കൊച്ചി: ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാൻമാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്ന വേളയിൽ സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡിനെക്കുറിച്ച് വിശ്വാസികൾക്കായി പ്രധാനപ്പെട്ട ചില കാര്യങ്ങൾ പങ്കുവയ്ക്കുന്നു.
ഇടയലേഖനത്തിന്റെ പൂർണ്ണരൂപം..
അഭിവന്ദ്യ പിതാക്കന്മാരെ, വൈദികസഹോദരന്മാരെ, സമർപ്പിതരേ, സഹോദരീസഹോദരന്മാരെ,
ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!
ഒക്ടോബർ നാലാം തീയതി റോമിൽ ആരംഭിച്ച മെത്രാന്മാരുടെ സിനഡ് രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. അതിനാൽ സിനഡിനെക്കുറിച്ച് ഏതാനും ചിന്തകൾ നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സിനഡ് എന്ന പദത്തെക്കുറിച്ചുതന്നെ ആദ്യം പറഞ്ഞുകൊള്ളട്ടെ. ‘സിനഡ്’ എന്ന വാക്കു ഗ്രീക്കു ഭാഷയിൽ നിന്നാണ് ക്രൈസ്തവസഭയിലേക്കു കടന്നുവന്നത്. ഈ പദം സിൻ (syn), ഓഡോസ് (odos) എന്നീ രണ്ടു പദങ്ങൾ ചേർന്നുണ്ടായതാണ്. ഗ്രീക്കു ഭാഷയിൽ ‘സിൻ’ എന്നതിന് ‘ഒന്നിച്ച്’ എന്നും ‘ഓഡോസ്’ എന്നാൽ ‘വഴി’ എന്നുമാണർത്ഥം. ‘ഒന്നിച്ച് ഒരേ വഴിയിൽ’ എന്നാണ് സിനഡ് എന്ന പദത്തിന്റെ മൂലാർത്ഥം. ‘ഞാനാണ് വഴി’ എന്ന് ഈശോ പറയുന്നുണ്ടല്ലോ. ഗ്രീക്കു ബൈബിളിൽ ഈ ഭാഗത്ത് ഉപയോഗിച്ചിരിക്കുന്ന പദം ‘ഓഡോസ്’ എന്നാണ്.
സഭയുടെ സിനഡൽ സ്വഭാവം കർത്താവായ ഈശോയിൽ നിന്നുതന്നെയാണു രൂപം കൊണ്ടിട്ടുള്ളത്. സ്വർഗാരോഹണത്തിനുശേഷം തന്റെ ദൗത്യം ലോകത്തിൽ തുടരാൻ ഈശോ പിൻഗാമിയായി ഒരാളെ നിയമിക്കുകയല്ല, പന്ത്രണ്ടുപേരുടെ ഒരു സംഘത്തെയാണു നിയോഗിച്ചത്. അവരുടെ സ്നേഹക്കൂട്ടായ്മയിൽ സഭ നയിക്കപ്പെടണം എന്ന് അവിടുന്ന് നിശ്ചയിച്ചു. അതാണു പിന്നീടു മെത്രാന്മാരുടെ സംഘമായി രൂപപ്പെട്ടത്. പന്ത്രണ്ടുപേരുടെ സംഘത്തിനു പരിശുദ്ധാത്മശക്തിയും നല്കപ്പെട്ടു.
