“ഞാൻ നിങ്ങളോടു പറയുന്നു. ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും” (മത്താ 5; 44).
സമഗ്രമായ ജീവിത രൂപീകരണത്തിനു പ്രത്യേകമായി ശ്രദ്ധിക്കാൻവേണ്ടി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്ന ദിവസങ്ങളാണ് നോന്പുകാലം. നവീകരണത്തിൽ ഏറ്റവും പ്രധാനം സ്നേഹമാണ്. യേശു തന്റെതന്നെ ജീവിതം മാതൃകയായി എടുത്തുകാട്ടിക്കൊണ്ടുപറഞ്ഞതാണ്, ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്ന്. പരിധിയില്ലാത്ത സ്നേഹത്തിനുള്ള ആഹ്വാനമാണ് മലയിലെ പ്രസംഗമധ്യേ, പുതിയ നിയമമായി യേശു അവതരിപ്പിച്ചത്.
ഏബ്രഹാമിന്റെ മക്കളും സീനായ് ഉടന്പടിയിലൂടെ ദൈവജനമായി തെരഞ്ഞെടുക്കപ്പെട്ടവരുമാണ് തങ്ങൾ എന്ന് ഇസ്രായേൽക്കാർ ന്യായമായും വിശ്വസിച്ചു, അഭിമാനിച്ചു. ഇസ്രായേൽക്കാരന് ഇസ്രായേൽക്കാരൻ അയൽക്കാരനാണ്, അവൻ എത്ര അകലെ വസിക്കുന്നവരാണെങ്കിലും. എന്നാൽ തൊട്ടടുത്തു താമസിക്കുന്ന അന്യജാതിയിലും മതത്തിലും പെട്ടവനെ അയൽക്കാരനായി പരിഗണിക്കുകയില്ല. “നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കണം’’ (ലേവ്യ 9,18) എന്ന കല്പന ഈ അർഥത്തിലാണ് അവർ വ്യാഖ്യാനിച്ചിരുന്നത്. ഇവിടെയാണ് യേശു നൽകുന്ന കല്പനയുടെ പുതുമയും പ്രാധാന്യവും.
എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. അതിനാൽത്തന്നെ പരസ്പരം സഹോദരങ്ങൾ. ജാതി, മത, വർണ, വർഗ വ്യത്യാസങ്ങളെയെല്ലാം ഉന്മൂലനം ചെയ്യുന്നതാണ് ഈ കല്പന. മനുഷ്യർ തമ്മിൽ ഒരുവിധത്തിലുമുള്ള ചേരിതിരിവും അവഗണനയും പാടില്ല. ആരും ആരെയും അന്യനായി കാണരുത്. ശത്രുക്കളെ സ്നേഹിക്കുക എന്നു പറയുന്പോൾ ഈ കല്പനയ്ക്കാണ് ഊന്നൽ നൽകുന്നത്.
ഈ കല്പനതന്നെ ലൂക്കാ എഴുതിയ സുവിശേഷത്തിൽ കൂടുതൽ വിശദമായി അവതരിപ്പിക്കുന്നുണ്ട് (ലൂക്ക 6;27-35). നിങ്ങളെ ദ്വേഷിക്കുന്നവർ, ശപിക്കുന്നവർ, അധിക്ഷേപിക്കുന്നവർ, ചെകിട്ടത്തടിക്കുന്നവർ, പിടിച്ചുപറിക്കുന്നവർ, വേലയ്ക്കു നിർബന്ധിക്കുന്നവർ, ചുമടെടുപ്പിക്കുന്നവർ എന്നിങ്ങനെ അനുദിന ജീവിതത്തിൽനിന്ന് നിരവധി ഉദാഹരണങ്ങൾ നിരത്തിക്കൊണ്ടാണ് ക്ഷമിക്കുന്ന സ്നേഹത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നത്.
ദൈവത്തിന്റെ മക്കൾ എന്ന സ്ഥാനത്തിന് അർഹരാകാൻ ഇതെല്ലാം ആവശ്യമാണ്. പിതാവായ ദൈവത്തെപ്പോലെ പരിപൂർണരായിരിക്കണം എന്ന ആഹ്വാനം (മത്താ 5; 48) പിതാവിനെപ്പോലെ കരുണയുള്ളവരായിരിക്കണം എന്നു ലൂക്കാ വ്യാഖ്യാനിച്ചുതരുന്നു (ലൂക്ക 6; 36). കരുണയാണ് സ്നേഹത്തിന്റെ കാതൽ. എല്ലാവരോടും കരുണകാട്ടുന്ന പിതാവിന്റെ ക്ഷമിക്കുന്ന സ്നേഹം മക്കൾ അനുകരിക്കണം. ഇന്നു നിലനിൽക്കുന്ന വിവിധങ്ങളായ ചേരിതിരിവുകളും വർഗവിദ്വേഷവും സമുദായ ചിന്തകളും ഈ പ്രമാണത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യണം, പൊളിച്ചെഴുതണം. എല്ലാവരെയും സഹോദരങ്ങളായി കാണുന്ന, എല്ലാവരോടും ക്ഷമിക്കുന്ന മനോഭാവവും അതിൽനിന്നു രൂപംകള്ളുന്ന ജീവിതശൈലിയും അഭ്യസിക്കാൻ നോന്പുകാലം ആഹ്വാനം ചെയ്യുന്നു. ആരും ശത്രുവല്ല, അടുത്തുനിൽക്കുന്നതു സഹോദരനാണെന്നു തിരിച്ചറിയുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group