പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ ഒരുങ്ങി മാർസിലിയ

പത്രോസിന്റെ പിൻഗാമിയെ സ്വീകരിക്കാൻ ഒരുങ്ങി ഫ്രഞ്ച് നഗരമായ മാർസിലിയ.
1533 ൽ ക്ലെമെന്റ് ഏഴാമൻ പാപ്പയുടെ സന്ദർശനത്തിനു ശേഷം വർഷങ്ങൾക്ക് ശേഷമാണ് പത്രോസിന്റെ പിൻഗാമി വീണ്ടും ഇവിടം സന്ദർശിക്കുന്നത്.

സെപ്തംബർ 17 മുതൽ 24 വരെ നീണ്ടുനിൽക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ അഭിസംബോധന ചെയ്യാനാണ് 22, 23 തീയതികളിൽ പാപ്പ ഇവിടെ എത്തുക.

മെഡിറ്ററേനിയൻ ജനതയുടെ പ്രതീക്ഷയും ആനന്ദവും പ്രോജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ‘മെഡിറ്ററേനിയൻ സംഗമ’ത്തെ ശ്രദ്ധേയമാക്കുന്നത് മെഡിറ്ററേനിയൻ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതവിശ്വാസികളായ യുവജനങ്ങളുടെയും കത്തോലിക്കാ ബിഷപ്പുമാരുടെയും പങ്കാളിത്തമാണ്. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക പര്യടനത്തിൽ രാഷ്ട്രീയ, മത സാമുദായിക സംഘടനയിലെ നേതാക്കന്മാരുമായുള്ള കൂടിക്കാഴ്ചയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സെപ്തംബർ 22 പ്രാദേശിക സമയം വൈകീട്ട് 4.15ന് മർസിലിയ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പാപ്പയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ സ്വീകരിക്കും. വൈകീട്ട് 5.15ന് നോട്ടർഡാം ഡി ലാ ഗാർഡെ കത്തീഡ്രലിൽ ബിഷപ്പുമാർക്കും വൈദീകർക്കുമൊപ്പം മരിയൻ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. തുടർന്ന് മെഡിറ്ററേനിയൻ കടലിലെ കപ്പൽച്ഛേദത്തിൽ മരണപ്പെട്ട നാവീകരുടെയും അഭയാർത്ഥികളുടെയും സ്മാരകത്തിൽ പ്രാർത്ഥന നടത്തും.

പിറ്റേന്ന് രാവിലെ ആർച്ച്ബിഷപ്സ് ഹൗസിൽ നേതാക്കളുമായുള്ള കൂടിക്കാഴ്ച. അതേ തുടർന്നാകും, മെഡിറ്ററേനിയൻ സംഗമത്തെ അഭിസംബോധന ചെയ്യുക. അവിടെവെച്ച് പ്രസിഡന്റ് മാക്രോണുമായും കൂടിക്കാഴ്ച നടത്തും. വൈകീട്ട് വെലോദോം സ്റ്റേഡിയത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെയാകും പേപ്പൽ പര്യടനം സമാപിക്കുക. പാപ്പയുടെ 44-ാമത് വിദേശ പര്യടനവും ഫ്രാൻസിലേക്കുള്ള രണ്ടാമത്തെ പര്യടനവുമാണിത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group