മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൗരോഹിത്യ സുവര്‍ണ ജൂബിലിയിലേക്ക്.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പൗരോഹിത്യ സുവര്‍ണ ജൂബിലിയിലേക്ക് പ്രവേശിച്ചു. 1972 ഡിസംബര്‍ 18 നായിരുന്നു മാര്‍ ആന്റണി പടിയറയില്‍നിന്നും വൈദിക പട്ടം സ്വീകരിച്ചത്. ചങ്ങനാശേരി തുരുത്തി ഇടവകയിലെ ആലഞ്ചേരില്‍ ഫീലിപ്പോസ്-മറിയാമ്മ ദമ്പതികളുടെ 10 മക്കളില്‍ ആറാമനായിട്ടായിരുന്നു ജനനം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ചങ്ങനാശേരി അതിരൂപതാ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. പൗരോഹിത്യ സ്വീകരണത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം നേടി. ചങ്ങനാശേരി കത്തീഡ്രലിന്റെ സഹവികാരിയായിട്ടായിരുന്നു പ്രഥമ നിയമനം. തുടര്‍ന്ന് അദ്ദേഹത്തെ ഉപരിപഠനത്തിനായി ഫ്രാന്‍സിലേക്ക് അയച്ചു. സോര്‍ബോണ്‍ കാത്തലിക് സര്‍വകലാശാലയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റു നേടി.

1986 മുതല്‍ ആറുവര്‍ഷക്കാലം കെസിബിസിയുടെ ആസ്ഥാന കേന്ദ്രമായ പിഒസിയുടെ ഡയറക്ടറായിരുന്നു. എറണാകുളത്തുനിന്നും ചങ്ങനാശേരിയില്‍ തിരിച്ചെത്തിയത് അതിരൂപതയുടെ വികാരി ജനറാളായിട്ടാണ്. 1996-ല്‍ തക്കല മിഷനെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ രൂപതയാക്കി ഉയര്‍ത്തിയപ്പോള്‍ അതിന്റെ പ്രഥമ മെത്രാനായി മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിതനായി. 1997 ഫെബ്രുവരി രണ്ടിനായിരുന്നു സ്ഥാനാരോഹണം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ 2011 ഏപ്രില്‍ ഒന്നിന് കാലംചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി സീറോ മലബാര്‍ സിനഡ് തിരഞ്ഞെടുത്തത് മാര്‍ ആലഞ്ചേരിയെ ആണ്. 2011 മെയ് 29-ന് അദ്ദേഹം സ്ഥാനമേറ്റു.

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ2012 ഫെബ്രുവരി 18-ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ മാര്‍ ആലഞ്ചേരിയെ കര്‍ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി. 35 രൂപതകളും 50 ലക്ഷത്തിലധികം വിശ്വാസികളുമുള്ള സീറോ മലബാര്‍ സഭയുടെ പിതാവും തലവനുമായ മാര്‍ ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.
ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, കോട്ടയം പൗരസ്ത്യ വിദ്യാപീഠം, ബംഗളൂരു ധര്‍മാരാം വിദ്യാക്ഷേത്രം എന്നീ സ്ഥാപനങ്ങളുടെ ചാന്‍സലറുമാണ് മാര്‍ ആലഞ്ചേരി.
കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ പ്രസിഡന്റ് എന്നീ പദവികളും മാര്‍ ആലഞ്ചേരി വഹിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group