ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് കാനഡയിലെ കത്തോലിക്ക സഭയുടെയും ഇതര വിഭാഗങ്ങളുടെയും റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്ന് രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഖനനങ്ങളില്‍ യാതൊരു തെളിവും കണ്ടെത്താത്ത പശ്ചാത്തലത്തില്‍ പ്രചരണം വ്യാജമായിരിന്നുവെന്ന് സൂചന.
ന്യൂയോര്‍ക്ക് പോസ്റ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. ഇതുവരെ ഒരു കൂട്ടക്കുഴിമാടവും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഈ ആരോപണത്തെ സംശയനിഴലിലാക്കിയത്.
റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ വിദ്യാര്‍ത്ഥികളെ കൂട്ടക്കുരുതിചെയ്ത് വലിയ കുഴിമാടമുണ്ടാക്കി അതില്‍ കുഴിച്ചിട്ടുവെന്നായിരുന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏറെ കോലാഹലമുണ്ടാക്കിയ അവകാശവാദത്തില്‍ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ ജനരോഷത്തില്‍ എണ്‍പത്തിമൂന്നോളം ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാവുകയോ, കൊള്ളയടിക്കപ്പെടുകയോ ചെയ്തു. ഈ വാര്‍ത്ത സംബന്ധിച്ച് പ്രാരംഭ റിപ്പോര്‍ട്ടുകള്‍ അതിശയോക്തി കലര്‍ന്നതായിരിന്നുവെന്ന് ‘ദി ഇയോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിലീജിയന്‍ ആന്‍ഡ് സൊസൈറ്റി’ക്ക് വേണ്ടി ഡോ അഞ്ചെലോ ബൊട്ടോണെ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അക്കാലത്ത് നടത്തിയ ചില റഡാര്‍ പരിശോധനകളില്‍ ഭൂമിക്കടിയില്‍ കണ്ടെത്തിയ ചില അസ്വാഭാവികമായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമിക്കടിയില്‍ ശവക്കുഴികളാണെന്ന പ്രചരണം ഉണ്ടായത്.
കനേഡിയന്‍ സര്‍ക്കാരിന് വേണ്ടി കത്തോലിക്കാ സഭയും ആംഗ്ലിക്കന്‍ സഭയുമാണ് റെസിഡന്‍ഷ്യൽ സ്കൂളുകള്‍ നോക്കിനടത്തിയിരുന്നത്. പഴയ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ നടത്തിയ വിവിധ ഉദ്ഖനനങ്ങളില്‍ ഇതുവരെ മനുഷ്യശരീരാവശിഷ്ടങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. മാനിടോബായിലെ കത്തോലിക്ക ദേവാലയത്തിലാണ് ഏറ്റവും ഒടുവിലായി ഉദ്ഖനനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ മൂന്നാമത്തെ ഉദ്ഖനനമാണിത്. റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ തദ്ദേശീയ കുട്ടികള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക് യാതൊരു തെളിവും ഇല്ലെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നുണ്ട്.