സ്പെയിനിലാണ് വിശുദ്ധ ടൊറീബിയോ അല്‍ഫോണ്‍സൊ ഡി മൊഗ്രോവെജോ ജനിച്ചത്. ചെറുപ്പം മുതല്‍ക്കേ തന്നെ പാപങ്ങളില്‍ നിന്നും അകന്നുകൊണ്ട് നന്മയിലൂന്നിയ ഒരു ജീവിതമായിരിന്നു ടൊറീബിയോ നയിച്ചിരിന്നത്. പരിശുദ്ധ മാതാവിന്റെ ഒരു വലിയ ഭക്തനായിരുന്നു വിശുദ്ധന്‍.
ദിനംതോറും വിശുദ്ധന്‍ മാതാവിനോടുള്ള പ്രത്യേക പ്രാര്‍ത്ഥനകളും ജപമാലയും ചൊല്ലുകയും ശനിയാഴ്ചകളില്‍ മാതാവിന് വേണ്ടി ഉപവാസമനുഷ്ടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. വിദ്യ അഭ്യസിക്കുന്നതിനോട് സ്വാഭാവികമായി വളരെയേറെ താത്പര്യമുണ്ടായിരുന്ന വിശുദ്ധന്‍, വല്ലഡോളിഡിലും, സലമാന്‍കായിലുമായി തന്റെ നിയമപഠനം പൂര്‍ത്തിയാക്കി.
വിശുദ്ധന്റെ നന്മയേയും അറിവിനേയും പരിഗണിച്ചുകൊണ്ട് ഫിലിപ്പ് രണ്ടാമന്‍ രാജാവ്, വിശുദ്ധനെ ഗ്രാനഡായിലെ സുപ്രീംകോടതിയിലെ മുഖ്യന്യായാധിപനാക്കുകയും, അതേ നഗരത്തിലെ തന്നെ ഔദ്യോഗിക പരിശോധനാ വിഭാഗം മേധാവിയാക്കുകയും ചെയ്തു. തന്നെ ഏല്‍പ്പിച്ച ജോലി അഞ്ചുവര്‍ഷത്തോളം വളരെ വിശിഷ്ടമായ രീതിയില്‍ തന്നെ വിശുദ്ധന്‍ നിര്‍വഹിച്ചു.
1580-ല്‍ പെറുവിലെ, ലിമായിലെ പരിശുദ്ധ സഭാസിംഹാസനം ഒഴിവായി കിടന്ന അവസരത്തില്‍ രാജാവ് വിശുദ്ധനെ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു, എന്നാല്‍ പരിശുദ്ധമായ ആ സ്ഥാനത്തിരിക്കുവാന്‍ താന്‍ യോഗ്യനല്ലെന്ന് വാദിച്ചുകൊണ്ട് ടൊറീബിയോ ഡി മൊഗ്രോവെജോ തന്റെ സഭാപരമായ അറിവുവെച്ചു കൊണ്ട് നിയമനം നടത്തുവാന്‍ ശ്രമം നടത്തി. പക്ഷേ വിശുദ്ധന്റെ വാദങ്ങളെ മറികടന്നുകൊണ്ട് രാജാവ് അദ്ദേഹത്തെ പുരോഹിതനാക്കുകയും, മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു. അങ്ങിനെ 1581-ല്‍ തന്റെ 43-മത്തെ വയസ്സില്‍ വിശുദ്ധന്‍ തന്റെ പുതിയ ദൗത്യവുമായി പെറുവിലെ, ലിമായിലെത്തി.
വളരെ വലിയൊരു രൂപതയായിരുന്നു വിശുദ്ധന്റേത്. എന്നാല്‍ സ്പെയിന്‍കാരായ പുരോഹിത വൃന്ദവും, അല്‍മായരും ധാര്‍മ്മികമായി വളരെയേറെ അധപതിച്ച നിലയിലായിരുന്നു. അവിടത്തെ ഇന്ത്യന്‍ ജനത വളരെയേറെ ചൂഷണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന കാര്യവും വിശുദ്ധന്‍ മനസ്സിലാക്കി. എന്നാല്‍ ഇതൊന്നും വിശുദ്ധനെ ഒട്ടുംതന്നെ തളര്‍ത്തിയില്ല. അവിടെ മതനവീകരണം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി വിശുദ്ധന്‍ ട്രെന്റ് സമിതിയുടെ തീരുമാനങ്ങള്‍ അവിടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചു.
വിവേകത്താലും, ഉത്സാഹത്താലും സമ്മാനിതനായിരുന്ന വിശുദ്ധന്‍ പുരോഹിത വൃന്ദത്തിന്റെ നവീകരണത്തിനു തുടക്കം കുറിച്ചു. പാപികള്‍ക്ക് അദ്ദേഹമൊരു ചമ്മട്ടിയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് ഒരു സംരക്ഷകനുമായിരുന്നു വിശുദ്ധന്‍. ഇക്കാരണത്താല്‍ തന്നെ അദ്ദേഹത്തിന് വളരെയേറെ വിമര്‍ശനവും, പീഡനവും സഹിക്കേണ്ടതായി വന്നു. പക്ഷേ സമീപകാലത്ത് വൈസ്രോയിയായി ലിമായിലെത്തിയ ഡോണ്‍ ഫ്രാന്‍സിസ് ഡി ടോള്‍ഡോയില്‍ നിന്നും വിശുദ്ധന് വളരെയേറെ പിന്തുണ ലഭിച്ചു.
അപ്രകാരം താന്‍ തുടങ്ങിവെച്ച ധാര്‍മ്മിക നവോത്ഥാനം പൂര്‍ത്തിയാക്കുവാന്‍ വിശുദ്ധന് സാധിച്ചു. വലിപ്പ ചെറുപ്പമില്ലാതെ സകല ജനങ്ങളുടേയും രക്ഷക്കായി തനിക്ക് ചെയ്യുവാന്‍ കഴിയുന്നതെല്ലാം വിശുദ്ധ ടൊറീബിയോ ഡി മൊഗ്രോവെജോ ചെയ്തു. ഇന്ത്യാക്കാര്‍ക്ക് വേണ്ട സംരക്ഷണം അദ്ദേഹം നല്‍കി. അവരെ വേദപാഠം പഠിപ്പിക്കുന്നതിനായി വിശുദ്ധന്‍ അവരുടെ ഭാഷകളും സ്വായത്തമാക്കി. വിശുദ്ധ കുര്‍ബ്ബാന, നിരന്തരമായ കുമ്പസാരം, ധ്യാനം, നീണ്ട പ്രാര്‍ത്ഥനകള്‍, കഠിനമായ അനുതാപ പ്രവര്‍ത്തികള്‍ എന്നിവയിലൂന്നിയ ആത്മീയ ചൈതന്യമായിരുന്നു വിശുദ്ധന്റെ എല്ലാ കഠിനപ്രവര്‍ത്തനങ്ങളുടേയും ഊര്‍ജ്ജം.
ഒരിക്കല്‍ ഒരു രൂപതാ സന്ദര്‍ശനത്തിനിടക്ക് പാക്കാസ്‌മായോയില്‍ വെച്ച് വിശുദ്ധന് കലശലായ പനി ബാധിച്ച് പെറുവിന്റെ മഹാനായ അപ്പസ്തോലന്‍ 1606 മാര്‍ച്ച് 23ന് ദൈവസന്നിധിയിലേക്ക് യാത്രയായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group