1540-ല്‍ സ്പെയിനില്‍ അരഗേണില്‍ തോരെ ഹോര്‍മോസെയിനില്‍ പെന്തകുസ്ത തിരുനാള്‍ ദിവസം ജനിച്ചു. സ്പാനിഷ് ഭാഷയില്‍ പെന്തകുസ്ത തിരുനാള്‍ പരിശുദ്ധാത്മാവിന്റെ പാസ്ക്ക് എന്നാണ് അറിയപ്പെടുന്നത്. അതിനാല്‍ പാസ്ക്കല്‍ എന്ന പേര് ശിശുവിന് നല്കി. ഭക്തരായ മാതാപിതാക്കന്മാര്‍ ശിശുവിനെ ആദ്യം പഠിപ്പിച്ച വാക്കുകള്‍ ഈശോ, മറിയം,യൌസേപ്പ് എന്നായിരിന്നു. കുഞ്ഞിനെ അമ്മ ആദ്യം പള്ളിയിലേക്ക് കൊണ്ട് പോയ ദിവസം അവന്‍ മുഴുവന്‍ സമയവും സക്രാരിയിലേക്ക് നോക്കിയിരിന്നുവെന്ന് പറയപ്പെടുന്നു. ഭാവിയില്‍ സക്രാരിയോടുണ്ടാകാന്‍ പോകുന്ന സ്നേഹമൊക്കെ ആ പ്രഥമസന്ദര്‍ശനത്തില്‍ തന്നെ പ്രകടമാക്കി.
എട്ട് വയസ്സു മുതല്‍ അവന്‍ തന്റെ പിതാവിന്റെ ആടുകളെ മേയ്ക്കാന്‍ തുടങ്ങി. അവന്റെ വടിയുടെ പിടിയില്‍ ദൈവമാതാവിന്റെ ഒരു സ്വരൂപം കൊത്തിയിരിന്നു. ആടുകളെ മെയ്ക്കുമ്പോള്‍ അവന്റെ ചിന്ത ഇടവക പള്ളിയിലേ സക്രാരിയിലേക്ക് താനേ തിരിഞ്ഞു പോയിരിന്നു. ആടുകള്‍ മേച്ചില്‍ സ്ഥലത്തെത്തിയാലുടനെ വടി ഒരു സ്ഥലത്ത് കുത്തി നിര്‍ത്തും. അത് അവന്റെ ഒരു കൊച്ചു പള്ളിയായി.
ദിവസം തോറും പാസ്ക്കല്‍ വി.കുര്‍ബാന കണ്ടിരിന്നു. ഒരിക്കല്‍ അവന്‍ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോള്‍ വിശുദ്ധ കുര്‍ബാനയ്ക്കുള്ള മണി അടിക്കുന്നത് കേട്ടു. അപ്പോള്‍ അവന്‍ തീവ്രമായ ഭക്തിയോടെ അപേക്ഷിച്ചു; “കര്‍ത്താവേ ഞാന്‍ അങ്ങയെ കാണട്ടെ” ഉടനെ ഒരു പ്രകാശം വീശുന്നതും ഒരു സ്വര്‍ണ്ണ കാസയുടെ മേല്‍ തിരുവോസ്തി ഉയര്‍ന്ന് നില്‍ക്കുന്നതും പസ്ക്കല്‍ ദര്‍ശിച്ചു. ഈ ദൃശ്യാനുഭവം പാസ്ക്കലിനെ ഫ്രാന്‍സിസ്ക്കന്‍ സഭയിലേക്ക് ആനയിച്ചു.
ഒരു സന്യാസസഹോദരനെന്ന നിലയില്‍ മാതൃകാപരമായിരിന്നു അദ്ദേഹത്തിന്റെ ജീവിതം. ദരിദ്രരോട് ക്രിസ്തുനാഥനോടെന്ന പോലെ അദ്ദേഹം വര്‍ത്തിച്ചു. ആശ്രമശ്രേഷ്ട്ടന്‍ ഇങ്ങനെ ഒരിക്കല്‍ പ്രസ്താവിക്കുകയുണ്ടായി: “ഇത്ര ശാന്തശീലനും കഠിനഹൃദയനുമായ വേറെയോരാളെ ഞാന്‍ കണ്ടിട്ടില്ല. മറ്റുള്ളവരോട് അദ്ദേഹം മധുരമായി പെരുമാറും. തന്നോടു തന്നെ എത്രയും കഠിനമായി പ്രവര്‍ത്തിക്കും”.
സക്രാരിയുടെ മുന്‍പില്‍ പലപ്പോഴും അദ്ദേഹത്തെ സമാധിയിലാണ് ദര്‍ശിച്ചിരിന്നത്. ദിവ്യപൂജക്ക് ശുശ്രൂഷിക്കാനുള്ള പാസ്ക്കലിന്റെ താത്പര്യം നിമിത്തം ചില ദിവസങ്ങളില്‍ എട്ടും പത്തും ദിവ്യപൂജയ്ക്ക് ശുശ്രൂഷിച്ചിരിന്നു. ഫ്രാന്‍സില്‍ ഹ്യൂഗനോട്ട്സ് വി.കുര്‍ബാനയോട് പ്രദര്‍ശിപ്പിച്ചിരിന്ന അനാദരവ് നേരിട്ടു മനസ്സിലാക്കിയ പാസ്ക്കല്‍ ഫ്രാന്‍സില്‍ നിന്നു മടങ്ങി വന്നപ്പോള്‍ അദ്ദേഹത്തിന്റെ ദിവ്യകാരുണ്യ ഭക്തി ഒന്നു കൂടി വര്‍ദ്ധിപ്പിച്ചു. 1592-ലെ പെന്തകുസ്ത ദിവസം ആശ്രമത്തിലെ പ്രധാന ദിവ്യപൂജയുടെ സമയത്ത് തിരുവോസ്തി ഉയര്‍ത്തിയ വേളയില്‍ ആ ദിവ്യബലിയോട് ചേര്‍ന്ന് പാസ്ക്കലിന്റെ ആത്മാവും സ്വര്‍ഗ്ഗത്തിലേക്കുയര്‍ന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group