മാർച്ച്‌ 27: ഈജിപ്തിലെ വിശുദ്ധ ജോണ്‍..

ഈജിപ്തിലെ അസ്യൂട്ടിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. അദ്ദേഹം അസ്യൂട്ടിലെ ഒരു മരാശാരിയോ, പാദുക നിര്‍മ്മാണ പ്രവര്‍ത്തിയിലേര്‍പ്പെട്ടിരുന്നവനോ ആയിരിന്നുവെന്ന് പറയപ്പെടുന്നു. വിശുദ്ധന് 25 വയസ്സായപ്പോള്‍ അദ്ദേഹം സമീപപ്രദേശത്തുള്ള ഒരു പര്‍വതത്തിലെ ആശ്രമത്തിലെ സന്യാസിയായി മാറി. വിശുദ്ധന്റെ എളിമയെ പരീക്ഷിക്കുവാനായി അവിടത്തെ പ്രായമായ സന്യാസി പലപ്പോഴും ഉണങ്ങിയ ചുള്ളികമ്പിന് ദിവസംതോറും വെള്ളമോഴിക്കുക തുടങ്ങിയ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ വിശുദ്ധനോട് ആവശ്യപ്പെട്ടിരിന്നു, എന്നാല്‍ ഒരു വര്‍ഷം മുഴുവനും വിശുദ്ധന്‍ ആ പ്രവര്‍ത്തി യാതൊരു വൈമനസ്യവും കൂടാതെ ചെയ്തു വന്നു. ആ സന്യാസിയോടൊപ്പം ഏതാണ്ട് 12 വര്‍ഷത്തോളം വിശുദ്ധന്‍ താമസിച്ചു.

വിശുദ്ധന് 40-വയസ്സ് പ്രായമായപ്പോള്‍ അദ്ദേഹം അസ്യൂട്ടിനു സമീപമുള്ള വലിയൊരു പാറയുടെ മുകളില്‍ ഒരു ചെറിയ മുറി പണിത് അവിടെ കഠിനമായ ഏകാന്തവാസമാരംഭിച്ചു. സൂര്യാസ്തമനം വരെ വിശുദ്ധന്‍ ഒന്നും ഭക്ഷിക്കാറില്ലായിരുന്നു. മുഴുവന്‍ സമയവും, പ്രാര്‍ത്ഥനയും ധ്യാനപ്രവര്‍ത്തികളുമായി അദ്ദേഹം കഴിഞ്ഞു. ശനിയാഴ്ചകളിലും, ഞായറാഴ്ചകളിലും തന്റെ മുറിയുടെ കിളിവാതിലിലൂടെ തന്റെ പക്കല്‍ ഉപദേശം തേടിവരുന്ന ഭക്തരോട് അത്യാവശ്യത്തിനു മാത്രം സംസാരിച്ചു. വിശുദ്ധന്റെ ശിഷ്യന്‍മാര്‍ അദ്ദേഹത്തിന്റെ മുറിക്ക് സമീപം ഒരു ശുശ്രൂഷാലയം സ്ഥാപിക്കുകയും അവിടെ വരുന്നവരെ ശുശ്രൂഷിക്കുകയും ചെയ്തു വന്നു. ഇവര്‍ വിശുദ്ധന്റെ അത്ഭുതങ്ങള്‍ പ്രവര്‍ത്തനങ്ങളേക്കുറിച്ചും, പ്രവചനപരമായ കഴിവിനേയും, ആളുകളുടെ ഉള്ളിരിപ്പ് വായിക്കുവാനുള്ള കഴിവിനേയും പൊതുജനങ്ങള്‍ക്കിടയില്‍ പരക്കെ പ്രചാരം കൊടുത്തു.

ഭാവിയെപ്പറ്റി പ്രവചിക്കുവാനുള്ള വിശുദ്ധന്റെ കഴിവുകാരണം അദ്ദേഹത്തിന് ‘തെബായിഡിലെ പ്രവാചകന്‍’ എന്ന വിളിപ്പേര് നേടികൊടുത്തു. തിയോഡോസിയൂസ് ചക്രവര്‍ത്തിയെ സ്വേച്ഛാധിപതിയായ മാക്സിമസ് ആക്രമിച്ചപ്പോള്‍, തിയോഡോസിയൂസ് വിശുദ്ധനോട് യുദ്ധത്തിന്റെ ഗതിയെ കുറിച്ച് ആരാഞ്ഞു, ആ യുദ്ധത്തില്‍ യാതൊരുവിധ രക്തചൊരിച്ചിലും കൂടാതെ തന്നെ തിയോഡോസിയൂസ് വിജയിക്കുമെന്ന് വിശുദ്ധന്‍ പ്രവചിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു. അതുപോലെ തന്നെ 392-ല്‍ ഇയൂജെനീയൂസിനെതിരായി താന്‍ സൈനിക നീക്കം നടത്തിയാല്‍ അത് വിജയിക്കുമോ, അതോ ഇയൂജെനീയൂസിന്റെ ആക്രമണത്തിനായി കാത്തിരിക്കണമോയെന്ന് ഒരിക്കല്‍ തിയോഡോസിയൂസ് വിശുദ്ധനോട് ആരാഞ്ഞു, ഈ യുദ്ധത്തില്‍ ചക്രവര്‍ത്തി വിജയിക്കുമെന്നും, എന്നാല്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടപ്പെടുമെന്ന് മാത്രമല്ല, തിയോഡോസിയൂസ് ഇറ്റലിയില്‍ വെച്ച് മരണപ്പെടുമെന്നും വിശുദ്ധന്‍ പ്രവചിച്ചു. ആ യുദ്ധത്തില്‍ തിയോഡോസിയൂസിനു ഏതാണ്ട് 10,000 ത്തോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം വിജയിക്കുകയും 395-ല്‍ അദ്ദേഹം മരിക്കുകയും ചെയ്തു.

