അര്‍മേനിയിലെ സെബാസ്റ്റേയില്‍ വാസമുറപ്പിച്ചിരുന്ന പടയാളികളായിരുന്നു ഈ നാല്‍പ്പതു രക്തസാക്ഷികളും. അവരുടെ സേനാവിഭാഗത്തോട് വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, മാമോദീസ വഴി തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തെ കൈവിടാന്‍ അവര്‍ വിസമ്മതിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന പ്രലോഭനങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞതു ഇപ്രകാരമായിരിന്നു, “ഞങ്ങള്‍ ക്രിസ്ത്യാനികളാണ്” പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും അവരെ വശപ്പെടുത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ കുറച്ച് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും, പിന്നീട് ചങ്ങലകളാല്‍ ബന്ധിതരാക്കി കൊലക്കളത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
വളരെ കഠിനമായൊരു ശൈത്യകാലമായിരുന്നു അത്. ആ നാല്‍പ്പത് വിശുദ്ധരേയും വിവസ്ത്രരാക്കി കുളത്തിലെ തണുത്തുറഞ്ഞ് കട്ടയായ വെള്ളത്തിനു മുകളില്‍ തണുത്ത് മരവിച്ച് മരിക്കുന്നത് വരെ കിടത്തി. ആ നാല്‍പ്പത് രക്തസാക്ഷികളും തങ്ങളുടെ മരണത്തെക്കുറിച്ചോര്‍ത്തു ഒട്ടും തന്നെ നിരാശരായിരുന്നില്ല, മറിച്ച് യേശുവിനു വേണ്ടിയാണല്ലോ തങ്ങള്‍ മരിക്കുന്നതെന്നോര്‍ത്തുകൊണ്ടുള്ള സന്തോഷത്തോടെ അവര്‍ ഇപ്രകാരം പറഞ്ഞു: “ആഴത്തിലേക്കു ഇരച്ചിറങ്ങുന്ന ഈ തണുപ്പിനെ സഹിക്കുക ബുദ്ധിമുട്ടാണെന്ന കാര്യത്തില്‍ ഒട്ടുംതന്നെ സംശയമില്ല, എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ സാധിക്കും; ഈ സഹനം വളരെ കുറച്ച് നേരത്തേക്ക് മാത്രമുള്ളതാണ്. എന്നാല്‍ സ്വീകരിക്കുവാനിരിക്കുന്ന മഹത്വം എന്നെന്നേക്കുമുള്ളതും. ഈ ക്രൂരമായ രാത്രി നമുക്ക് നിത്യമായ പരമാനന്ദം പ്രാപ്യമാക്കും. കര്‍ത്താവേ, ഞങ്ങള്‍ നാല്‍പ്പത് പേരും യുദ്ധത്തിലേക്ക് പ്രവേശിക്കുവാന്‍ പോവുകയാണ്; ഞങ്ങള്‍ക്ക് നാല്‍പ്പത് പേര്‍ക്കും നിത്യകിരീടം നല്‍കണമേ!”.
ആര്‍ക്കെങ്കിലും മനമാറ്റം ഉണ്ടായി യേശുവിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ അവര്‍ക്കായി ചെറു ചൂടുവെള്ളം നിറച്ച തൊട്ടികളും അവിടെ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ തണുപ്പ് സഹിക്കുവാന്‍ കഴിയാതെ തന്റെ വിശ്വാസം ഉപേക്ഷിച്ച് ചൂടുവെള്ളം നിറച്ച തൊട്ടിയില്‍ മുങ്ങുവാനായി പോയി. എന്നാല്‍ താപനിലയില്‍ പെട്ടെന്നുണ്ടായ വ്യതിയാനം മൂലം, നശ്വരവും അനശ്വരവുമായ ജീവിതം നഷ്ടപ്പെടുത്തി കൊണ്ട് അദ്ദേഹം മരണമടഞ്ഞു. ഇതുകണ്ട് അപ്പോഴും ജീവിച്ചിരിന്ന മറ്റ് രക്തസാക്ഷികള്‍ എന്തായാലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ തീരുമാനിച്ചു.
