ലോകരാജ്യങ്ങൾക്കിടയിൽ മണിപ്പൂരിലെ ലജ്ജാവഹമായ കിരാത പ്രവർത്തനങ്ങളുടെ പരമ്പരയ്ക്ക് മുന്നിൽ തലകുനിക്കുകയാണ് ഇന്ത്യൻ ജനത. മെയ് നാലിന് ഒരു വിഭാഗം അക്രമികളാൽ രണ്ടു സ്ത്രീകൾ അത്യന്തം ഹീനമായ രീതിയിൽ അവഹേളിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് ആഗോള സമൂഹം ഉൾക്കിടിലത്തോടെയാണ് വീക്ഷിച്ചത്. ഇത്തരം എണ്ണമറ്റ സംഭവങ്ങൾ മണിപ്പൂരിൽ നടന്നുകഴിഞ്ഞു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഹൃദയ വേദനയായി മണിപ്പൂർ തുടരുകയാണ്. വംശീയതയുടെ പേരിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടുകയും ക്രൈസ്തവർ കൊടിയ പീഡനങ്ങൾക്ക് ഇരയാവുകയും ചെയ്തതിന്റെ പിന്നിൽ കേന്ദ്ര – സംസ്ഥാന ഭരണകൂടങ്ങൾക്കുള്ള പങ്ക് അനിഷേധ്യമാണ്.
ക്രൈസ്തവ ഭൂരിപക്ഷമായ കുക്കി ഗോത്ര വംശജർക്കെതിരെ കഴിഞ്ഞ വർഷം മുതൽ പ്രതികാരബുദ്ധിയോടെ മണിപ്പൂർ സംസ്ഥാന സർക്കാർ നിലപാടുകൾ സ്വീകരിച്ചു തുടങ്ങിയതും സമീപകാലത്തുണ്ടായ ഭരണഘടനാ വിരുദ്ധമായ ഹൈക്കോടതി ഇടപെടലും അനുബന്ധ സർക്കാർ നിലപാടുകളും വർഗ്ഗീയമായി അന്ധത ബാധിച്ച ഒരു ഭരണകൂടത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്. പതിനായിരങ്ങളുടെ ജീവനും ജീവിതത്തിനും പ്രതിസന്ധി സൃഷ്ടിക്കുന്ന വിധത്തിൽ പ്രശ്നങ്ങൾ അതിരൂക്ഷമായി രണ്ടര മാസങ്ങൾ പിന്നിടുമ്പോഴും ഐക്യത്തിനും അഖണ്ഡതയ്ക്കുമായി ആഹ്വാനം ചെയ്യാത്ത, യുക്തമായ ഇടപെടലുകൾ നടത്താൻ മടിക്കുന്ന അധികാരികളുടെ നിഷ്ക്രിയത്വം ഇന്ത്യയിലെ സാമാന്യ ജനതയ്ക്ക് മുന്നിൽ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
വർഗീയ ധ്രുവീകരണത്തെയും കലഹങ്ങളെയും അധികാരം നിലനിർത്തുന്നതിനായുള്ള കുറുക്കുവഴികളായി കാണുന്ന രാഷ്ട്രീയ – സാമുദായിക പ്രത്യയ ശാസ്ത്രങ്ങളെ ഈ രാജ്യത്തിലെ പ്രബുദ്ധ ജനത തിരിച്ചറിയേണ്ടതുണ്ട്. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ ആത്മദർശനം ഇനിയും കളങ്കപ്പെടാൻ അനുവദിച്ചുകൂടാ. ഈ രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും ആത്മാഭിമാനത്തിനും ദൈവവിശ്വാസത്തിനും ഭരണഘടന ഉറപ്പുനല്കിയിട്ടുള്ള സംരക്ഷണം ഉറപ്പുവരുത്താൻ കഴിയാത്ത ഏതൊരു രാഷ്ട്രീയ സംവിധാനവും പരാജയമാണ്. ഭരണഘടനയ്ക്കും സംസ്കാരത്തിനും അതീതമായി രാജ്യത്ത് ഭിന്നതയുടെ മതിലുകൾ കെട്ടിയുയർത്തി കലഹങ്ങൾ സൃഷ്ടിക്കുന്നവരെ തിരിച്ചറിഞ്ഞ് അകറ്റി നിർത്താനുള്ള ജാഗ്രതയാണ് ജനങ്ങൾ പുലർത്തേണ്ടത്. സാമൂഹിക ഐക്യത്തിനും കൂട്ടായ്മക്കും വേണ്ടി ഒരുമിച്ചുപ്രവർത്തിക്കാൻ ഇന്ത്യയിലെ പൗരസമൂഹം മുന്നോട്ടിറങ്ങേണ്ടതുണ്ട്.
മണിപ്പൂരിൽ തുടരുന്ന കലാപാന്തരീക്ഷത്തിലുൾപ്പെടെ, ഇന്ത്യയിൽ വിവിധ തലങ്ങളിൽ വർഗീയതയും വംശീയതയും സൃഷ്ടിക്കുന്ന മുറിവുകളെക്കുറിച്ച് പൊതുസമൂഹത്തിന് അവബോധം പകരുന്നതിൽ കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ പ്രതിജ്ഞാബദ്ധമാണ്. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലെയും ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ വിവിധ സഭാ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ ഇത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് അടിയന്തിര പ്രാധാന്യം നൽകി കെസിബിസി ജാഗ്രത കമ്മീഷൻ നേതൃത്വം നൽകുന്നതാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group