തലക്കെട്ടു നല്‍കാനാകുന്നില്ല ഈ വാര്‍ത്തയ്ക്ക്’ എന്ന കുറിപ്പോടെ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത (സെപ്തംബര്‍ 8) മനസിനെ കുത്തിനോവിക്കുന്നതാണ്.
വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടു വയസുകാരിയെ,മുപ്പത്താറുകാരന്‍ അര്‍ദ്ധരാത്രി തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പോലിസ് പിടികൂടിയെങ്കിലും ഇതു പോലുള്ള അതിക്രമങ്ങള്‍ പെരുകുന്നതായി ഈ പത്രത്തില്‍ തന്നെയുള്ള മറ്റു ചില വാര്‍ത്തകളും സൂചിപ്പിക്കുന്നു.
കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പീഡനത്തിലൂടെയും മറ്റും കൊലചെയ്യപ്പെട്ടത് 214 കുട്ടികളാണ്. 2016 മെയ് മുതല്‍ 2023 മെയ് വരെ കുട്ടികള്‍ക്കെതിരായുള്ള അതിക്രമങ്ങളുടെ എണ്ണം 31364 ആണ്. കഴിഞ്ഞ വര്‍ഷം 4582 പോക്‌സോ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുവെന്നാണ് ബാലാവകാശ സംരക്ഷണ കമ്മീഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇക്കാലയളവില്‍ മാത്രം കുട്ടികള്‍ക്കു നേരെ 9604 ലൈംഗിക അതിക്രമങ്ങളും നടന്നതായിട്ടാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യാത്തവ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതിനേക്കാളധികം അതിക്രമങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് നമ്മെളെ ഭയപ്പെടുത്തട്ടെ
പത്രവാര്‍ത്തകളില്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടു ന്നതുകൊണ്ടാകണം നമുക്കിതൊക്കെയും പുതുമയില്ലാത്തതായി. ആലുവായിലുണ്ടായി, നെടുമങ്ങാട് ഉണ്ടായി എന്നൊക്കെ പറഞ്ഞ് നമ്മള്‍ വാര്‍ത്തകളെ തമസ്‌കരിക്കുമ്പോള്‍ നാളെ ഇത്തരം സംഭവങ്ങള്‍ നമ്മുടെ വീട്ടിലേക്കും കയറിവരാം എന്നത് മറക്കാതിരിക്കാം. അന്ന് ഭയന്ന് കരയാതിരിക്കാന്‍ ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളെ സംരക്ഷിക്കാന്‍ ഇന്നുതന്നെ മുന്നിലേക്കിറങ്ങുക എന്നതാണ് അനിവാര്യമായ കാര്യം.
ഈ സംഭവങ്ങളെ ആഴത്തില്‍ ഉള്‍ക്കൊള്ളുമ്പോള്‍ മനസിലാക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ ഇവയാണ്:
കുട്ടികള്‍ക്കോ, മുതിര്‍ന്നവര്‍ക്കോ എതിരെ ലൈംഗിക അതിക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പലതരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ട്. അവരില്‍ പലരും ചെറുപ്പത്തിലേ ദുരുപയോഗിക്കപ്പെട്ടവരോ, അശ്ലീല വീഡിയോകള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമപ്പെട്ടവരോ ആണ്. നിയന്ത്രണമില്ലാത്ത വിധം പോണോഗ്രാഫിക് ചിത്രങ്ങളുടെ ലഭ്യത വര്‍ധിച്ചതും അതിക്രമങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമായി എന്നാണ് വിദഗ്ദരുടെ അഭിപ്രായം
മൊബൈല്‍ ഫോണിന്റെ കൃത്യമായ ഉപയോഗം നിര്‍ബന്ധമായും കുട്ടികളെ പഠിപ്പിക്കണം. ഒപ്പം മക്കള്‍ സ്‌കൂളിലല്ലാതെ എവിടെയൊക്കെ പോകുന്നുണ്ട്, അവിടെ എന്തായിരുന്നു പ്രോഗ്രാം, ആരൊക്കെ അതില്‍ സംബന്ധിച്ചു, കുഞ്ഞുങ്ങള്‍ എപ്പോള്‍ മടങ്ങിയെത്തി,മക്കളുടെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്, അവരെ തേടി ആരെല്ലാം വരുന്നു എന്നെല്ലാം മുതിര്‍ന്നവർ അറിഞ്ഞിരിക്കേണ്ടതും അനിവാര്യം തന്നെ.
സഹോദരനെ കൊല്ലണമെന്ന ചിന്തയുമായ് മല്‍പിടുത്തം നടത്തിയ കായേന്, ദൈവം നല്‍കിയ താക്കീതിന്റെ വാക്കുകള്‍ക്ക് കാലങ്ങള്‍ക്കിപ്പുറം പ്രസക്തിയുണ്ട്.
‘പാപം വാതില്‍ക്കല്‍ പതിയിരിപ്പുണ്ട്.
അതു നിന്നില്‍ താത്പര്യം വച്ചിരിക്കുന്നു;
നീ അതിനെ കീഴടക്കണം’ (ഉല്‍പത്തി 4 : 7)
വീട്ടിലുള്ളപ്പോഴും വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോഴും നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരാകട്ടെ. അവര്‍ തിന്മയില്‍ നിപതിക്കാതിരിക്കാനും തിന്മയിലേക്ക് നയിക്കപ്പെടാതിരിക്കാനും പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്യാം.
കടപ്പാട് : ഫാദര്‍ ജെന്‍സണ്‍ ലാസലെറ്റ്
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group