മാർച്ച്‌ 24: വിശുദ്ധ അല്‍ദേമാര്‍.

ഇറ്റലിയില്‍ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു വിശുദ്ധ അല്‍ദേമാര്‍. തന്റെ ബുദ്ധിയും, പ്രാര്‍ത്ഥനയിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും മൂലം വളരെയേറെ പ്രശസ്തനായിരുന്നു അദ്ദേഹം. അദേഹത്തിന്റെ ബാല്യത്തില്‍ തന്നെ, വിശുദ്ധ ബെനഡിക്ടിനാല്‍ സ്ഥാപിതമായ പ്രസിദ്ധമായ മോണ്ടെ കാസ്സിനോ ആശ്രമത്തില്‍ ചേര്‍ന്നു. തന്റെ പഠനങ്ങളില്‍ വളരെയേറെ മികവ് പുലര്‍ത്തിയ വിശുദ്ധന്‍ “ബുദ്ധിമാനായ അല്‍ദേമാര്‍” എന്നാണ്‌ പരക്കെ അറിയപ്പെട്ടിരുന്നത്.

അദ്ദേഹത്തിന്റെ അറിവും, ദീര്‍ഘവീക്ഷണവും കണക്കിലെടുത്ത് സമീപപ്രദേശത്തെ ഒരു രാജകുമാരി താന്‍ സ്ഥാപിച്ച പുതിയ സന്യാസിനീ മഠത്തെ നയിക്കുവാനുള്ള ചുമതല വിശുദ്ധനെ ഏല്‍പ്പിച്ചു. ഈ ദൌത്യം സ്വീകരിച്ച വിശുദ്ധന്‍ തന്റെ ജോലി വളരെ ഭംഗിയായി നിര്‍വഹിച്ചു. ഇതിനിടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള വരദാനം ലഭിച്ചിട്ടുള്ള ആളാണ്‌ വിശുദ്ധനെന്ന കാര്യം എല്ലാവര്‍ക്കും മനസ്സിലാവുകയും, അദ്ദേഹത്തിന്റെ അത്ഭുത പ്രവര്‍ത്തനങ്ങള്‍ നിരവധി ആളുകളുടെ ശ്രദ്ധയെ ആകര്‍ഷിക്കുകയും ചെയ്തു.

അങ്ങനെയിരിക്കെ വിശുദ്ധന്റെ ആശ്രമാധിപന്‍ അദ്ദേഹത്തെ മോണ്ടെ കാസ്സിനോയിലേക്ക് തിരികെ വിളിപ്പിച്ചു. എന്നാല്‍ ഇതില്‍ അസന്തുഷ്ടയായ രാജകുമാരി വിശുദ്ധനെ തിരികെ വിളിപ്പിച്ചതിനെ എതിര്‍ക്കുകയും ഇതിനെ ചൊല്ലിയൊരു അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയും ചെയ്തു. എന്നാല്‍ വിശുദ്ധനാകട്ടെ വേറൊരു പട്ടണത്തിലേക്ക്‌ രക്ഷപ്പെടുകയും അവിടെ മൂന്ന് ആത്മീയ സഹോദരന്‍മാര്‍ക്കൊപ്പം ജീവിക്കുകയും ചെയ്തു. ഈ സഹോദരന്‍മാരില്‍ ഒരാള്‍ വിശുദ്ധനെ വെറുക്കുകയും അദേഹത്തെ അമ്പെയ്ത് കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ആയുധം കൈകാര്യം ചെയ്യുന്നതില്‍ വന്ന പാകപ്പിഴ നിമിത്തം അദ്ദേഹത്തിന്റെ സ്വന്തം കരത്തില്‍ തന്നെ മുറിവേറ്റു.

തന്നെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചവന്റെ മുറിവ് ഗുരുതരമായതിനെ തുടര്‍ന്ന് വിശുദ്ധന്‍ ആ വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും, തന്മൂലം അത് സുഖപ്പെടുകയും ചെയ്തു. തുടര്‍ന്ന് വിശുദ്ധന്‍ സ്വന്തമായി ഒരു ആശ്രമം സ്ഥാപിച്ചു. കാലക്രമേണ അദ്ദേഹം നിരവധി സന്യാസഭവനങ്ങളും സ്ഥാപിക്കുകയും, ആ സന്യാസസമൂഹങ്ങളെയെല്ലാം അദ്ദേഹം നേരിട്ട് നയിക്കുകയും ചെയ്തു. ഏതാണ്ട് 1080-ലാണ് വിശുദ്ധ അല്‍ദേമാര്‍ കർത്താവിൽ നിദ്ര പ്രാപിച്ചത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group