്തന്നെ എളിമപ്പെടുത്തി? അങ്ങ് അത് ശ്രദ്ധിക്കുന്നില്ലല്ലോ’’ (ഏശയ്യ 8:3).
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രവാചകൻ നല്കുന്നത്. ഏതാനും അനുഷ്ഠാനങ്ങളിൽ ഒതുങ്ങിനിൽക്കുന്നതല്ല ദൈവം ആഗ്രഹിക്കുന്ന അനുതാപവും മാനസാന്തരവും. ഒരു ദിവസത്തേക്ക് ആഹാരം ഉപേക്ഷിച്ച്, മുഖം വാടി, തലകുനിച്ചു നടക്കുന്നതല്ല, ചാക്കുടുത്ത് ചാരത്തിൽ കിടന്ന് വിലപിക്കുന്നതുമല്ല ഉപവാസം. ജീവിതവീക്ഷണത്തിലും ജീവിതക്രമത്തിലും പരസ്പരബന്ധങ്ങളിലും എല്ലാം സമഗ്രമായൊരു നവീകരണം ഉണ്ടാകണം. പരസ്പരം കുറ്റം പറയുന്ന ദുർഭാഷണം ഒഴിവാക്കണം. വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കണം. എല്ലാവർക്കും നീതി ലഭ്യമാകുന്നതിനുവേണ്ട ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടണം.
കർത്താവിന് പ്രീതികരമായ ജീവിതത്തിന്റെ അടയാളമാണ് ക്രിയാത്മകമായ സഹോദരസ്നേഹം. അന്തിമവിധിയുടെ മാനദണ്ഡമായി യേശു എടുത്തുകാട്ടിയ ആറു കാര്യങ്ങൾ (മത്തായി 25:31-46) ഇപ്രകാരം ഒരു നവീകരണത്തിന്റെ സ്വഭാവത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. സ്നേഹമാണ് ഏറ്റവും വലിയ പ്രമാണം. ദൈവസ്നേഹവും പരസ്നേഹവും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കണം. അതിന്റെ ദൃശ്യമായ അടയാളവും പ്രകടനവുമായിരിക്കണം സഹോദരസ്നേഹം. യേശു നൽകിയ പുതിയ പ്രമാണമാണിത് (യോഹ13:34).
ഇപ്രകാരമുള്ള, പ്രവൃത്തിയില്ലാത്ത വിശ്വാസജീവിതം അർഥശൂന്യമാണ്. ആചാരാനുഷ്ഠാനങ്ങൾ വ്യക്തമായ സുരക്ഷിതത്വബോധം നൽകും എന്നതിനാൽ അപകടകരവും. “ലൗകികസന്പത്ത് ഉണ്ടായിരിക്കെ, ഒരുവൻ തന്റെ സഹോദരനെ സഹായം അർഹിക്കുന്നവനായി കണ്ടിട്ടും അവനെതിരേ ഹൃദയം അടയ്ക്കുന്നെങ്കിൽ അവനിൽ ദൈവസ്നേഹം എങ്ങനെ കുടികൊള്ളും? കുഞ്ഞുമക്കളെ വാക്കിലും സംസാരത്തിലുമല്ല നാം സ്നേഹിക്കേണ്ടത്, പ്രവൃത്തിയിലും സത്യത്തിലുമാണ്’’(1 യോഹ 3:17-18). ഈ ഉപദേശം നോന്പുകാലത്ത് മാത്രമല്ല, ജീവിതത്തിന് മുഴുവൻ മാർഗദർശം നൽകണം.
കടപ്പാട് :ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group