ഒരു സെനറ്ററിന്റെ ഭാര്യയുടെ കാഴ്ചശക്തി വീണ്ടെടുത്തതും വിശുദ്ധന്റെ അത്ഭുതപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധന്‍ സ്ത്രീകളെ കാണുകയോ അവരുമായി സംസാരിക്കുവാനോ കൂട്ടാക്കുമായിരുന്നില്ല. വിശുദ്ധനെ കാണുവാന്‍ വേണ്ടി മാത്രം ലിക്കോപോളിസിലെത്തിയ, ചക്രവര്‍ത്തിയുടെ ഒരുന്നത ഉദ്യോഗസ്ഥന്റെ ഭാര്യക്ക്‌ വിശുദ്ധനെ കാണുവാന്‍ കഴിയാതെ തിരിച്ചുപോകേണ്ടി വരികയും, എന്നാല്‍ അവളുടെ വിശ്വാസത്തില്‍ സംപ്രീതനായ വിശുദ്ധന്‍ അവള്‍ക്ക്‌ സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും നല്ലഉപദേശങ്ങള്‍ നല്‍കുകയും ചെയ്ത സംഭവം ഇവാഗ്രിയൂസ്, പല്ലാഡിയൂസ്, ഓഗസ്റ്റിന്‍ എന്നിവര്‍ ‘മരിച്ചവര്‍ക്ക് വേണ്ടിയുള്ള ശുശ്രൂഷയില്‍’ എന്ന പ്രബന്ധത്തില്‍ വിവരിക്കുന്നു. പില്‍ക്കാലത്ത് ഹെലനോപോളിസിലെ മെത്രാനായി തീര്‍ന്ന പല്ലാഡിയൂസ് 394-ല്‍ വിശുദ്ധ ജോണിനെ സന്ദര്‍ശിക്കുവാന്‍ വന്ന സംഭവം വിവരിക്കുന്നുണ്ട്: അടുത്ത ശനിയാഴ്‌ച വരെ വിശുദ്ധനെ കാണുവാന്‍ സാധിക്കുകയില്ലെന്ന്‍ മനസ്സിലാക്കിയ അദ്ദേഹം തിരിച്ചു പോയി.

അടുത്ത ദിവസം അതിരാവിലെ തന്നെ വിശുദ്ധന്‍ തന്റെ ജാലകത്തിലിരുന്ന്‍ മറ്റുള്ളവരുമായി സംസാരിക്കുന്നതായി കണ്ട അദ്ദേഹം ഒരു ദ്വിഭാഷി മുഖേന താന്‍ ഇവാഗ്രിയൂസ് സമൂഹത്തില്‍ നിന്നും ഉള്ളവനാണെന്ന്‍ അറിയിച്ചു കൊണ്ട് തന്നെ തന്നെ വിശുദ്ധനെ പരിചയപ്പെടുത്തി. ഈ സമയം ഗവര്‍ണറായ അലീപിയൂസ് അവിടെ വരികയും, പല്ലാഡിയൂസിനോട് കാത്തിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിശുദ്ധന്‍ ഗവര്‍ണറൊട് സംസാരിക്കുവാനായി പോയി. ഏറെനേരം കാത്തിരിക്കേണ്ടി വന്നതില്‍ അക്ഷമനായ പല്ലാഡിയൂസ് കോപാകുലനാവുകയും അവിടെ നിന്ന് എഴുന്നേറ്റ്‌ പോകുവാന്‍ തീരുമാനിക്കുകയും ചെയ്തു.

