മേജർ ആർക്കി എപ്പിസ്‌കോപ്പൽ അസംബ്ലി :വിരുദ്ധമായ ചർച്ചകളും പ്രസ്താവനകളും പ്രചരിപ്പിക്കുന്നത് ആശങ്കജനകം

പാലാ അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യുട്ടിൽ വെച്ച് നടത്തപ്പെടുന്ന സീറോ മലബാർ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയുടെ അഞ്ചാമത് സമ്മേളനം സഭാനിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്നു സഭാനേതൃത്വം. ഇതിനു വിരുദ്ധമായ ചർച്ചകളും പ്രസ്താവനകളും ചില വ്യക്തികൾ പ്രചരിപ്പിക്കുന്നത് തികച്ചും ദുരുദ്ദേശപരമാണെന്നു മീഡിയ കമ്മീഷൻ സെക്രട്ടറിയും സീറോമലബാർസഭ പി.ആർ.ഓയുമായ ഫാ.ഡോ. ആന്റണി വടക്കേകര വി.സി പ്രസ്താവിച്ചു.

2022 ജനുവരിയിലെ സിനഡുസമ്മേളനമാണ് 2024 ഓഗസ്റ്റിൽ സഭാഅസംബ്ലി വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളുടെയും സമർപ്പിത സമൂഹങ്ങളുടെയും എണ്ണം ഗണ്യമായി വർദ്ധിച്ചപ്പോൾ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയിലേക്ക് ക്ഷണിക്കേണ്ട പ്രതിനിധികളുടെ എണ്ണവും അതിനനുസരിച്ച് വർദ്ധിച്ചു. അസംബ്ലി കൂടുതൽ ഫലപ്രദമാക്കുന്നതിനും അതിന്റെ സ്ഥാപിത ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് 2022 ഓഗസ്റ്റ് 16 മുതൽ 25 വരെ നടന്ന സിനഡുസമ്മേളനം ചർച്ച ചെയ്തു.

പ്രതിനിധികളുടെ എണ്ണം ആനുപാതികമായി കുറയ്ക്കാൻ തീരുമാനിക്കുകയും പ്രത്യേക നിയമത്തിൽ വരുത്തേണ്ട ഭേദഗതികൾ നിർദ്ദേശിക്കാൻ കാനോനിക്കൽ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സമർപ്പിക്കപ്പെട്ട നിർദ്ദേശങ്ങളും ഭേദഗതികളും പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ 2023 ഓഗസ്റ്റ് സിനഡ് മേജർ ആർച്ചുബിഷപ്പിനെ ചുമതലപ്പെടുത്തി. 2024 ഫെബ്രുവരി 6ന് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ഭേദഗതിചെയ്യപ്പെട്ട പ്രത്യേകനിയമത്തിനു അംഗീകാരം നൽകുകയും അതോടെ പ്രസ്തുത നിയമങ്ങൾ പ്രാബല്യത്തിൽ വരുകയും ചെയ്തു.

2023 ജനുവരി 14ന് അഞ്ചാമത് മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലി പഠന വിധേയമാക്കുന്ന വിഷയങ്ങളടങ്ങിയ മാർഗരേഖ (lineamenta) പ്രസിദ്ധീകരിച്ചു. എല്ലാ രൂപതകളിലേക്കും സമർപ്പിത സമൂഹങ്ങളിലേക്കും സെമിനാരികളിലേക്കും മാർഗരേഖ അയച്ചുകൊടുക്കുകയും ചർച്ച ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രൂപതാ അസംബ്ലിയിലോ അസംബ്ലി നടത്തുവാൻ സാധിക്കാത്ത രൂപതകളിൽ സമാനമായ മറ്റു സമിതികളിലോ ചർച്ച ചെയ്ത് അഭിപ്രായമറിയിക്കാനാണ് ആവശ്യപ്പെട്ടിരുന്നത്. രൂപതകളിലും സമർപ്പിത സമൂഹങ്ങളിലും സെമിനാരികളിലും വിവിധ തലങ്ങളില്‍ പഠനം നടത്തി ക്രോഡീകരിച്ച റിപ്പോർട്ട് 2024 മാർച്ച് 31ന് അകം സഭാ ആസ്ഥാനത്തു ലഭിച്ചു.

ദക്ഷിണേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഉത്തരേന്ത്യൻ രൂപതകളിൽനിന്നുള്ള പ്രതിനിധികൾ ഉജ്ജയിൻ പാസ്റ്ററൽ സെന്ററിലും ഒരുമിച്ച് കൂടുകയും ഇന്ത്യയ്ക്ക് പുറത്തുള്ള രൂപതകളുടെയും അപ്പസ്തോലിക്ക് വിസിറ്റേഷന്റെയും മറ്റു പ്രവാസി സമൂഹങ്ങളുടെയും പ്രതിനിധികൾ ഓൺലൈനിലും സമ്മേളിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. കൂടാതെ, യുവാക്കളുടെയും വിശ്വാസപരിശീലകരുടെയും പ്രതിനിധികളുമായും അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘പഠനരേഖ’ ചർച്ച ചെയ്തിരുന്നു. ഇപ്രകാരം ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ‘പ്രവര്‍ത്തനരേഖ’ (Instrumentum Laboris) യും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ രൂപതകളിൽനിന്നും നല്കപ്പെട്ടിരിക്കുന്ന വൈദീകരുടെയും സന്യസ്തരുടെയും അല്മായരുടെയും പ്രതിനിധികൾ ‘പ്രവര്‍ത്തനരേഖ’ പഠിച്ച് അസംബ്ലിയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സീറോമലബാർസഭ ഒന്നാകെ ഏറെ പ്രാർത്ഥനയോടെ നോക്കിക്കാണുന്ന മേജർ ആർക്കിഎപ്പിസ്‌കോപ്പൽ അസംബ്ലിയെക്കുറിച്ച് വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ എല്ലാവരും തിരിച്ചറിയണമെന്നും ഫാ. ഡോ. ആന്റണി വടക്കേകര അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group