ഉടന്‍തന്നെ വളരെ തിളക്കമാര്‍ന്ന ഒരു പ്രകാശത്താല്‍ അവിടെ മഞ്ഞ് മുഴുവനും മൂടപ്പെട്ടു; അവിടെ ഉണ്ടായിരിന്ന കാവല്‍ക്കാരില്‍ ഒരാളുടെ കാഴ്ച ശക്തമായ ആ പ്രകാശത്തില്‍ ഒന്നും കാണാനാകാത്ത വിധം മങ്ങി പോയി. അയാള്‍ തന്റെ കണ്‍പോളകള്‍ ബുദ്ധിമുട്ടി തുറന്ന് നോക്കിയപ്പോള്‍ നാല്‍പ്പത് മാലാഖമാര്‍ കൈകളില്‍ കിരീടങ്ങളും വഹിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്നതായി അവര്‍ ദര്‍ശിച്ചു. അവര്‍ ആ കിരീടങ്ങള്‍ ആ നാല്‍പ്പത് രക്തസാക്ഷികളുടേയും തലയില്‍ അണിയിച്ചു.
എന്നാല്‍ നാല്‍പ്പതാമത്തെ മാലാഖ ആരുടെ തലയില്‍ കിരീടമണിയിക്കും എന്ന് സംശയത്താല്‍ നിന്നപ്പോള്‍, ഇതെല്ലാം കണ്ട ആ പടയാളി ക്രിസ്തുവില്‍ വിശ്വസിക്കുകയും, “ആ കിരീടം എനിക്കുള്ളതാണ്” എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു കളഞ്ഞു. തുടര്‍ന്നു മരിച്ചുപോയ വിശ്വാസി കിടന്ന സ്ഥലത്ത് പോയി കിടന്നുകൊണ്ട് ആ കാവല്‍ ഭടന്‍ ഇങ്ങനെ പറഞ്ഞു, “ഞാന്‍ ക്രിസ്ത്യാനിയാണ്”. അപ്രകാരം നാല്‍പ്പതെന്ന ആ സംഖ്യ പൂര്‍ത്തിയായി. തങ്ങളുടെ അവയവങ്ങള്‍ തണുത്ത് മരവിച്ചുകൊണ്ടിരുന്നപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല, ക്രമേണ അവര്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങി.
ആ നാല്‍പ്പത് പടയാളികളില്‍ മെലിട്ടണ്‍ എന്ന് പേരായ ഒരു യുവാവുമുണ്ടായിരുന്നു, അദ്ദേഹമായിരുന്നു കൂടുതല്‍ നേരം പിടിച്ചു നിന്നത്. ഉദ്യോഗസ്ഥര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്യുവാനായി എത്തിയപ്പോള്‍ അവന്‍ അപ്പോഴും ശ്വസിക്കുന്നതായി അവര്‍ കണ്ടു. ദയതോന്നിയ അവര്‍, അവന്‍ പിന്നീട് തന്റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ അവനെ രക്ഷപ്പെടുത്തുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ സന്നിഹിതയായിരുന്ന അവന്റെ മാതാവ്, തന്റെ മകന്‍ ആ രക്തസാക്ഷികളുടെ കൂട്ടത്തില്‍ നിന്നും വിട്ടുപോവുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍പോലും കഴിയാതെ അവനോടു പിടിച്ചുനില്‍ക്കുവാന്‍ അപേക്ഷിച്ചു. മറ്റുള്ള മൃതദേഹങ്ങള്‍ക്കൊപ്പം അവന്റെ ശരീരവും വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയും ചെയ്തു.
ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ അവന് ഒരടയാളം കാണിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവന്‍ അതിനു മുതിര്‍ന്നില്ല. ആയതിനാല്‍ അവന്റെ ശരീരവും മറ്റുള്ളവരുടേതിനൊപ്പം അഗ്നിയിലേക്കെറിഞ്ഞു, അവരുടെ എല്ലുകള്‍ പിന്നീട് നദിയില്‍ വലിച്ചെറിഞ്ഞുവെങ്കിലും, അവ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കുകയും വിശ്വാസികള്‍ അവ ശേഖരിച്ചു സൂക്ഷിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group