അപ്പോള്‍ വിശുദ്ധന്‍ തന്റെ ദ്വിഭാഷി മുഖേന പല്ലാഡിയൂസിനോട് അക്ഷമനാകാതിരിക്കുവാനും ഗവര്‍ണറെ പറഞ്ഞുവിട്ടതിനു ശേഷം താന്‍ അദ്ദേഹത്തോട് സംസാരിക്കാമെന്നും അറിയിച്ചു. തന്റെ മനസ്സിലെ വിചാരങ്ങളെ വായിച്ചറിഞ്ഞ വിശുദ്ധന്റെ കഴിവില്‍ പല്ലാഡിയൂസ് അതിശയപ്പെട്ടു. ഗവര്‍ണര്‍ പോയതിനു ശേഷം പല്ലാഡിയൂസിന്റെ പക്കലെത്തിയ വിശുദ്ധന്‍, താന്‍ ഗവര്‍ണറിനു ആദ്യപരിഗണന കൊടുത്തതിന്റെ കാരണം ബോധിപ്പിക്കുകയും, പല്ലാഡിയോസിനോടു തന്റെ മനസ്സില്‍ നിന്നും പിശാചിന്റെ പ്രലോഭനങ്ങളെ ഉപേക്ഷിക്കുവാന്‍ ഉപദേശിക്കുകയും ചെയ്തു. മാത്രമല്ല അദേഹം ഒരു മെത്രാനായിതീരുമെന്ന കാര്യവും വിശുദ്ധന്‍ പ്രവചിക്കുകയുണ്ടായി. പല്ലാഡിയൂസിന്റെ ഈ സന്ദര്‍ശനത്തെകുറിച്ചുള്ള വിവരണം ഇപ്പോഴും നിലവിലുണ്ട്.

ഒരിക്കല്‍ വിശുദ്ധ പെട്രോണിയൂസും ആറോളം സന്യാസിമാരും വിശുദ്ധനെ കാണുവാന്‍ എത്തി. തങ്ങളില്‍ ആരെങ്കിലും ദൈവീക വഴിയില്‍ സഞ്ചരിക്കുന്നവരാണോ എന്ന് വിശുദ്ധന്‍ ചോദിച്ചപ്പോള്‍ അവര്‍ ‘അല്ല’ എന്ന് മറുപടി കൊടുത്തു. വാസ്തവത്തില്‍ പെട്രോണിയൂസ് താന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്ന സത്യം അവരില്‍ നിന്നും മറച്ചുവെച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിശുദ്ധന്‍ പെട്രോണിയൂസിനെ ചൂണ്ടികൊണ്ട് ഈ മനുഷ്യന്‍ ഒരു പുരോഹിതാര്‍ത്ഥിയാണെന്നറിയിച്ചപ്പോള്‍ പെട്രോണിയൂസ് അത് നിഷേധിച്ചു. ഉടനെതന്നെ വിശുദ്ധന്‍ ആ ചെറുപ്പക്കാരന്റെ കൈയ്യില്‍ ചുംബിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, “എന്റെ മകനേ, ഒരിക്കലും ദൈവത്തില്‍ നിന്നും കിട്ടിയ വരദാനത്തെ നിഷേധിക്കാതിരിക്കുക, നിന്റെ എളിമ അസത്യത്തിലൂടെ നിന്നെ വഞ്ചിക്കുവാന്‍ അനുവദിക്കരുത്. നമ്മള്‍ ഒരിക്കലും അസത്യം പറയരുത്‌, കാരണം അസത്യമായതൊന്നും ദൈവത്തില്‍ നിന്നും വരുന്നതല്ല”. കൂടാതെ അതിലൊരു സന്യാസിയുടെ അസുഖം സൌഖ്യപ്പെടുത്തുകയും ചെയ്തു.

അഹംഭാവത്തേയും, പൊങ്ങച്ചത്തേയും കുറിച്ച് വിശുദ്ധന്‍ അവര്‍ക്ക്‌ പലവിധ ഉപദേശങ്ങള്‍ നല്‍കുകയും, തങ്ങളുടെ ഹൃദയങ്ങളില്‍ നിന്നും അവയെ ഒഴിവാക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനായി നിരവധി സന്യാസിമാരുടെ ഉദാഹരണങ്ങള്‍ വിശുദ്ധന്‍ അവര്‍ക്ക്‌ നല്‍കി. മൂന്ന്‍ ദിവസത്തോളം വിശുദ്ധനോടൊപ്പം കഴിഞ്ഞതിനു ശേഷം അവര്‍ യാത്രപുറപ്പെടുവാന്‍ തുടങ്ങിയപ്പോള്‍, വിശുദ്ധന്‍ തന്റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക്‌ നല്‍കികൊണ്ട്, ഇയൂജെനീയൂസിനുമേല്‍ തിയോഡോസിയൂസ് ചക്രവര്‍ത്തിയുടെ വിജയ വാര്‍ത്ത‍യും അദ്ദേഹത്തിന്റെ സ്വാഭാവിക മരണത്തേക്കുറിച്ച് പ്രവചിക്കുകയും ചെയ്തു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് ശേഷം വിശുദ്ധ ജോണ്‍ മരണപ്പെട്ട വിവരം ആ സന്യാസിമാര്‍ മനസ്സിലാക്കി. വിശുദ്ധന്‍ തന്റെ മരണം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു, തന്റെ അവസാന മൂന്ന്‍ ദിവസം അദ്ദേഹം ആരെയും കാണുവാന്‍ കൂട്ടാക്കാതെ പ്രാര്‍ത്ഥനയില്‍ കഴിയുകയും മുട്ടിന്‍മേല്‍ നിന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ മരണപ്പെടുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group