മെയ്‌ 09: സ്വീഡനിലെ ലിന്‍കോപെന്നിലെ മെത്രാനായിരുന്ന വിശുദ്ധ നിക്കോളാസ്‌

ഹെര്‍മന്റെയും മാര്‍ഗരറ്റിന്റെയും മകനായി സ്വീഡനിലെ സ്കെന്നിഞ്ചെനിൽ വിശുദ്ധൻ ജനിച്ചു.

നന്മയാര്‍ന്ന ജീവിതം വഴി ആ നാട്ടിലെ വിശിഷ്ട വ്യക്തിത്വങ്ങളില്‍പ്പെട്ടവരായിരുന്നു നിക്കോളാസിന്‍റെ മാതാപിതാക്കള്‍. അവരുടെ പരിപാലനയില്‍ ശൈശവം മുതലേതന്നെ നിക്കോളാസ് ക്രിസ്തീയ ഭക്തിയുടെ പൂര്‍ണ്ണതയിലാണ് വളര്‍ന്ന് വന്നത്. മാമോദീസാ വഴി താന്‍ ധരിച്ച നിഷ്കളങ്കതയും, വിശുദ്ധിയുമാകുന്ന വസ്ത്രത്തെ ദുഷിപ്പിക്കരുതെന്ന് വിശുദ്ധന്‍ തീരുമാനമെടുത്തിരുന്നു. വ്യാകരണത്തിന്റെ ആദ്യപാഠങ്ങള്‍ വിശുദ്ധന്‍ തന്റെ ഭവനത്തില്‍ നിന്ന്‍ തന്നെയാണ് പഠിച്ചത്. പിന്നീട് ശാസ്ത്രപഠനത്തിനായി വളരെചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ പാരീസിലേക്കയക്കപ്പെട്ടു. അതിനുശേഷം ഓര്‍ലീന്‍സിലേക്ക് മാറ്റപ്പെട്ട വിശുദ്ധന്‍ അവിടെ വെച്ച് തന്റെ ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കുകയും, പൊതുനിയമത്തിലും, സഭാനിയമത്തിലും ബിരുദധാരിയാകുകായും ചെയ്തു.

നന്മയിലും, പഠനത്തിലും ഒരുപോലെ യോഗ്യനായി സ്വഭവനത്തില്‍ തിരികെ എത്തിയ വിശുദ്ധന്‍ അധികം താമസിയാതെ തന്നെ ലിന്‍കോപെന്നിലെ ആര്‍ച്ച്ഡീക്കണായി നിയമിതനായി. വിശുദ്ധന്റെ മുഴുവന്‍ ജീവിതവും അനുതാപത്തിന്റേയും, ഭക്തിയുടേയും പൂര്‍ണ്ണമായ സമര്‍പ്പണമായിരുന്നു. വളരെ ലാളിത്യമാര്‍ന്നതായിരുന്നു വിശുദ്ധന്റെ ജീവിതം. വെള്ളിയാഴ്ചകളില്‍ വെറും അപ്പത്തിനൊപ്പം കുറച്ച് ഉപ്പും വെള്ളവും മാത്രമായിരുന്നു വിശുദ്ധന്റെ ഭക്ഷണം. ചില അവസരങ്ങളില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ശനിയാഴ്ച ഉച്ചവരെ വിശുദ്ധന്‍ യാതൊന്നും കഴിക്കുമായിരുന്നില്ല.