അതെ ആത്മാവിന്റെ ശക്തി പന്തക്കുസ്തായിൽ വിശ്വസിച്ചു സ്നാനപ്പെട്ടവർക്കും ലഭിച്ചു. ഈ പരിശുദ്ധാത്മദാനം ഇന്ന് ഈശോമിശിഹായിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിക്കുന്നവർക്കു ദാനമായി ലഭിക്കുന്നു. അതുപോലെ പന്ത്രണ്ടുശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർക്കും അവരോടു ചേർന്നു പൗരോഹിത്യശുശ്രൂഷ നിർവ്വഹിക്കുന്ന വൈദികർക്കും ഈ ദാനം വിശേഷവിധിയായി ലഭിക്കുന്നു. ഇപ്രകാരം ആത്മാവിനാൽ നയിക്കപ്പെടുന്ന എല്ലാവരും മിശിഹായാകുന്ന വഴിയിൽ സത്യത്തിലും സ്നേഹത്തിലുമധിഷ്ഠിതമായ കൂട്ടായ്മായനുഭവത്തിൽ, സുവിശേഷം പ്രസംഗിക്കുകയും മിശിഹായുടെ സ്നേഹത്തിനു സാക്ഷ്യം വഹിക്കുകയും ചെയ്യണമെന്നതായിരുന്നു അവിടുത്തെ ഉദ്ദേശ്യം. ജെറുസലേം സൂനഹദോസു മുതൽ ഈശോമിശിഹായിലൂടെ ലഭിച്ച ഈ ദൗത്യം സഭയിൽ നിറവേറിക്കൊണ്ടിരിക്കുകയാണ്
പൗരസ്ത്യസഭകൾ സിനഡലായി പ്രവർത്തിക്കുന്ന സഭകളാണല്ലോ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാവാം. അതു ശരിയാണ്. സീറോമലബാർസഭയും സിനഡൽ സഭയാണ്. എന്നാൽ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2023 -’24 വർഷങ്ങളിലെ സിനഡൽ സമ്മേളനങ്ങളിലൂടെ പ്രാവർത്തികമാക്കാനാഗ്രഹിക്കുന്ന സിനഡാത്മകത, പൗരസ്ത്യ സഭകൾ പാലിക്കുന്ന സിനഡാത്മകതയെക്കാൾ വ്യാപ്തിയുള്ളതാണ്. മാമ്മോദീസാ സ്വീകരിക്കുന്ന എല്ലാ ക്രൈസ്തവർക്കും സഭാ കൂട്ടായ്മയിലുള്ള കൂട്ടുത്തരവാദിത്വത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സിനഡിലെ വിചിന്തനങ്ങൾ രൂപപ്പെടുന്നത്. മാമ്മോദീസ സ്വീകരിക്കുന്ന എല്ലാവർക്കും സഭയിൽ ഒരേ സ്ഥാന(dignity)മാണുള്ളത്. ഓരോരുത്തർക്കുമുള്ള പ്രത്യേക വിളികളുടെ അടിസ്ഥാനത്തിൽ അവരവരുടെ ഉത്തരവാദിത്വങ്ങൾ കൂട്ടായ്മയുടെ അവബോധത്തോടെ നിർവ്വഹിക്കുന്ന സിനഡാത്മകതയാണ് ഇപ്പോൾ ഉരുത്തിരിഞ്ഞുവരുന്നത്. ഈ സിനഡാത്മകത പ്രാർത്ഥനാപൂർവ്വമായ വിചിന്തനങ്ങളിലൂടെ സ്വന്തമാക്കുന്ന ശൈലിയാണു സിനഡൽ സമ്മേളനങ്ങളിൽ സ്വീകരിച്ചിരിക്കുന്നത്.
രൂപതാതലങ്ങളിലും ബിഷപ്സ് കോൺഫറൻസുകളുടെയും പൗരസ്ത്യസഭകളുടെ സിനഡുകളുടെയും ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സിനഡൽ സമ്മേളനങ്ങളിലും ഭൂഖണ്ഡാടിസ്ഥാനത്തിൽ നടത്തപ്പെട്ട സിനഡൽ അസംബ്ലികളിലും ഇതേ ശൈലി തന്നെയാണ് അവലംബിക്കപ്പെട്ടത്. ഇപ്പോൾ റോമിൽ നടക്കുന്ന സിനഡൽ സമ്മേളനത്തിലും ഈ സിനഡാത്മകത വിജയകരമായി നടന്നുവരുന്നു. പരിശുദ്ധാത്മാവിൽ ശക്തിപ്പെട്ടു ദൈവപിതാവിന്റെ മക്കളെന്ന നിലയിൽ ഈശോമിശിഹായോടൊപ്പം ദൈവവചനശ്രവണത്തിലൂടെയും കൂദാശകളുടെ സ്വീകരണത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദൈവൈക്യത്തിൽ സഹോദരങ്ങളോടുള്ള കൂട്ടായ്മയിൽ സഭയിലും സമൂഹത്തിലും വ്യാപരിക്കുന്ന ദൈവജനമാണു സിനഡാത്മക സഭ. ദൈവത്തോടും സഹോദരങ്ങളോടും നിരന്തരം ബന്ധത്തിലായിരിക്കുന്ന ഈജീവിതശൈലി സഭയിൽ സന്തോഷവും ഐക്യവും സമാധാനവും സംജാതമാക്കുന്നു. പ്രാദേശികസഭകളിലും വ്യക്തിസഭകളിലും സാർവ്വത്രികസഭയിലും ഈ സിനഡാത്മകത നടപ്പിൽ വരുമ്പോഴാണു ഭൂമിയിൽ ദൈവരാജ്യം സ്ഥാപിച്ചുകൊണ്ടുള്ള ഈശോമിശിഹായുടെ രക്ഷാകരപ്രവർത്തനം സഭയിലും സമൂഹത്തിലും സംജാതമാകുന്നത്. ചുരുക്കത്തിൽ സഭയുടെ എല്ലാ സംവിധാനങ്ങളിലും പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചു പ്രാർത്ഥനാപൂർവ്വം സിനഡാത്മകജീവിതശൈലി വളർന്നു വികസിക്കേണ്ടിയിരിക്കുന്നു. ക്രമേണ സാക്ഷാത്ക്കരിക്കപ്പെടേണ്ട പുതിയ ഒരു സഭാജീവിതശൈലിയാണിത്. ഈ ശൈലി ശരിയായി അനുവർത്തിച്ചാൽ മാത്രമേ സഭ, മിശിഹാ വിഭാവനം ചെയ്ത രീതിയിൽ അവിടത്തെ നീതിക്കും സത്യത്തിനും സ്നേഹത്തിനും കാരുണ്യത്തിനും സാക്ഷ്യം വഹിക്കുന്നു എന്നുപറയാൻ സാധിക്കുകയുള്ളൂ.
