ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നവരാകണം അധികാരത്തിൽ വരേണ്ടതെന്ന് മാർ ജോസഫ് പെരുന്തോട്ടം….

കേരള നിയമസഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ
ചങ്ങനാശ്ശേരി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് പെരുന്തോട്ടം വൈദീകർക്കും വിശ്വാസികൾക്കുമായി പുറത്തിറക്കിയ സർക്കുലർ ക്രൈസ്തവ സമൂഹത്തിന് പുത്തൻ ഉണർവ്വ് നൽകുന്നു.വോട്ട് ചെയ്യുകയെന്നത് ഓരോ പൗരന്റെയും സുപ്രധാന അവകാശമാണെന്നും ഗൗരവമേറിയ ചുമതലയാണെന്നും, വോട്ട് പാഴായി പോകാതിരിക്കാൻ ജാഗ്രത വേണമെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു.ജനപ്രതിനിധികൾ രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കായി നിലകൊള്ളുന്നവരും പ്രവർത്തിക്കുന്നവരുമാകണമെന്നും പിതാവ് അഭിപ്രായപ്പെടുന്നു.

ജനാധിപത്യമൂല്യങ്ങളും ന്യൂനപക്ഷ അവകാശങ്ങളും രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യവും സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് നാം തെരഞ്ഞെടുക്കേണ്ടതെന്നും പിതാവ് പറയുന്നു.അഴിമതിക്കും അക്രമത്തിനും സ്വന്തം നേട്ടങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുന്നവരാകരുത് ജനപ്രതിനിധികൾ.മതസൗഹാർദ്ദത്തിന് കോട്ടം വരാതെ രാഷ്ട്രനന്മക്കായി പരിശ്രമിക്കുന്നവരാകണം രാഷ്ട്രശില്പികൾ.

നിക്ഷ്പക്ഷതയോടെ ജനങ്ങളെ സേവിക്കാൻ അവർ തയ്യാറാകാമെന്നും മാർ. പെരുന്തോട്ടം പിതാവ് ഓർമ്മിപ്പിക്കുന്നു.സമ്മർദ്ദ തന്ത്രങ്ങൾക്കും സ്വാർത്ഥലക്ഷ്യങ്ങൾക്കും
ദുഃസ്വാധീനങ്ങൾക്കുംവഴിപ്പെടാതെ ശരിയായ ക്രൈസ്തവ മനസാക്ഷിക്ക് അനുസൃതമായി വോട്ട് രേഖപ്പെടുത്തണമെന്നും പിതാവ് ആഹ്വാനം ചെയ്തു.എല്ലാ അധികാരവും ദൈവത്തിൽ നിന്നാണെന്നും രാഷ്ട്രീയാധികാരം രാഷ്ട്രത്തെ നന്മയിലും നീതിയിലും ധർമ്മനിഷ്ഠയിലും നയിക്കാൻ നല്കപ്പെട്ടിരിക്കുന്നവയാണെന്നും പിതാവ് തന്റെ സന്ദേശത്തിലൂടെ വൈദീകരെയും വിശ്വാസി സമൂഹത്തെയും ഓർമ്മപ്പെടുത്തുന്നുണ്ട്.ഏകാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധികാരശൈലി ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു.ജനാധിപത്യം അഭംഗുരം സംരക്ഷിക്കപ്പെടുന്ന തെരഞ്ഞെടുപ്പിലൂടെ രാജ്യത്താകമാനം ഉത്തമ ഭരണ സംവിധാനം സംജാതമാകുവാൻ എല്ലാവരും പ്രാർത്ഥിക്കണമെന്നുമുള്ള ആഹ്വാനത്തോടെയാണ് സർക്കുലർ അവസാനിക്കുന്നത്….

സ്വന്തം ലേഖകൻ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group