എത്യോപ്യയിൽ മലയാളിയായ മിഷണറി വൈദികനെ കലാപകാരികൾ തട്ടിക്കൊണ്ടുപോയശേഷം വിട്ടയച്ചു. ബഥനി സന്യാസസമൂഹാംഗം ഫാ. ജോഷ്വാ എടക്കടന്പിലിനെയാണു 24 മണിക്കൂർ തടവിൽ പാർപ്പിച്ചശേഷം മോചിപ്പിച്ചത്. പത്തനംതിട്ട സ്വദേശിയായ ഇദ്ദേഹം സുരക്ഷിതമായി മിഷൻ സ്റ്റേഷനിൽ തിരിച്ചെത്തി. ഇദ്ദേഹം സഞ്ചരിച്ച കാർ വിട്ടുകൊടുത്തിട്ടില്ല.
എത്യോപ്യയിലെ നെകംതെ രൂപതയിലുള്ള സിറെയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണു ഫാ. ജോഷ്വയെ കലാപകാരികൾ തട്ടിക്കൊണ്ടുപോയത്. സേവനം ചെയ്യുന്ന പള്ളിയിൽ നിന്ന് സബ് സ്റ്റേഷനിൽ ദിവ്യബലിയർപ്പിക്കാൻ പോകും വഴി, വാഹനം തടഞ്ഞു നിർത്തി കലാപകാരികളുടെ സംഘം അജ്ഞാതസ്ഥലത്തേക്കു കൊണ്ടുപോവുകയായിരുന്നു.
നെകംതെ രൂപത വികാരി ജനറാളും മറ്റൊരു വൈദികനും ചേർന്നു കലാപകാരികളുടെ നേതാക്കളുമായി പലവട്ടം നടത്തിയ ചർച്ചയിലാണു വൈദികനെ വിട്ടയയ്ക്കാൻ തയാറായത്. സർക്കാരുമായി ബന്ധമുള്ളയാളെന്ന ധാരണയിലാണു വൈദികനെ തട്ടിക്കൊണ്ടുപോയതെന്നാണു പ്രാഥമിക വിവരം. ഇന്നലെ വൈകുന്നേരത്തോടെ വൈദികനെ ഇരുചക്രവാഹനത്തിൽ കൊണ്ടുവന്നു പാതിവഴിയിൽ ഇറക്കിവിട്ടു കലാപകാരികൾ സ്ഥലം വിടുകയായിരുന്നു.
ഫാ. ജോഷ്വാ, രണ്ടു വർഷമായി എത്യോപ്യയിലെ മിഷൻ മേഖലയിലാണു പ്രവർത്തിക്കുന്നത്. അവിടുത്തെ മന്തുരോഗ ബാധിതരെ പരിചരിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്ന വൈദികനാണ് ഇദ്ദേഹം. 2018 ലാണ് ഇദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്.
ആഭ്യന്തരകലാപം നടക്കുന്ന എത്യോപ്യയിൽ, മിഷണറിമാർ ആശങ്കകളോടെയാണു സേവനം ചെയ്യുന്നതെന്നു നെകംതെ രൂപത മെത്രാനും മലയാളിയുമായ ഡോ. വർഗീസ് തോട്ടങ്കര പറഞ്ഞു. എങ്കിലും സഭയുടെ സേവനങ്ങളെക്കുറിച്ചു മനസിലാക്കിയിട്ടുള്ളവരാണു കലാപകാരികളുടെ നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ബഥനി (ഒഐസി) സന്യാസ സമൂഹത്തിന്റെ എട്ടു വൈദികർ എത്യോപ്യൻ മിഷനിൽ സേവനം ചെയ്യുന്നുണ്ടെന്നു സുപ്പീരിയർ ജനറൽ റവ.ഡോ. മത്തായി കടവിൽ അറിയിച്ചു..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group