ഈശോമിശിഹായുടെ പരസ്യജീവിതകാലത്ത് അവിടുന്നു സിനഡാത്മകതക്കു സമാനമായ ഒരു പ്രവർത്തനശൈലിയാണ് അവലംബിച്ചത്. അവിടുന്നു പിതാവുമായി നിരന്തരബന്ധത്തിലായിരുന്നു. ആത്മാവിൽ ശക്തിപ്പെട്ടാണ് അവിടുന്ന് എല്ലാം ചെയ്തത്. അപ്രകാരം ത്രിത്വയ്ക ദൈവാനുഭവത്തിലായിരുന്ന അവിടുന്നു മനുഷ്യരോടും സമാനമായ ബന്ധം സ്ഥാപിച്ചുകൊണ്ടിരുന്നു. അവിടുത്തേയ്ക്കു പന്ത്രണ്ടു ശ്ലീഹന്മാരും, എഴുപത്തിരണ്ടു ശിഷ്യന്മാരുമുണ്ടായിരുന്നു. തന്റെ ശുശ്രൂഷയിൽ ഈ പന്ത്രണ്ടുപേരെയും എഴുപത്തിരണ്ടുപേരെയും അവിടുന്നു പങ്കാളികളാക്കി. ഇതു കൂടാതെ അവിടുത്തേക്ക് ഒറ്റപ്പെട്ട വ്യക്തികളോടുള്ള സംവേദനമുണ്ടായിരുന്നു, കുടുംബങ്ങൾ സന്ദർശിച്ചു വചനം നല്കിയിരുന്നു. കടൽത്തീരത്തും സമതലങ്ങളിലും ജനക്കൂട്ടത്തോട് അവിടുന്നു സംസാരിച്ചിരുന്നു, രോഗികൾക്കും അംഗവിഹീനർക്കും അധ്വാനിക്കുന്നവരും ഭാരംവഹിക്കുന്നവരുമായ ജനങ്ങൾക്കും കാരുണ്യപൂർവ്വം അനുഗ്രഹങ്ങൾ വാരിവിതറിയിരുന്നു. അങ്ങനെ അവിടുന്നു ദൈവത്തിന്റെയും മനുഷ്യരുടെയും സംസർഗത്തിലായിരുന്നു. ഈശോയുടെ ഈ ശൈലിയാണ് സഭാമക്കൾക്കെല്ലാവർക്കും കൈവരേണ്ടത്.
ആദിമസഭയിൽ ജറുസലേം സൂനഹദോസിൽ പന്ത്രണ്ടുശ്ലീഹന്മാർ ഈ സിനഡാത്മകത പ്രാവർത്തികമാക്കിയതായി നമ്മൾ കാണുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ശോ ഭരമേല്പിച്ച ശുശ്രുഷ സഭയുടെനന്മയ്ക്കുവേണ്ടി അവർ നിറവേറ്റി. ക്രൈസ്തവസമൂഹത്തിൽ സിനഡാത്മകത ആത്മീയതലത്തിലും ഭൗതികതലത്തിലും നിറവേറിയിരുന്നു. “അവർ അപ്പസ്തോലൻമാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു. വിശ്വസിച്ചവർ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങൾക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.” (അപ്പ. 2: 42-44).