സ്വേച്ഛാധിപതികളും, പാപികളുമായ ആളുകളില്‍ നിന്നും തന്റെ കൃത്യനിര്‍വഹണത്തിനിടക്ക് വിശുദ്ധന് നിരവധി പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്. പക്ഷെ അവയെല്ലാം അദ്ദേഹം സന്തോഷപൂര്‍വ്വം സഹിച്ചു. നിരക്ഷരായ അവിടത്തെ ജനങ്ങളില്‍ വിദ്യാഭ്യാസം എത്തിക്കുകയും അവരുടെ ഇടയില്‍ സഭാപരമായ അച്ചടക്കം കൊണ്ട് വരാനും വിശുദ്ധന് സാധിച്ചു. ലിന്‍കോപെന്നിലെ മെത്രാന്‍മാരുടെ ചരിത്രപുസ്തകമനുസരിച്ച് ഗോട്ട്സ്കാല്‍ക്ക് ആയിരുന്നു ലിന്‍കോപെന്നിലെ 16-മത്തെ മെത്രാന്‍, അദ്ദേഹത്തിന്റെ മരണത്തോടെ വിശുദ്ധ നിക്കോളാസ് അവിടത്തെ മെത്രാനായി അഭിഷിക്തനായി.

ദൈവമഹത്വം പ്രചരിപ്പിക്കുന്നതിലും, മതപരമായ എല്ലാ പ്രവര്‍ത്തികളിലും വിശുദ്ധന്‍ കാണിക്കാറുള്ള ഉത്സാഹത്തിന് ഈ പദവി ഒരു പ്രോത്സാഹനമായിരുന്നു. തന്റെ സ്വകാര്യ താല്‍പ്പര്യങ്ങള്‍ക്കും മീതെ എല്ലാക്കാര്യങ്ങളിലും വിശുദ്ധന്‍ ദൈവസേവനത്തിനും, അയല്‍ക്കാരെ സേവിക്കുന്നതിനുമായി സ്വയം സമര്‍പ്പിച്ചു. പ്രാര്‍ത്ഥനയും ധ്യാനവുമായിരുന്നു വിശുദ്ധന്റെ ആശ്വാസവും, ശക്തിയും. വിശുദ്ധ ലിഖിതങ്ങളെ കുറിച്ചുള്ള പഠനമായിരുന്നു വിശുദ്ധന്റെ സ്വകാര്യ വിനോദം. സഭാനിയമങ്ങളിലെ ഉപകാരപ്രദമായ വാക്യങ്ങളും, പിതാക്കന്‍മാര്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളും സമാഹരിച്ചുകൊണ്ട് വിശുദ്ധന്‍ ഒരു അമൂല്യ ഗ്രന്ഥം തയ്യാറാക്കി.

‘ഹുയിറ്റെബുക്ക്’ എന്നാണ് ഈ ഗ്രന്ഥത്തെ അദ്ദേഹം വിളിച്ചിരുന്നത്. വിശുദ്ധ ഗ്രിഗറിയുടെ ധര്‍മ്മനിഷ്ടകളേയും, വിശുദ്ധ അന്‍സ്ലേമിന്റെ പ്രവര്‍ത്തനങ്ങളേയും, വിശുദ്ധ ബ്രിഡ്‌ജെറ്റിന്റെ രചനകളേയും ആസ്പദമാക്കി വിശുദ്ധന്‍ ചെറിയ കുറിപ്പുകള്‍ തയ്യാറാക്കുന്ന ജോലിയില്‍ മുഴുകി. ഇവരെ വിശുദ്ധരാക്കുവാനായി വിശുദ്ധന്‍ തന്റെ സകല പിന്തുണയും നല്‍കിയിരുന്നു. തന്റെ ആ ജോലി പൂര്‍ത്തിയാക്കിയ അതേവര്‍ഷം തന്നെ വിശുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞു. 1391-ലാണ് വിശുദ്ധ നിക്കോളാസ് കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിക്കുന്നത്.

വിശുദ്ധ ബ്രിഡ്‌ജെറ്റ്, വിശുദ്ധ അന്‍സ്കാരിയൂസ്, കൂടാതെ മറ്റ് ചില ദൈവദാസന്‍മാരുടേയും ജീവചരിത്രങ്ങള്‍ വിശുദ്ധന്‍ രചിച്ചിട്ടുണ്ട്. സങ്കീര്‍ത്തനങ്ങളെ ആസ്പദമാക്കിയുള്ള ഒരു ഗ്രന്ഥവും വിശുദ്ധന്റേതായുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group