മെയ്‌ 02: സഭയുടെ വേദപാരംഗതനായ വിശുദ്ധ അത്തനാസിയൂസ്.

സഭയെ സംബന്ധിച്ചിടത്തോലും എക്കാലത്തേയും പ്രധാനപ്പെട്ട വേദപാരംഗതന്‍മാരില്‍ ഒരാളായാണ് വിശുദ്ധ അത്തനാസിയൂസിനെ കണക്കാക്കുന്നത്.

സഭാ വിശ്വാസത്തിന്റെ സംരക്ഷകനും അലെക്സാണ്ട്രിയായിലെ മെത്രാനുമായിരുന്ന വിശുദ്ധ അത്തനാസിയൂസ് തന്റെ ജീവിതകാലം മുഴുവനും അരിയാനിസമെന്ന മതവിരുദ്ധവാദത്തിന്റെ ശക്തനായിരുന്ന എതിരാളിയായിരുന്നു. 325-ലെ നിസിയാ സമിതിയില്‍ വിശുദ്ധന്‍ പങ്കെടുക്കുകയും സമിതിയുടെ തീരുമാനമനുസരിച്ചുള്ള വിശ്വാസരീതിയുമായി തന്റെ ജീവിതകാലം മുഴുവനും ജീവിക്കുകയും ചെയ്തു.

യേശുവിനെ ക്കുറിച്ചുള്ള യഥാര്‍ത്ഥമായ പ്രബോധനങ്ങളെ ഉയര്‍ത്തിപ്പിടിച്ചതിനാല്‍ നിരവധി പീഡനങ്ങള്‍ക്ക് വിശുദ്ധന്‍ വിധേയമായിട്ടുണ്ട്. അഞ്ചോളം പ്രാവശ്യം വിശുദ്ധന് ഒളിവില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്.

വിശുദ്ധന്‍ ഒരു രക്തസാക്ഷിയായിട്ടല്ല മരിച്ചതെങ്കിലും, യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ ജീവിതം ഒരു രക്തസാക്ഷിത്വം തന്നെയായിരുന്നു. യേശുവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന അരിയാനിസത്തിനെതിരായ യുദ്ധത്തില്‍ വിശുദ്ധന്‍ സഭയുടെ ഒരു ധീരനായകനായിരുന്നു. 325-ലെ നിസിയ സമിതിയില്‍ ഒരു യുവ ഡീക്കണായി പങ്കെടുക്കുമ്പോള്‍ തന്നെ അരിയാനിസത്തിന്റെ ശക്തനായ എതിരാളിയും സഭയുടെ വിശ്വാസത്തിന്റെ ശക്തനായ സംരക്ഷകനുമെന്ന നിലയിലും വിശുദ്ധന്‍ അംഗീകരിക്കപ്പെട്ടിരുന്നു.

328-ല്‍ അവിടത്തെ മെത്രാന്റെ മരണത്തേ തുടര്‍ന്ന് മുഴുവന്‍ സഭാമക്കളും ഒരേ മനസ്സും ഒരേ ആത്മാവും, ഒരേ ശരീരവുമായി അത്തനാസിയൂസിനെ മെത്രാനാക്കണമെന്ന് ആഗ്രഹിച്ചു. മരണശയ്യയില്‍കിടക്കുന്ന അലെക്സാണ്ടര്‍ വിശ്വാസികളുടെ ആഗ്രഹത്തെ പിന്തുണച്ചു. മാത്രമല്ല, വിശുദ്ധനെ നന്മയുള്ളവനും, വിശുദ്ധിയുള്ളവനും, സന്യാസിയും, ഒരു യഥാര്‍ത്ഥ മെത്രാനുമായി സകലരും വാഴ്ത്തിയിരുന്നു.

അതിനു ശേഷം 50-വര്‍ഷത്തോളം നിരന്തരമായ പ്രശ്നങ്ങളായിരുന്നു. അഞ്ചോളം ചക്രവര്‍ത്തിമാരുടെ കീഴില്‍ അഞ്ചില്‍ കുറയാതെ അവസരങ്ങളില്‍ വിശുദ്ധനു ഒളിവില്‍ കഴിയേണ്ടതായി വന്നിട്ടുണ്ട്. യഥാര്‍ത്ഥ കത്തോലിക്കാ വിശ്വാസത്തിന്റെ ഒരു സാക്ഷ്യമായിരുന്നു വിശുദ്ധന്‍. സഭയോടുള്ള വിശുദ്ധന്റെ ഭക്തി ഒരിക്കലും ചഞ്ചലപ്പെട്ടിരുന്നില്ല, അദ്ദേഹത്തിന്റെ ധൈര്യം ഒരിക്കലും ദുര്‍ബ്ബലപ്പെടുകയും ചെയ്തിട്ടില്ല.

ഏഷണികളും, ക്രൂരമായ പീഡനങ്ങളും ആഘാതമേല്‍പ്പിക്കുന്ന അവസരങ്ങളില്‍ പോലും വിശുദ്ധന്‍ തന്റെ കത്തോലിക്കാ വിശ്വാസികളുടെ അചഞ്ചലമായ സ്നേഹത്തിലായിരുന്നു ആശ്രയമര്‍പ്പിച്ചിരുന്നത്. കാലം കഴിഞ്ഞുപോയെങ്കിലും മതവിരുദ്ധവാദികള്‍ക്ക് വിശുദ്ധനോടുള്ള വെറുപ്പില്‍ യാതൊരു കുറവും വന്നില്ല. അദ്ദേഹത്തെ വധിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്ന മതവിരുദ്ധ വാദികളില്‍ നിന്നും രക്ഷനേടുന്നതിനായി അഞ്ച് വര്‍ഷത്തോളം വിശുദ്ധന്‍ താഴ്ചയുള്ള വരണ്ട വെള്ളതൊട്ടിയില്‍ ഒളിവില്‍ താമസിച്ചു.

അദ്ദേഹത്തിന്റെ വിശ്വസ്തനായ ഒരു സുഹൃത്തിനു മാത്രമായിരുന്നു ആ സ്ഥലത്തെ കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ, അദ്ദേഹം വളരെ രഹസ്യമായി വിശുദ്ധന് വേണ്ട ഭക്ഷണവും അവശ്യസാധനങ്ങളും എത്തിച്ചു കൊടുത്തു കൊണ്ടിരുന്നു. ഇതിലെല്ലാമുപരിയായി വിശുദ്ധന് ദൈവത്തിന്റെ പ്രത്യേക സംരക്ഷണവുമുണ്ടായിരുന്നു.

തന്റെ ജീവിതകാലം മുഴുവനും ദൈവാനുഗ്രഹത്താല്‍ ദുരിതങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ജീവിച്ച വിശുദ്ധന്‍, എ‌ഡി 373 ല്‍ വലെന്‍സ്‌ ചക്രവര്‍ത്തിയുടെ ഭരണകാലത്ത്‌ അലെക്സാണ്ട്രിയായില്‍ വെച്ച് കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group