ലത്തീൻസഭയിൽ ആദ്യനൂറ്റാണ്ടുകൾക്കുശേഷം രണ്ടാം വത്തിക്കാൻ കൗൺസിൽ വരെയും ഓരോ രൂപതയും അതതിന്റെ ഭരണനിർവഹണത്തിൽ മാർപാപ്പയുടെ കീഴിൽ, സഭയുടെ കാനൻ നിയമമനുസരിച്ച്, വൈദികരുടെയും അല്മായരുടെയും ആലോചനാ സമിതികളുടെ സഹായത്തോടെ, മെത്രാന്മാർ ഭരണം നടത്തുന്ന രീതിയാണ് പാലിച്ചുപോന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിനു ശേഷം സഭയെക്കുറിച്ചുള്ള പ്രമാണരേഖയുടെ അടിസ്ഥാനത്തിൽ രൂപതാ ഭരണത്തിനായി വൈദിക സമിതികളും പാസ്റ്ററൽ കൗൺസിലുകളും കൂടി മെത്രാന്മാരുടെ ആലോചനസമിതികളായി രൂപവത്കരിക്കാൻ പോൾ ആറാമൻ മാർപാപ്പ നിർദേശം നൽകി. സഭ മുഴുവനും വേണ്ടി വത്തിക്കാൻ കൗൺസിലിന്റെ തുടർച്ചയെന്ന നിലയിൽ ഓരോ നാലു വർഷത്തിലും മെത്രാന്മാരുടെ സിനഡുകൾ നടത്താനും തുടങ്ങി. ഫ്രാൻസിസ് മാർപാപ്പ വന്നപ്പോൾ ഈ മെത്രാൻസിനഡിലേക്ക് അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളെ കൂടുതലായി ക്ഷണിക്കുന്ന ഒരു പതിവു വന്നു. ഇത്തവണത്തെ സിനഡിൽ അങ്ങനെയുള്ള പ്രതിനിധികളുടെ സാന്നിധ്യം വളരെയേറെയുണ്ട്. ഇത്തവണ സിനഡിൽ പങ്കെടുക്കുന്ന 446 പേരിൽ 363 പേർക്കാണ് വോട്ടവകാശമുള്ളത്. സഹോദരപ്രതിനിധികളെന്ന നിലയിൽ ഓർത്തഡോക്സ് സഭകളിൽ നിന്നും പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നുമുള്ള പ്രതിനിധികൾ പൂർണമായും ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും വിശ്വാസസംബന്ധമായ വിഷയങ്ങളിൽ അവർക്കു വോട്ടു രേഖപ്പെടുത്താൻ കഴിയില്ല എന്നു സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രേക്ക് അറിയിച്ചിരുന്നു. 266 പേർ മാത്രമാണു മെത്രാൻ സംഘത്തിൽ നിന്നുള്ള പ്രതിനിധികൾ. ബാക്കിയുള്ളവരിൽ 46 പേരും അല്മായ പ്രതിനിധികളാണ്.
പൗരസ്ത്യസഭകളിൽ പൊതുവെ പറഞ്ഞാൽ മെത്രാൻ സംഘത്തിൽ പൂർണമായ സിനഡാലിറ്റി പ്രാവർത്തികമാകുന്നുണ്ട്. ആ സിനഡാലിറ്റിയുടെ ഭാഗമായി മെത്രാന്മാരും, അല്മായരുടെയും സമർപ്പിതരുടെയും വൈദികരുടെയും പ്രതിനിധികളും ഉൾപ്പെടുന്ന അസംബ്ലികൾ നടന്നു വരുന്നു. ഉദാഹരണത്തിനു, സീറോമലബാർസഭയിൽ അഞ്ചാമത്തെ മേജർആർക്കി എപ്പിസ്കോപ്പൽ അസംബ്ലി 2024 ആഗസ്റ്റ് മാസം നടക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. രൂപതകളിലും സമാനമായ രീതിയിൽ പ്രാദേശിക സിനഡൽ അസംബ്ലികൾ, സഭയുടെ പ്രത്യേക നിയമം നിർദേശിക്കുന്നതനുസരിച്ചു നടന്നുവരുന്നുണ്ട്. പൗരസ്ത്യസഭകളിലെ ഈ സിനഡാത്മകത, മാമ്മോദീസ സ്വീകരിക്കുന്നവരുടെ എല്ലാവരുടെയും സിനഡാത്മകതയാക്കി എപ്രകാരം പൂർണതയിലെത്തിക്കാമെന്ന് ഓരോ പൗരസ്ത്യസഭയും പ്രാർത്ഥനാപൂർവ്വം ചിന്തിച്ചു തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
സ്നേഹമുള്ളവരേ, സിനഡിന്റെ സമാപനത്തോടുകൂടി കുറേക്കൂടി വിചിന്തനങ്ങൾ നിങ്ങളുമായി പങ്കുവെക്കാമെന്നു കരുതുന്നു.
ഈശോയിൽ സ്നേഹപൂർവ്വം,
കർദിനാൾ ജോർജ് ആലഞ്ചേരി,
സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group