മാർത്തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സൂക്ഷിക്കപ്പെടുന്ന ഇറ്റലിയിലെ ഓർത്തോണയിലുള്ള മാർത്തോമ്മാ ശ്ലീഹാ ബസലിക്കയിലെ ചരിത്ര രേഖകൾ അനുസരിച്ച് തോമ്മാ ശ്ലീഹാ സിറിയയിൽ നിന്ന് സുവിശേഷവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. തുടർന്ന് മെസൊപ്പൊട്ടേമിയയിലേക്ക് പോയ അദ്ദേഹം തന്റെ ആദ്യത്തെ സഭാസമൂഹം എദേസ്സയിൽ സ്ഥാപിച്ചു (ഇപ്പോഴത്തെ ടർക്കിയിലെ സാൻലിയൂർഫ). തുടർന്ന് ബാബിലോണിലെത്തിയ തോമ്മാശ്ലീഹാ അവിടെ ഏഴ് വർഷം താമസിക്കുകയും മറ്റൊരു സഭാസമൂഹം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം തെക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് പോയി. 52-ൽ കടൽ മാർഗ്ഗം അദ്ദേഹം തുറമുഖ നഗരമായ മുസിരിസിൽ എത്തുകയും സുവിശേഷം പ്രസംഗിക്കാൻ തുടങ്ങുകയും ചെയ്തു. തുടർന്ന് കേരളത്തിലുടനീളം സുവിശേഷ പര്യടനം നടത്തുകയും നിരവധി ക്രിസ്ത്യൻ സമൂഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് പോയ അദ്ദേഹം പിന്നീട് കോറമാണ്ടലിന്റെ തെക്കുകിഴക്കൻ തീരത്ത് മടങ്ങിയെത്തി. 72 ൽ മൈലാപ്പൂരിൽ മരിക്കുകയും അവിടെ അടക്കം ചെയ്യുകയും ചെയ്തു. മൂന്നാം നൂറ്റാണ്ടിൽ, ദക്ഷിണേന്ത്യയിൽ അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ പശ്ചാത്തലത്തിൽ. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ സുരക്ഷിതമായിരിക്കാനായി ശ്ലീഹായുടെ ആദ്യ പ്രേഷിത ഭൂമിയായ എദേസയിലേക്ക് (232 ഓടെ) വിശ്വാസി സമൂഹം മാറ്റുകയുണ്ടായി. പിന്നീട് അറബി അധിനിവേശത്തെ തുടർന്ന് എദേസയിൽ നിന്നും ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ കൂടുതൽ സുരക്ഷിതമെന്ന് വിശ്വസിക്കുന്ന സ്ഥലത്തേക്ക് – ഗ്രീസിലെ ചിയോസ് ദ്വീപിലേയ്ക്ക് – മാറ്റി (ഏകദേശം 1146). 1258-ൽ ഇറ്റലിയിൽ നിന്നുള്ള സായുധ സേനകൾ ചിയോസ് ദ്വീപിൽ എത്തുന്നതുവരെ തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ അവിടെ സൂക്ഷിക്കപ്പെട്ടു. തുർക്കികളുടെ അധിനിവേശത്തിൽ നിന്നും ശ്ലീഹായുടെ പൂജ്യ അവശിഷ്ടങ്ങൾ സംരക്ഷിക്കാനായി അവർ ദ്വീപിൽ നിന്നും തോമ്മാ ശ്ലീഹായുടെ അസ്ഥികളും അവ മൂടിയ മാർബിൾ ഫലകവും കപ്പലിൽ ഇറ്റലിയിലേക്ക് കൊണ്ടുപോയി. 1258 സെപ്റ്റംബർ 6-ന് അവർ ഇറ്റലിയിലെ ഓർത്തോണ തുറമുഖത്ത് എത്തി. ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അസ്ഥികളും പൂജ്യ അവശിഷ്ടങ്ങളും ഘോഷയാത്രയായി അവിടെ ഉള്ള മാതാവിന്റെ നാമത്തിലുള്ള (സാന്താ മരിയാ ദെല്ലി ആൻഞ്ചലി) പള്ളിയിലേക്ക് കൊണ്ടുപോയി അവിടെ പ്രതിഷ്ഠിച്ചു. 1556 ൽ തുർക്കികൾ ഈ ദൈവാലയം തീവച്ച് നശിപ്പിക്കാൻ ശ്രമിച്ചു എങ്കിലും മാർത്തോമ്മാ ശ്ലീഹായുടെ തിരുശേഷിപ്പുകളും മറ്റ് ചില വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സംരക്ഷിക്കപ്പെട്ടു. നൂറ്റാണ്ടുകളായി കത്തീഡ്രൽ ആയിരുന്ന ദൈവാലയം തുടർന്ന് 1859 ൽ ഒൻപതാം പീയൂസ് പാപ്പാ ബസലിക്ക ആയി ഉയർത്തുകയും പള്ളിയുടെ പേര് മാർത്തോമ്മാ ശ്ലീഹാ ബസലിക്ക (ബസലിക്ക ദി സാൻ തോമസോ അപ്പൊസ്തൊലോ) എന്ന് മാറ്റുകയും ചെയ്തു. തോമ്മാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ 750 വർഷത്തിലേറെയായി അവിടെ സംരക്ഷിക്കപ്പെടുന്നു. റോമിൽ നിന്ന് 250 കിലോമീറ്റർ അകലെ കടലിനോട് ചേർന്നാണ് ഓർത്തോണ എന്ന നഗരം സ്ഥിതിചെയ്യുന്നത്…
വിവർത്തനം:
സി. സോണിയ തെരേസ് ഡി. എസ്. ജെ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group