ആഗോള ബൈബിൾ ഞായർ’ ആചരണത്തിന്റെ ഭാഗമായി 100 മണിക്കൂർ നീളുന്ന ‘ബൈബിൾ മാരത്തണി’ന് (അഖണ്ഡ ബൈബിൾ പാരായണം) തുടക്കം കുറിച്ച് അമേരിക്കൻ സംസ്ഥാനമായ ലൂസിയാനയിലെ ലഫായെറ്റ് രൂപത. ലഫായെറ്റ് രൂപതയിലെ പ്രാർത്ഥനാ കൂട്ടായ്മയായ ‘ദ കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ‘ബൈബിൾ മാരത്തണി’നെ ഇത്തവണ സവിശേഷമാക്കുന്നത്, ‘ഫ്രെയർ ട്രക്ക്’ എന്ന പേരിൽ വചനപീഠം ഒരുക്കിയ ഒരു വിന്റേജ് ട്രക്കിന്റെ സാന്നിധ്യമാണ്
അഗ്‌നിശമന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ‘ഫയർ ട്രക്കി’ന് രൂപമാറ്റം വരുത്തിയാണ് ‘ഫ്രെയർ ട്രക്ക്’ തയാറാക്കിയിരിക്കുന്നത്. ട്രക്കിൽ കോവണി ഇരുന്നിരുന്ന ഭാഗത്താണ് യൂറോപ്പിൽനിന്ന് വാങ്ങിയ ‘പുൾപിറ്റ്’ (വചനപാരായണത്തിന് ഉപയോഗിക്കുന്ന പീഠം) സ്ഥാപിച്ചിരിക്കുന്നത്. അവിടെ കയറിനിന്നാകും 100 മണിക്കൂർ വചനപാരായണം നടത്തുക. ‘ബൈബിൾ ഇൻ ദ ഫയർ ട്രക്ക്’ എന്നുകൂടി വിശേഷിപ്പിക്കപ്പെടുന്ന ‘ഫ്രെയർ ട്രക്കി’ൽ സൗജന്യമായി വിതരണം ചെയ്യാൻ 100 ബൈബിളുകളും ഒരുക്കിയിട്ടുണ്ട്. വിശ്വാസീസമൂഹത്തിന് ഹന്നാൻ വെള്ളം ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങളും ട്രക്കിലുണ്ട്.
ബൈബിൾ മാരത്തണിനുശേഷം, സമർപ്പിത സമൂഹം തെരുവുകൾതോറും ക്രമീകരിക്കുന്ന വചനപ്രഘോഷണ ശുശ്രൂഷകൾക്കായി വിനിയോഗിക്കാം എന്ന ലക്ഷ്യത്തോടെയാണ് 1977 മോഡൽ ട്രക്ക് വാങ്ങിയിരിക്കുന്നത്. ലഫായെറ്റ് രൂപതാ ബിഷപ്പ് ഡഗ്ലസ് ഡെഷോട്ടൽ ഇക്കഴിഞ്ഞ ദിവസം ട്രക്കിന്റെ ആശീർവാദകർമവും നിർവഹിച്ചു. കരുണയുടെ വർഷത്തിൽ നടന്ന പ്രഥമ ബൈബിൾ മാരത്തണിനായി 2016ൽ ഫ്രാൻസിസ് പാപ്പ ആശീർവദിച്ച് നൽകിയ ബൈബിളാണ് ഇത്തവണയും ഉപയോഗിക്കുന്നത്.
ജനുവരി 19ന് ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന ബൈബിൾ പാരായണം, ആഗോള ബൈബിൾ ഞായർ ആചരിക്കുന്ന 23 വൈകീട്ട് 4.30നാണ് സമാപിക്കുക. സെന്റ് മാർട്ടിൻവില്ലിലെ സെന്റ് മാർട്ടിൻ ഡി ടൂർസ് ദൈവാലയ ചത്വരമാണ് വചനപാരായണ വേദി. വിവിധ ഭാഷകളിലായി 300 പേരാണ് തിരുവചനം വായിക്കുക. വചന പാരായണം ശ്രവിക്കാനും തിരുവചനം ധ്യാനിക്കാനും മുൻ വർഷങ്ങളിലേതുപോലെ അനേകരുടെ സാന്നിധ്യം ഇത്തവണയും ഉണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
ദൈവവചനത്തോടുള്ള സ്‌നേഹം ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ദ കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡ്’ ബൈബിൾ മാരത്തണിന് തുടക്കം കുറിച്ചത്. കത്തോലിക്ക വിശ്വാസം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group